അടിമാലി: ഇനിയും ശാപമോക്ഷമില്ലാതെ കല്ലാര്മാങ്കുളം റോഡ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റോഡിന്റെ റീ ടാറിംഗ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ കൃത്യമായി നടക്കാതെ വന്നതോടെയായിരുന്ന് റോഡിന്റെ തകര്‍ച്ച പൂര്‍ണ്ണമായത്.
കല്ലാര്‍ മാങ്കുളം റോഡ് നാട്ടുകാരുടെ നടുവൊടിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പതിനേഴ് കിലോമീറ്ററോളം വരുന്ന റോഡാണ് കാലങ്ങളായി പൂര്‍ണ്ണമായി അറ്റകുറ്റപ്പണികള്‍ നടത്താതെ തകര്‍ന്ന് കിടക്കുന്നത്. ബിഎംബിസി നിലവാരത്തില്‍ റോഡ് നിര്‍മ്മാണം നടക്കുമെന്ന പ്രഖ്യാപനം വന്നിരുന്നെങ്കിലും പിന്നീട് തുടര്‍ ജോലികളില്‍ പുരോഗതി ഉണ്ടായില്ല. ചികളത്സാ സംബന്ധമായ കാര്യങ്ങള്‍ക്കുള്‍പ്പെടെ പ്രദേശവാസികള്‍ക്കിത് വലിയ ബുദ്ധിമുട്ട് ജനിപ്പിക്കുന്നു. ഈ വഴി പിന്നിടാന്‍ ഒരു മണിക്കൂറെങ്കിലും നിലവില്‍ വേണം.
തകര്‍ന്ന് കിടക്കുന്ന റോഡ് മാങ്കുളത്തിന്റെ വിനോദ സഞ്ചാരമേഖലക്കും തിരിച്ചടിയാണ്. പലയിടത്തും പാതക്ക് മതിയായ വിസ്താരമില്ല.
ചെറു കലുങ്കുകള്‍ക്ക് പലതിനും വീതി വര്‍ധിപ്പിക്കേണ്ടതായുണ്ട്. കുണ്ടും കുഴിയും താണ്ടിയുള്ള യാത്രക്കിടയില്‍ വാഹനങ്ങള്‍ക്കുണ്ടാകുന്ന അറ്റകുറ്റപ്പണികള്‍ വാഹന ഉടമകള്‍ക്ക് അധിക ബാധ്യത വരുത്തുന്നു. ഗതാഗതയോഗ്യമായ റോഡെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും നാട്ടുകാരുടെ നടുവൊടിഞ്ഞുള്ള യാത്രക്കിനിയും പരിഹാരമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: