ഏഴെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൊടുപുഴ പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണപുരം ശാഖയിലെ ചില മുതിന്ന സ്വയംസേവകര്‍ എന്റെ വീട്ടില്‍ വരികയുണ്ടായി. അക്കൂട്ടത്തില്‍ ഞാന്‍ അതുവരെ പരിചയപ്പെടാത്ത അഥവാ എന്റെ ഓര്‍മയില്‍ നില്‍ക്കത്തക്കവിധം അടുത്തിടപഴകാത്ത ജയശങ്കറും ഉണ്ടായിരുന്നു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനില്‍ തന്റെ സേവനം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയെത്തിയിരിക്കയാണ്. പ്രസിദ്ധമായ പെരുമ്പിള്ളിച്ചിറ വാര്യത്തെ അംഗമാണദ്ദേഹം. വിശ്വഹിന്ദുപരിഷത്തിന് അവരുടെ ക്ഷേത്രം വര്‍ഷങ്ങള്‍ക്കു മുന്‍പ് സമര്‍പ്പിച്ച ഭവനമാണത്. സാക്ഷാല്‍ മാധവജി തന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെ വന്ന് ഭക്തജനങ്ങള്‍ക്കു ക്ഷേത്രദര്‍ശനത്തെയും ആരാധനയെയും പറ്റി ക്ലാസ് എടുത്തിട്ടുണ്ട്. ചിന്മയാ മിഷനിലെ സ്വാമി വേദാനന്ദ സരസ്വതിക്കാണ് ആദ്യം ക്ഷേത്രം സമര്‍പ്പിക്കപ്പെട്ടത്. ഏതാനും വര്‍ഷക്കാലം അദ്ദേഹം ആ ക്ഷേത്രം പരിപാലിച്ച് അഭിവൃദ്ധിയുടെ മാര്‍ഗത്തിലേക്കു കൈപിടിച്ചു കൊണ്ടുവന്നു. ചിന്മയാനന്ദ സ്വാമിജിതന്നെ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. വേദാനന്ദ സരസ്വതി സ്വാമി ക്ഷേത്രം വിശ്വഹിന്ദു പരിഷത്തിനെ ഏല്‍പ്പിച്ചു പുതിയ സ്ഥലത്തേക്കു പോകുകയായിരുന്നു.
മലയാള സാഹിത്യരംഗത്തെ തുല്യതയില്ലാത്ത വിധത്തില്‍ നിശ്ശബ്ദനായി പരിപോഷിപ്പിച്ച എസ്. ചന്ദ്രശേഖരവാര്യരും അതേ വാര്യത്തെയംഗമാണ്. കേരള ആയുര്‍വേദ വകുപ്പിന്റെ തലവനായിരുന്ന ആര്‍.ബി. വാര്യരും, ഇന്ന് ആയുര്‍വേദ സ്‌പോര്‍ട്‌സ് ചികിത്സാ വിദഗ്‌ദ്ധനായ സതീശ് വാര്യരും അതേ വാര്യത്തെയാണ്. ജയശങ്കര്‍ റോഡ് നിര്‍മാണ രംഗത്തെ വിദഗ്‌ദ്ധനാണ്. ഇന്നു ഹിമാലയന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നടന്നുവരുന്ന, ഭാരതത്തിലെ മുഴുവന്‍ ജനങ്ങളെയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആ മൂവായിരത്തോളം കിലോമീറ്ററില്‍ അദ്ദേഹത്തിന്റെ കാല്‍പെരുമാറ്റം അറിയാത്ത സ്ഥലമുണ്ടാവില്ല.
ബംഗ്ലാദേശിലും ശ്രീലങ്കയിലും മ്യാന്‍മറിലും റോഡുനിര്‍മാണച്ചുമതലകളുമായി ഭാരത സംഘത്തിനൊപ്പം പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രിയ പിതാവും അതേ വകുപ്പില്‍ പ്രവര്‍ത്തിച്ച് വിടുതല്‍ വാങ്ങിയ ആളാണ്. അടല്‍ബിഹാരി വാജ്‌പേയി, ജനതാ മന്ത്രിസഭാക്കാലത്ത് വിദേശവകുപ്പു മന്ത്രിയായിരുന്നപ്പോഴായിരുന്നു ഭാരതത്തിന്റെ വിദേശനയം ചലനാത്മകമായത്. പില്‍ക്കാലത്ത് പ്രസിദ്ധമായ ‘കിഴക്കു നോക്കി നയ’ (ലുക്ക് ഈസ്റ്റ് പോളിസി)ത്തിന്റെ തുടക്കമതായിരുന്നു. അതനുസരിച്ച് ആ രാജ്യങ്ങളുമായി സമ്പര്‍ക്കം ചടുലമാക്കാന്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഭാരതം, ബര്‍മ്മ, സിലോണ്‍ എന്നീ രാജ്യങ്ങള്‍ ഉള്‍ക്കൊണ്ടതായിരുന്നു ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യം. അതിനു പുറമെ നേപ്പാളും തിബത്തും ഉറ്റബന്ധമുള്ള രാജ്യങ്ങള്‍ തന്നെ. അതിനാല്‍ ആ രാജ്യങ്ങളിലെ റോഡുനിര്‍മാണത്തിന്റെ ചുമതല പിന്നീടും ഭാരതം വഹിച്ചുവന്നു. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അവിടെയും ജയശങ്കറിനും പാര്‍ട്ടിക്കും പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. സേവന വിമുക്തനായശേഷം ശാഖാ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ ഏക പുത്രന്‍ ധനഞ്ജയന്റെ വിദ്യാഭ്യാസാദികാര്യങ്ങള്‍ക്കുമായി മുഴുവന്‍ സമയവും മാറ്റിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച പ്രിയ പുത്രന്‍ പരലോക പ്രാപ്തനായതിന്റെ വാക്കുകള്‍ക്കതീതമായ വൈവശ്യത്തില്‍ അദ്ദേഹത്തെ കാണാന്‍ പോയിരുന്നു.
ജന്മനാ അസ്ഥികള്‍ക്കും മാംസപേശികള്‍ക്കും ദൗര്‍ബല്യമുണ്ടായിരുന്നതിനാല്‍ സാധാരണ ശൈശവ ബാല്യങ്ങള്‍ അനുഭവിക്കാന്‍ ധനഞ്ജയനു കഴിഞ്ഞിരുന്നില്ല. അതേസമയം ബുദ്ധിശക്തിയും വിവേചനശേഷിയും അദ്ഭുതകരമായിരുന്നുതാനും. കാര്യഗ്രഹണ കാര്യത്തില്‍ ഏകപാഠിയായിരുന്നു. ഏതു കാര്യവും ഒറ്റത്തവണ കേള്‍ക്കുകയോ വായിക്കുകയോ ചെയ്താല്‍ കാണാപ്പാഠമായി. മകന്റെ കാര്യങ്ങളില്‍ മുഴുവന്‍ ശ്രദ്ധ നല്‍കാനായി അച്ഛനുമമ്മയും വേറെ മക്കള്‍ വേണ്ടെന്നു നിശ്ചയിച്ചു. വീടിനടുത്തുള്ള സാന്ദീപനി ശിശുമന്ദിരത്തില്‍ പ്രാഥമിക പാഠങ്ങളും, തുടര്‍ന്ന് തൊടുപുഴ സരസ്വതി വിദ്യാ മന്ദിരത്തില്‍ ഹൈസ്‌കൂള്‍ പഠനവും പൂര്‍ത്തിയാക്കി കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പ്ലസ്ടു കഴിഞ്ഞത്. (സിബിഎസ്ഇ)
സ്വയം നടക്കാന്‍ കഴിയാത്ത ആ കുട്ടിക്കു മുഴുവന്‍ നീക്കങ്ങള്‍ക്കും പരസഹായം വേണ്ടിയിരുന്നു. സംഘത്തിന്റെ പരിപാടികള്‍ക്ക് പങ്കെടുക്കാന്‍ അച്ഛന്‍ കൊണ്ടുവരുമായിരുന്നു. ജയശങ്കര്‍ജിയെ പരിചയപ്പെട്ടു സംപദയില്‍ സ്വയം സേവകര്‍ നിരന്നാല്‍ അച്ഛന്‍ എടുത്തുകൊണ്ടുവന്ന് കസാലയില്‍ ഇരുത്തുമായിരുന്നു. ഒരിക്കല്‍ എന്റെ അടുത്ത കസാലയിലാണ് ഇരുന്നത്. ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെക്കുറിച്ച് സാമാന്യ വിവരമുണ്ടെന്നു മനസ്സിലായി. ചില സന്ദര്‍ഭങ്ങളില്‍ ഗീതങ്ങള്‍ പാടുമായിരുന്നു. സംഗീതവാസന ആ കുടുംബാംഗങ്ങള്‍ക്ക് സ്വാഭാവികമാണെന്നു തോന്നുന്നു. എട്ടു പതിറ്റാണ്ടുകള്‍ക്കപ്പുറം എന്നെ എഴുത്തിനിരുത്തിയ ആശാന്‍ അവരുടെ കുടുംബത്തിലെ തന്നെ അംഗമായിരുന്ന ഒരു വാര്യര്‍ സാര്‍ ആയിരുന്നു. എന്റെ അമ്മായിമാരെ സംഗീതം പഠിപ്പിക്കാന്‍ അദ്ദേഹം വീട്ടില്‍ വരുമായിരുന്നു.
ധനഞ്ജയ് ഓരോരോ അവസരം വരുമ്പോള്‍ അതിന്റെ വേരുകള്‍ തേടി പോകുകയും ശാസ്ത്രശുദ്ധിയെ ചിന്തനം ചെയ്യുകയും ശീലമായിരുന്നുവത്രേ. യുക്തിഭദ്രമല്ല എന്ന് തനിക്കു തോന്നിയ കാര്യങ്ങള്‍ അച്ഛനോടു പറയുമായിരുന്നു. പ്ലസ്ടു മികച്ച മാര്‍ക്കോടെയാണ് ജയിച്ചത്. സഹപാഠികളുടെ മുഴുവന്‍ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിച്ചാണ് പഠനം നടത്തിയത്. സ്‌കൂള്‍ അധികൃതരും സഹപാഠികളും എല്ലാ സഹകരണങ്ങളും നല്‍കി.
പ്ലസ്ടു കഴിഞ്ഞപ്പോള്‍ വിദ്യാലയത്തില്‍ പോകാനുള്ള വൈമനസ്യം മൂലം വീട്ടില്‍ ഇരുന്ന് സ്വയം പഠിക്കാനുള്ള വിഷയവും മാര്‍ഗവും ചികഞ്ഞെടുത്തു നിര്‍ണയിച്ചിരുന്നു. തന്നെപ്പോലെയുള്ള സ്ഥിതിയില്‍ തന്നെ ജീവിതവിജയം നേടിയ ചിലരുമായി പരിചയം നേടുകയും ആശയവിനിമയം ആരംഭിക്കുകയും ചെയ്തു. അങ്ങനെ കൊല്ലത്ത് ഒരു ബാങ്ക് ജീവനക്കാരനായ ദേവേശുമായി സൗഹൃദം നേടി. അദ്ദേഹത്തെ നേരില്‍ കാണാന്‍ അച്ഛനുമൊത്ത് പോയി, സംസാരിച്ച വാക്കുകളെക്കാള്‍ ഹൃദയത്തിന്റെ ഭാഷ പകര്‍ന്നു. ബാങ്കിലെ മറ്റു ജീവനക്കാരുമായും സൗഹൃദം സ്ഥാപിച്ചു തിരിച്ചുവന്നു.
പുതിയ പഠനസരണിക്കനുസൃതമായ വിധത്തിലുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചുകൊണ്ടുള്ള വീട് ജയശങ്കര്‍ജി പണിയാരംഭിച്ച് ഏതാണ്ട് അന്തിമഘട്ടത്തിലെത്തിയിരുന്നു. തുടര്‍പഠനത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായ പേപ്പറുകള്‍ തയ്യാറാക്കി ഉറങ്ങാന്‍ കിടന്നു. പക്ഷേ ഉണര്‍ന്നില്ല. അവരുടെ ബന്ധുവായ ഡോ. ജീവരാജ് സി. വാര്യര്‍ ഔഷധപരിചരണങ്ങള്‍ നടത്തി. ഒരു സവിശേഷതയുമില്ലാത്ത തികച്ചും സ്വാഭാവികമരണമായിരുന്നുവെന്ന് ഡോ. ജീവരാജ് പറഞ്ഞു.
വീട്ടിനുള്ളില്‍ എല്ലായിടത്തും സഞ്ചരിക്കാവുന്ന തരത്തില്‍ റാമ്പുകളും വാതില്‍പ്പടികളും നിര്‍മിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനിടെ ധനഞ്ജയന്‍ അവയൊന്നും ആവശ്യമില്ലാത്ത ലോകത്തേക്കുപോയപ്പോള്‍ അവയെ നോക്കി നെടുവീര്‍പ്പുമായി കഴിയുന്ന അച്ഛനുമമ്മയും. ഒന്നും പറയാനാവാതെ ശ്രീകൃഷ്ണപുരം ശാഖയിലെ സ്വയംസേവകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: