പേട്ട: നഗരത്തിലെ മാലിന്യ വാഹിനിയായി മാറിയ ആമയിഴഞ്ചാന്‍ തോടിന്റെ വൃത്തിയാക്കല്‍ സമീപവാസികള്‍ക്ക് ഭീഷണിയാകുന്നു. റോഡ് തകര്‍ന്നതിന് പുറമെ സമീപത്തെ വീടുകളിലെ മതിലുകളും തകരുന്നനിലയിലായി. ഈ സ്ഥിതി തുടര്‍ന്നാല്‍ വീടുകള്‍ക്ക് വിള്ളലുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
വഞ്ചിയൂര്‍ ജംഗ്ഷന് മുതല്‍ പാറ്റൂര്‍ പണ്ടാരവിളാകം ഏറത്ത് ലെയ്ന്‍ ഭാഗങ്ങളില്‍ നടത്തിയ വൃത്തിയാക്കലിലാണ് ഭീഷണിയുയര്‍ന്നിരിക്കുന്നത്. ചപ്പുചവറുകള്‍ മാറ്റുന്നതിനൊപ്പം തോട്ടിലെ മണ്ണും കോരി മാറ്റിയതാണ് അപകടാവസ്ഥയ്ക്ക് വഴിയൊരുക്കിയത്. ജെസിബി ഉപയോഗിച്ചുള്ള വൃത്തിയാക്കലില്‍ തോടിന്റെ വശത്തെ സുരക്ഷാ ഭിത്തിയും റോഡും തകര്‍ന്നു. വൈദ്യുതിപോസ്റ്റുകളും ഏത് നിമിഷവും നിലം പതിക്കുമെന്ന നിലയിലാണ്.
ജൂണ്‍ 29ന് അത്തിയറ മഠം ദേവീ ക്ഷേത്രത്തിന് മുന്നിലാണ് വൃത്തിയാക്കലിന് തുടക്കമിട്ടത്. അന്ന് തോടിന്റെ സുരക്ഷാഭിത്തി ഇടിച്ചാണ് ജെസിബി തോട്ടിലേക്ക് ഇറക്കിയത്. തുടര്‍ന്ന് വൃത്തിയാക്കല്‍ നടത്തി കരാറുകാര്‍ പോയതോടെ ക്ഷേത്രത്തിന് മുന്നിലെ റോഡ് ഇടിഞ്ഞ് താഴുകയാണുണ്ടായത്. തുടര്‍ന്ന് ഇന്നലെ വരെ മൂന്നിടത്തായി 25 മീറ്ററോളം നീളത്തില്‍ റോഡ് തകര്‍ന്നു. 2017-18 ല്‍ ഡ്രെയിനേജ് പൈപ്പിടലുമായി ബന്ധപ്പെട്ട് ബജറ്റില്‍ അനുവദിച്ച 24.50 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മാണം നടത്തിയത്. ഒരുവര്ഷത്തിനിടയ്ക്കാണ് അശാസ്ത്രീയ വൃത്തിയാക്കലില്‍ റോഡ് തകര്‍ന്നത്.
റോഡിന്റെ തകര്‍ച്ചയോടെ അപകടാവസ്ഥയിലായ രണ്ട് വൈദ്യുതിപോസ്റ്റുകള്‍ സമീപത്തെ മറ്റ് മരങ്ങളില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുമില്ല. റോഡിന്റെ തകര്‍ച്ച രൂക്ഷമായാല്‍ വൈദ്യുതി പോസ്റ്റുകള്‍ നിലംപതിക്കുകയും വന്‍ അപകടത്തിന് വഴിയൊരുക്കുകയും ചെയ്യും. അതേസമയം വൃത്തിയാക്കല്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തോടിനുള്ളില്‍ ചപ്പുചവറുകള്‍ അടിഞ്ഞ് കൂടി. വൃത്തിയാക്കലിന്റെ ഭാഗമായി നാല് വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച സുരക്ഷാ കമ്പിവേലിയും തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: