ആറ്റിങ്ങല്‍: പിടികിട്ടാപ്പുള്ളിയും കൂട്ടാളിയും പോലീസ് പിടിയില്‍. പതിനൊന്ന് വര്‍ഷമായി പോലീസിന്റെ പിടിയിലാവാതെ നടന്ന് കൊലപാതകം, പിടിച്ചുപറി, വധശ്രമം അടക്കം നിരവധി കേസുകളിലെ പ്രതിയായ പള്ളിപ്പുറം പുത്തന്‍ വീട്ടില്‍ ഷാനു എന്ന ഷാനവാസ് (34), കൂട്ടുപ്രതിയും മോഷണം അടക്കം നിരവധി കേസുകളിലെ പ്രതിയുമായ ചിറയിന്‍കീഴ് മുടപുരം എന്‍ഇഎസ് ബ്ലോക്കില്‍ പൂമംഗലത്ത് വീട്ടില്‍ ഫിറോസ്ഖാന് (32) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കര്‍ണാടക സ്വദേശിനിയായ ശാരദയെ വര്‍ക്കല കുരയ്ക്കണ്ണിയിലെ വാടകവീട്ടില്‍ അതിക്രമിച്ച് കടന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, വര്‍ക്കല കുരയ്ക്കണ്ണി കുറ്റിയാര്‍ന്ന വിളവീട്ടില്‍ ആമിന എന്ന സ്ത്രീയുടെ വീട്ടില്‍ കടന്ന് സ്വര്‍ണാഭരണങ്ങള്‍ അപഹരിച്ച് വധിക്കാന്‍ ശ്രമിച്ച കേസ്, കല്ലമ്പലത്ത് വെച്ച് ചാത്തമ്പറ കെ.പി ഭവനില്‍ അജിത്ത്കുമാറിന്റെ വാഹനം ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസ്, പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ റഹ്മത്തിന്റെയും മഷൂദിന്റെയും വീടും വാഹനവും തകര്‍ത്ത കേസ് എന്നിവയില്‍ മുഖ്യ പ്രതികളായ ഇവരെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. നിലവില്‍ മംഗലപുരം, വര്‍ക്കല, കല്ലമ്പലം, ചിറയിന്‍കീഴ്, കഴക്കൂട്ടം, കൊട്ടാരക്കര പോലീസ് സ്റ്റേഷന് പരിധികളിലെ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായവര്‍.
2003 ല്‍ മംഗലാപുരത്ത് വെച്ച് പ്രസാദ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷാനുവിനെ പിടികിട്ടാപ്പുള്ളിയായി പോലീസ് പ്രഖ്യാപിച്ചിരുന്നു. 2009 ലെ കഴക്കൂട്ടം സ്റ്റേഷനിലെ കേസിലും ഷാനുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നിരവധി മോഷണം പിടിച്ചുപറി കേസുകളില്‍ പ്രതിയായ ഫിറോസ് ഷാനുവിന്റെ കൂടെ നിരവധി കേസുകളിലെ കൂട്ടുപ്രതിയാണ്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.അശോകന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ്. വൈ. സുരേഷ്, കല്ലമ്പലം പോലീസ് ഇന്‍സ്പെക്ടര്‍ ഐ. ഫറോസ്, ചിറയിന്‍കീഴ് ഇന്‍സ്പെക്ടര്‍ രാഹുല്‍ രവീന്ദ്രന്, പ്രത്യേക അന്വേഷണ സംഘത്തിലെ ഫിറോസ്ഖാന്, ബിജു എ.എച്ച്., ബി. ദിലീപ്, ആര്. ബിജുകുമാര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: