രാജ്യത്തെ ഇരട്ട നഗരങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഹരിയാനയിലെ അംബാല. നമ്മുടെ പ്രതിരോധ സേനയ്ക്ക് ശക്തികൂട്ടുന്ന റഫാല്‍ യുദ്ധവിമാനങ്ങളെ അംബാല ആവേശത്തോടെയാണ് വരവേറ്റത്. ഫ്രാന്‍സുമായി കരാര്‍ ഉറപ്പിച്ച 36 റഫാല്‍ യുദ്ധവിമാനങ്ങളിലെ ആദ്യത്തെ അഞ്ചു വിമാനങ്ങളെത്തിയപ്പോള് അഭിമാനത്തോടെ സ്വാഗതം ചെയ്തതില്‍ പ്രധാനമന്ത്രിയുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മാത്രമല്ല മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും ആവേശത്തോടെയാണ് റഫാല്‍ വിമാനങ്ങളെ വരവേറ്റത്. അതിനെക്കാള്‍ ഏറെ പ്രതിരോധസേനയും കോടാനുകോടി ദേശസ്നേഹികളും റഫാലില്‍ നല്ല പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നത്. പഞ്ചാബിനോട് ചേര്‍ന്നുനില്‍ക്കുന്ന അംബാല സൈനികരുടെ അഭിമാന നഗരമാണെന്നു പറയാം. കരസേനയുടെയും വ്യോമസേനയുടെയും സജീവസാന്നിദ്ധ്യവും സജ്ജീകരണവും അംബാലയിലുണ്ട്. അതുകൊണ്ടുതന്നെയാണ് റഫാലിനെ അംബാലയില്‍ എത്തിച്ചത്
ഇരുപത് വര്‍ഷം മുമ്പ് റഫാല്‍ വിമാനത്തിന്റെ അനിവാര്യതയെക്കുറിച്ച് രാജ്യം ചിന്തിച്ചിരുന്നു. അന്ന് വാജ്പേയി സര്‍ക്കാരാണ് രാജ്യം ഭരിച്ചിരുന്നത്. ബഹുവിധ ചര്‍ച്ചകള്‍ തുടരവെ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി. 2008 ല്‍ കരാറില്‍ ഏര്‍പ്പെടുന്ന സമയത്ത് എ.കെ. ആന്റണിയായിരുന്നു പ്രതിരോധമന്ത്രി. അന്നു ചില കേന്ദ്രങ്ങള്‍ വിലപേശലിനെക്കുറിച്ച് ചിന്തിച്ചതാണ് യുദ്ധവിമാനത്തിന്റെ വഴിമുടക്കിയത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ പ്രതിരോധസേനക്ക് പ്രഹരശേഷി കൂട്ടണമെന്ന ആവശ്യം ശക്തമായി. യുപിഎ സര്‍ക്കാര്‍ 126 യുദ്ധവിമാനങ്ങള്‍ വാങ്ങാനായിരുന്നു ആലോചിച്ചിരുന്നത്. ആയുധക്കോപ്പുകളൊന്നുമില്ലാത്ത ആദ്യ ആലോചന മാറ്റിവച്ചശേഷം, സര്‍വ്വസജ്ജമായ യുദ്ധവിമാനത്തിന് ഒടുവില്‍ മോദി സര്‍ക്കാരാണ് കരാറുണ്ടാക്കിയത്. ഇതിനെ തകിടം മറിക്കാന്‍ കോണ്‍ഗ്രസ്സും മറ്റ് പ്രതിപക്ഷ നേതാക്കളും പറ്റാവുന്ന പണിയെല്ലാം നോക്കി. അഴിമതി ആരോപണങ്ങള്‍ പോലും ഉയര്‍ത്തി. കരാര്‍ ജോയിന്റ് പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ശക്തമായ വാദമുയര്‍ത്തി. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് മുന്നില്‍ പരാതിയുമായി ഒരുപറ്റം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെത്തി. അതിനും പുറമെ സുപ്രീം കോടതിയെയും സമീപിച്ചു. എല്ലാ പ്രതിബന്ധങ്ങളെയും വിജയകരമായി മറികടന്നാണ് ജനങ്ങളാഗ്രഹിക്കുന്ന, സൈന്യം പ്രതീക്ഷിച്ച യുദ്ധവിമാനം വാങ്ങാനുള്ള പരിശ്രമം ഫലവത്തായത്. റഫാല്‍ സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ വന്നു. ലളിതമായി പറഞ്ഞാല്‍ പ്രധാനമന്ത്രി അനാവശ്യ കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ല. റഫാല്‍ ഇന്ത്യയ്ക്ക് ലഭ്യമാക്കുക എന്ന ഒറ്റക്കാര്യത്തില്‍ മാത്രം അദ്ദേഹം ശ്രദ്ധിച്ചു. ശക്തമായി ഇടപെട്ടു. തടസ്സങ്ങളെല്ലാം നീക്കി. പ്രധാനമന്ത്രി ഇത്തരത്തില്‍ ഇടപെട്ടത് ഭാഗ്യമാണെന്നു കരുതണമെന്നാണ് സൈനിക വൃത്തങ്ങള്‍ വിലയിരുത്തുന്നത്. ഇല്ലെങ്കില്‍ റഫാല്‍ നമുക്ക് ലഭിക്കുമായിരുന്നില്ല. കരുത്തുറ്റ, വ്യക്തമായ നിലപാടുകളാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തത്.
യുപിഎ ആലോചിച്ച കരാറും ഒടുവിലത്തെ കരാറും താരതമ്യം ചെയ്ത് പ്രശ്നം സൃഷ്ടിക്കാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജിക്കാര്‍ നല്ല പരിശ്രമം നടത്തിയതാണ്. പഴയ കരാറിലെ വിലയും ഇപ്പോഴത്തെ കരാറിലെ വിലയും താരതമ്യം ചെയ്യല്‍ കോടതിയുടെ ജോലിയല്ല. മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ഒരു അഭിമുഖത്തിന് ശേഷം ആണ് റഫാല്‍ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നത്. ഒരു വാര്‍ത്ത സമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ ഇടപാടിനെ കുറിച്ച് ഒരു ജുഡീഷ്യല്‍ പരിശോധന സാധ്യമല്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, കെ.എം. ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ഇടപാടിനെ സംബന്ധിച്ച തീരുമാനം എടുത്ത പ്രക്രിയയില്‍ സംശയിക്കത്തക്ക ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഇന്ത്യന്‍ പങ്കാളിയെ തിരഞ്ഞെടുത്തതില്‍ ആര്‍ക്കെങ്കിലും പ്രത്യേക സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമം നടന്നതായി കരുതാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് നാല്, അഞ്ച് തലമുറ യുദ്ധ വിമാനങ്ങള്‍ വേണം എന്ന മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥരുടെ ആവശ്യത്തിനാണ് അതോടെ അംഗീകാരമായത്.
‘കാവല്ക്കാരന് കളവ് നടത്തിയെന്ന്’സുപ്രീംകോടതി അംഗീകരിച്ചെന്ന പരാമര്‍ശത്തില്‍ മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായി കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീംകോടതിയിലെത്തിയിരുന്നു. രാഹുലിന്റെ വാദവും തെറ്റായ ഹര്‍ജികളും തള്ളിയതോടെയാണ് പരമപ്രധാനമായ റഫാല്‍ സ്വന്തമാക്കാന്‍ സാധിച്ചത്. റഫാല്‍ സ്വന്തമാകുന്ന സമയത്തിനും ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യന്‍ മണ്ണ് സ്വന്തമാക്കാന്‍ ചൈനയും രാജ്യത്തിനകത്തും അതിര്‍ത്തിയിലും നിരന്തരം സംഘര്‍ഷമുണ്ടാക്കാന്‍ പാക്കിസ്ഥാനും ശ്രമിക്കുന്നുണ്ട്. അവര്‍ക്കെല്ലാം നല്‍കാനുള്ള താക്കീതാണ് റഫാലിന്റെ വരവെന്നതില് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: