തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ ടോറസുമായി ചേര്‍ന്ന് ടെക്നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസനത്തിന്റെ മറവില്‍ തണ്ണീര്‍ത്തടം നികത്താനുള്ള ശ്രമത്തിന് സുപ്രീംകോടതി തടയിട്ടു. ബിടിആര്‍ അടക്കമുള്ള രേഖകളില്‍ തണ്ണീര്‍ത്തടമെന്ന് രേഖപ്പെടുത്തിയ സ്ഥലം പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് നികത്താന്‍ അനുമതി നല്‍കിയതാണ് സുപ്രീംകോടതി തടഞ്ഞത്.
2017 ഡിസംബറിലാണ് മൂന്നാംഘട്ട വികസനത്തിന് ടെക്നോപാര്‍ക്ക് അധികൃതര്‍ അനുമതി തേടുന്നത്. രണ്ട് മേഖലകളിലായി പത്തൊമ്പതര ഏക്കര്‍ ഭൂമിയില്‍ മണ്ണിട്ട് നികത്താനുള്ള അനുമതി തേടിയാണ് സിഇഒ സര്‍ക്കാരിനെ സമീപിച്ചത്. സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്റി എന്‍വയോണ്‍മെന്റല്‍ സെന്റര്‍ മാപ്പിങ് പ്രകാരം അതീവ ജൈവവൈവിധ്യ മേഖല ഉള്‍പ്പെടുന്ന പ്രദേശമാണ് നികത്താന്‍ അനുമതി തേടിയത്.
അതിനാല്‍, ആറ്റിപ്ര കൃഷി ഓഫീസര്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്താന്‍ പറ്റില്ലെന്ന് നിലപാടെടുത്തു. വില്ലേജ് ഓഫീസര്‍മാരും കൃഷി ഓഫീസര്‍മാരും ജനപ്രതിനിധികളും ഉള്‍പ്പെട്ട പ്രാദേശിക തല നീരീക്ഷണ സമിതിയും അനുമതി നല്‍കിയില്ല.
എന്നാല്‍, എല്ലാ റിപ്പോര്‍ട്ടുകളും അവഗണിച്ച് 2018 ഫെബ്രുവരിയില്‍ തണ്ണീര്‍ത്തടം നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്കി. പൊതുആവശ്യത്തിന് ഭൂമിയില്‍ മാറ്റംവരുത്താമെന്ന് നിയമത്തിന്റെ പിന്‍ബലത്തിലാണ് ഉത്തരവിറക്കിയത്.
2018 മാര്‍ച്ച് 14ന് ടെക്നോപാര്‍ക്ക് അമേരിക്കന്‍ കമ്പനിയായ ടോറസിന്റെ അനുബന്ധ കമ്പനികളുമായി കാരാറില്‍ ഒപ്പിട്ടു. ചട്ടലംഘനങ്ങളെല്ലാം വിശദമായി പ്രതിപാദിച്ച് പരിസ്ഥിതി പ്രവര്ത്തകന് തോമസ് ലോറന്‍സ് കോടതിയെ സമീപിച്ചു. തുടര്‍ന്ന് തണ്ണീര്‍ത്തടം സംരക്ഷിക്കപ്പെടണമെന്നും ബിടിആര്‍ രേഖകള്‍ തിരുത്തനാകില്ലെന്നും സുപ്രീം കോടതി കണ്ടെത്തുകയായിരുന്നു.
അതേസമയം, റിയല്‍ എസ്റ്റേറ്റ് ലക്ഷ്യങ്ങളുള്ള ടോറസിന് വേണ്ടി ഭൂമിയൊരുക്കാന്‍ ടെക്നോപാര്‍ക്ക് തന്നെ ഒരു ലക്ഷം ക്യുബിക്ക് മീറ്റര്‍ മണ്ണടിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ വിലവരുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാട് ഇതിലൂടെ നടന്നെന്നാണ് വിവരം. പത്ത് കിലോമീറ്റര്‍ മാറി പള്ളിപ്പുറത്ത് ഉപയോഗപ്രദമായ ഭൂമിയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവിടെ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിക്കാനും നീക്കം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: