കണ്ണൂര്‍: അടച്ചിടല്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട വിവിധ തുറകളിലുള്ളവര്‍ക്ക് സര്‍ക്കാരും സന്നദ്ധ സംഘടനകളും സഹായങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരും ശ്രദ്ധിക്കാതെ പോയ ദിവസ വേതന അധ്യാപകര്‍ക്ക് അടിയന്തിരമായി സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് എന്‍ടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ദിവസവേതനക്കാരായി വിദ്യാലയങ്ങളില്‍ ജോലി ചെയ്തുവരുന്ന അധ്യാപകര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞക്കാലത്തും നിത്യവൃത്തിക്ക് കഷ്ടപ്പെടുകയാണ്. സംസ്ഥാനത്ത് പതിനായിരക്കണക്കിന് അധ്യാപകരാണ് താത്ക്കാലിക ജോലിക്കാരായുളളത്. സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആശ്വാസധനം പ്രഖ്യാപിച്ചെങ്കിലും താത്ക്കാലിക അധ്യാപകരുടെ കാര്യം പരിഗണിച്ചില്ല. ഇതോടൊപ്പം എക്കണോമിക് വിദ്യാലയങ്ങളിലെയും അണ് എയ്ഡഡ് വിദ്യാലയങ്ങളിലെയും അധ്യാപകര്‍ക്ക് ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്നും ദേശീയ അധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു.
പാലത്തായി പീഡനക്കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചത് കമ്മിറ്റി സ്വാഗതം ചെയ്യുന്നു. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ കഴിയണം. അതേസമയം പെണ്‍കുട്ടിക്ക് നീതി ലഭിക്കുകയും വേണം. അധ്യാപകനെയും കുടുംബത്തെയും അപമാനിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ചില തീവ്രവാദി സംഘങ്ങള്‍ നിരന്തര ഇടപെടല്‍ നടത്തുന്നത് കണക്കിലെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മനോജ് മണ്ണേരി അധ്യക്ഷത വഹിച്ചു. എം.ടി. സുരേഷ് കുമാര്‍, സി.ഐ. ശങ്കരന്, കെ. മനോജ് കുമാര്‍, ബാബു ഇരിട്ടി, കെ. ദിലീഷ്, സി. പ്രമീള, പ്രശാന്ത് ബാബു കൈതപ്രം, മുരളീധരന് പയ്യന്നൂര്‍, രാജേഷ് തെരൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: