ന്യൂദല്‍ഹി: ഓഗസ്റ്റ് അഞ്ചിന് കശ്മീരിലും ഇന്ത്യയുടെ വിവിധയിടങ്ങളിലും പാക്കിസ്ഥാന് ചാരസംഘടന ഐഎസ്ഐയുടെ ഒത്താശയില്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്നു 370ാം വകുപ്പ് റദ്ദാക്കിയതിന്റെ ഒന്നാംവാര്‍ഷികമാണ് ഓഗസ്റ്റ് 5. ഒപ്പം, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയിലെ ഭൂമിയില്‍ രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജയും ഓഗസ്റ്റ് അഞ്ചിനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം വിവിഐപികള്‍ പങ്കെടുക്കുന്ന ചടങ്ങിന് അതീവസുരക്ഷ ഒരുക്കാനാണ് നിര്‍ദേശം. ഓഗസ്റ്റ് അഞ്ചിന് അതിര്‍ത്തി വഴി തീവ്രവാദികളെ എത്തിച്ച് കശ്മീരില്‍ ഭീകരാക്രമണത്തിനാണ് പാക്കിസ്ഥാന് പദ്ധതിയിടുന്നത്.
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രധാന തീരുമാനമായിരുന്നു ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്. അതിന്റെ ഒന്നാം വാര്‍ഷികം കേന്ദ്രസര്‍ക്കാര്‍ ഏറെ പ്രാധാന്യത്തോടെയാണു കാണുന്നതും. രാജ്യത്താകമാനം പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന ഘടകങ്ങള്‍ക്കു ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഓഗസ്റ്റ് അഞ്ച് കരിദിനമായി ആചരിക്കണമെന്നാണു പാക്കിസ്ഥാന്റെ തീരുമാനം. പാക്കിസ്ഥാന് ചാരസംഘടനയാണ് ഇത്തരം പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പാക്കിസ്ഥാന്റെ നീക്കങ്ങള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളും സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നു.
കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കെതിരെ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാന്‍ എല്ലാ പാക്കിസ്ഥാന് എംബസികള്‍ക്കും ഹൈക്കമ്മിഷനുകള്ക്കും പാക്ക് ഭരണനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ‘കരിദിനം’, ‘കശ്മീര്‍’ എന്നീ വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡുകള്‍ സൃഷ്ടിക്കാനാണ് പാക്കിസ്ഥാനിലെ സോഷ്യല്‍ മീഡയ ഗ്യാങ്ങുകളുടെ നീക്കം.
അതേസമയം, ഓഗസ്റ്റ് അഞ്ചു മുതല്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പതിനഞ്ചുവരെ രാജ്യത്തെ അസ്വസ്ഥമാക്കാന്‍ പാക്കിസ്ഥാന് പദ്ധതിയിടുന്നെന്ന് മറ്റൊരു റിപ്പോര്‍ട്ടും കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ട്. സുപ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ചാവേര്‍ ആക്രമണത്തിനാണ് സാധ്യത കൂടുതലെന്നും സൂചനയുണ്ട്. പ്്രശസ്തമായ ഹിന്ദു ആരാധാനാലയങ്ങള്‍ക്കു കനത്ത സുരക്ഷ നല്‍കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: