തൊടുപുഴ: കൊറോണ രോഗികള്‍ ദിവസേന വര്‍ധിപ്പിക്കുമ്പോഴും ഇവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തത ആരോഗ്യ വകുപ്പിന് തിരിച്ചടിയാകുന്നു.
ഇടുക്കിയുടെ ഭൂപ്രകൃതി അനുസരിച്ച് രോഗികളെ എത്തിക്കുന്നതില്‍ കാലതാമസം നേരിടുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. കൊറോണ സ്ഥിരീകരിച്ച രോഗികള്‍ കൂടുതല്‍ സമയം നിരീക്ഷണ കേന്ദ്രങ്ങളില്‍ തങ്ങുന്നതും ഇന്നത്തെ സാഹചര്യത്തില്‍ അഭിലഷണീയമല്ല. കൊറോണ രോഗികളെ കൊണ്ടു പോകുവാന്‍ സാധാരണ ആംബുലന്‍സുകള്‍ അല്ല ഉപയോഗിക്കുന്നത്.
പ്രത്യേക സജ്ജീകരണങ്ങള്‍ ഉള്ള ആംബുലന്‍സുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. തൊടുപുഴ താലൂക്കില്‍ ഇത്തരം സംവിധാനങ്ങള്‍ ഉള്ള രണ്ട് ആംബുലന്‍സുകളാണ് ഉള്ളത്. ഇതില്‍ ഒരെണ്ണം അടുത്തിടെ വരെ കട്ട പുറത്തായിരുന്നു. താലൂക്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളെ കൊണ്ടുവരുവാന്‍ ഈ ആംബുലന്‍സ് ഓടി തളര്‍ന്നു. ജില്ല ഒട്ടാകെ ഇതാണ് സ്ഥിതി.
കഴിഞ്ഞ ദിവസംഅറക്കുളം പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ രോഗിയോട് ആശുപത്രിയിലേക്ക് പോകുവാന്‍ രാവിലെ 8.30ന് തയാറായി നില്ക്കുവാന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്കി. ഈ രോഗിയെ കൊണ്ടു പോകുവാന്‍ ആംബുലന്‍സ് എത്തിയത് രാത്രി 9.30നാണ്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് വേണ്ടത്ര പരിചരണം കിട്ടുന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. കൊറോണ രോഗിയാണെന്ന് ആരോഗ്യ വകുപ്പ് ഫോണിലൂടെയാണ് സ്രവ പരിശോധനയ്ക്ക് ശേഷം അറിയിക്കുന്നത്.
ഫോണിലൂടെ വിവരം അറിഞ്ഞവര്‍ ദീര്‍ഘനേരമാണ് ആംബുലന്‍സിനായി കാത്തിരിക്കേണ്ടി വരുന്നത്. എല്ലാം സര്‍വസജ്ജമാണെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും കൊറോണ രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയില്‍ എത്തിക്കുവാന്‍ പോലും കാലതാമസം നേരിടുന്നു. രോഗികള്‍ കൂടുന്നതനുസരിച്ച് ആരോഗ്യ വകുപ്പ് കിതയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: