ദേശസ്നേഹികളെ വാര്‍ത്തെടുത്ത്, അതിലൂടെ രാജ്യത്തിന്റെ പുരോഗതി കൈവരിക്കാനുള്ള വഴി വെട്ടിത്തുറന്ന് കൊടുക്കുന്നതാവണം സര്‍വകലാശാലകള്‍ എന്നഭിപ്രായപ്പെട്ടത് മിസൈല്‍ മാന്‍ എന്ന് ആദരപൂര്‍വം സ്മരിക്കപ്പെടുന്ന മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാമാണ്. യുവജനങ്ങളോട് നിരന്തരം സ്വപ്നം കാണാനും അതിന്റെ ഊര്‍ജം ചവിട്ടുപടിയാക്കി ഉയരങ്ങള്‍ കീഴ്പ്പെടുത്താനും അദ്ദേഹം ജീവിതം കൊണ്ടു തന്നെയാണ് ആഹ്വാനം ചെയ്തത്. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ആ ധിഷണാശാലിയുടെ വിഭാവനത്തില്‍ നിന്ന് കാതങ്ങളോളം അകലെയാണ് രാജ്യത്തെ മിക്ക സര്‍വ്വകലാശാലകളും. കുപ്രസിദ്ധി ഏറെയുള്ള കാലിക്കറ്റ് സര്‍വകലാശാല അത്തരം കാര്യങ്ങളില്‍ ഏറെ മുമ്പില്‍ നില്ക്കുന്നു.
രാജ്യത്തിന്റെ ഭാവി ഭാഗധേയം ചുമലിലേറ്റേണ്ട യുവജനങ്ങള്‍ക്ക് കരുത്തും കര്‍മശേഷിയും അവബോധവും നല്‍കേണ്ട ഒരു സ്ഥാപനം വിഘടന വാദത്തിനും ക്ഷുദ്ര താല്‍പ്പര്യങ്ങള്‍ക്കും വിളനിലമാവുകയാണ്. ഇതഃപര്യന്തമുള്ള ആ കലാശാലയുടെ ചരിത്രം പരിശോധിച്ചാല്‍ അതു വളരെ നന്നായി വ്യക്തമാവും. ദേശദ്രോഹത്തിനു ചൂട്ടു പിടിക്കുന്ന സംഘങ്ങള്‍ക്ക് ചവിട്ടുനാടകം കളിക്കാനുള്ള വലിയൊരു വേദിയായി സര്‍വകലാശാല മാറിക്കഴിഞ്ഞു. രാജ്യത്തിന്റെ സ്വത്വം പോലും ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ അധഃപതിച്ചിരിക്കുന്നു. ദേശാഭിമാന പ്രചോദിതങ്ങളായ പരിപാടികള്‍ക്കും മറ്റും കനത്ത വിലക്കും ഭീഷണിയും ഉണ്ടാവുമ്പോള്‍ വിദ്രോഹ ശക്തികള്‍ക്ക് സൈ്വരവിഹാരത്തിന് തുറന്നുകൊടുക്കുകയും ചെയ്യുന്നത് കീഴ്വഴക്കമായിരിക്കുന്നു.
ഏറ്റവും ഒടുവില്‍ ആംഗലേയ സാഹിത്യ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ആസ്വാദനത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ട ലേഖനം ഇതിനകം വിവാദമായിക്കഴിഞ്ഞു. അരുന്ധതി റോയിയുടെ ‘കം സപ്തംബര്‍ ‘ എന്ന ലേഖന ഭാഗമാണ് ബിഎ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശദ്രോഹികള്‍ക്കും വിഘടനവാദ ശക്തികള്‍ക്കും മനസ്സറിഞ്ഞ് പിന്തുണ നല്കുന്ന അരുന്ധതി, 2002 ല്‍ അമേരിക്കയില്‍ ചെയ്ത പ്രസംഗ ഭാഗമാണ് ‘ അപ്രീസിയേഷന്‍ ‘വിഭാഗത്തില്‍ പെടുത്തി പഠിക്കാനായി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. നിരന്തരം ഭാരതത്തിനെതിരെ സംസാരിച്ച് ശത്രുക്കളുടെ കൈടി നേടുന്ന ഈ എഴുത്തുകാരിയുടെ സ്വതസിദ്ധമായ നിലപാടു തന്നെയാണ് പരാമര്‍ശിത ലേഖനത്തിലുമുള്ളത്.
അഫ്സല് ഗുരുവെന്ന രാജ്യദ്രോഹിയെ വിശുദ്ധനാക്കിയും കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി വാദിച്ചും അവിടത്തെ സൈനിക നടപടികളെ അങ്ങേയറ്റം അപലപിച്ചും രാഷ്ട്രാന്തരീയ തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന അരുന്ധതിയുടെ മനോനിലയിലേക്ക് യുവജനങ്ങളെ ആട്ടിത്തെളിക്കാനുള്ള ഗൂഢപദ്ധതിക്ക് ഈ പുസ്തകം വഴി സര്‍വകലാശാല വഴിമരുന്നിട്ടിരിക്കുകയാണ്. മുന്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗം സി.ആര്.മുരുകന് ബാബു,മുന്‍ ലീഗ് സിന്‍ഡിക്കേറ്റംഗം ഡോ: ആബിദാ ഫാറൂഖി എന്നിവര്‍ എഡിറ്റര്‍മാരായ സമിതിയാണ് പുസ്തകം തെരഞ്ഞെടുത്തത്.
മുമ്പ് ഭീകര നേതാവിന്റെ കവിത പഠിക്കാന്‍ തെരഞ്ഞെടുത്ത സംഭവത്തിന്റെ പിന്നണിയിലും ഇത്തരക്കാര്‍ തന്നെയായിരുന്നു. അല്‍ഖ്വയിദ ഭീകര നേതാവ് അല്‍ റുബായിഷിന്റെ കവിതയാണ് അന്ന് തെരഞ്ഞെടുത്തിരുന്നത്. ആകസ്മികമായി സംഭവിക്കുന്നതല്ല ഇത്തരം കാര്യങ്ങള്‍ എന്നതിന്റെ നേര്‍ക്കാഴ്ചയാണ് അരുന്ധതിയുടെ ലേഖനം തെരഞ്ഞെടുക്കുക വഴി നടന്നിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ കലാശാലകളില്‍ പ്രതിഷേധം പടര്‍ത്താന്‍ ആവശ്യമായ കോപ്പൊക്കെ ഒരുക്കിക്കൊടുക്കുകയും നേരിട്ട് സംഘര്‍ഷമുഖത്ത് എത്തുകയും ചെയ്ത ദല്‍ഹിയിലെ ജെഎന്‍യുവിന്റെ ശരിപ്പകര്പ്പിലേക്കുള്ള പ്രയാണത്തിലാണ് കാലിക്കറ്റ് സര്‍വകലാശാലയെന്നത് നിഷ്പക്ഷമതികളെയും ദേശസ്നേഹികളെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. പോരാളികളില്‍ വെടിമരുന്ന് നിറച്ചു കൊടുക്കാന്‍ പാകത്തില്‍ സൈദ്ധാന്തിക ഇടപെടല്‍ എത്രയോ കാലമായി അവിടെ നടമാടുകയാണ്. അതതു കാലത്തെ ഭരണകൂടങ്ങള്‍ അതൊക്കെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുകയും ചെയ്യാറുണ്ട്. അതിനാല്‍ തന്നെ ഒരു നടപടിയും ഉണ്ടാവാറില്ല. ഇതാണ് ഛിദ്ര ശക്തികള്‍ക്ക് വളമായത്.
വിഖ്യാത എഴുത്തുകാരും ചിന്തകരുമായ ഫ്രാന്‍സിസ് ബേക്കണ്‍, ആല്‍ബര്‍ട് കാമു, ചാള്‍സ് ലാംബ് എന്നിവര്‍ക്കൊപ്പമാണ് അരുന്ധതിയെയും എഡിറ്റര്‍മാര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സ്വാഭാവിക രീതികളില്‍ നിന്നകന്ന് രാജ്യത്തെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ബുദ്ധിജീവി എന്ന പരിവേഷമാണ് ബന്ധപ്പെട്ടവര്‍ക്ക് അരുന്ധതിയോടുള്ളത് എന്നിടത്താണ് അപകടം വാ പൊളിച്ചു നില്‍ക്കുന്നത്. അതിനാല്‍ തന്നെ ഇളം മുറക്കാര് ഇത്തരം അമ്ലാധിക്യ മനസ്കരുടെ കെണിയില്‍ പെട്ടുകൂട. കഴിവതും വേഗം അരുന്ധതിയുടെ ലേഖനം പിന്‍വലിച്ച് മാപ്പു പറയുകയും പ്രചോദനാത്മകമായ പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ശുപാര്‍ശ ചെയ്യുകയും വേണമെന്നാണ് പറയാനുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: