ഐഎസ് അടക്കമുള്ള ഭീകരപ്രസ്ഥാനങ്ങളുടെ ഇന്ത്യയിലെ സുരക്ഷിത താവളമാണ് കേരളമെന്നത് ആശ്ചര്യത്തോടെ ശ്രവിക്കേണ്ട വാര്‍ത്തയല്ല ഇപ്പോള്‍. വളരെ നാളുകള്‍ക്കു മുന്നേ തന്നെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പു നല്‍കിയെങ്കിലും അതംഗീകരിക്കാന്‍ സംസ്ഥാനത്ത് മാറിമാറി ഭരിച്ച മുന്നണികള്‍ തയാറായിരുന്നില്ല. ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ആഗോള ഭീകര പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ പ്രധാനപ്പെട്ട താവളമാണ് കേരളമെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടും പുറത്തു വന്നിരിക്കുന്നു. അപകടം നമുക്കരികിലെത്തിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുഎന്‍. കേരളത്തിലും കര്‍ണാടകത്തിലുമായി 150നും 200നും ഇടയ്ക്ക് ഐഎസ് ഭീകരരുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്റ് സാങ്ങ്ഷന്‍സ് മോണിറ്ററിങ് ടീമിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഇന്ത്യക്കു പുറമേ ബംഗ്ലാദേശ്, മ്യാന്മര്, പാക്കിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഭീകരരും ഇക്കൂട്ടത്തിലുണ്ട്.
കേരളത്തില്‍ നിന്ന് നിരവധി പേര് ഐഎസില്‍ ചേരാന്‍ പോയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തു വന്നതാണ്. ചില പെണ്‍കുട്ടികളെ പ്രണയിച്ച് മതംമാറ്റി നാടുകടത്തി ഐഎസില്‍ എത്തിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്നാണ് ഐഎസിലേക്ക് കൂടുതല്‍ റിക്രൂട്ട്മെന്റുകള്‍ നടന്നിട്ടുള്ളത്. കാസര്‍കോടിന്റെയും കണ്ണൂരിന്റെയും പ്രത്യേക ഘടകങ്ങള്‍ ഐഎസില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
കേരളത്തില്‍ നിന്നുള്ള 120 ഓളം പേര് ഐഎസില്‍ ചേരുകയോ ചേരാന്‍ ശ്രമിക്കുകയോ ചെയ്തതായാണ് സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇവരില്‍ ചിലര്‍ പശ്ചിമേഷ്യയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ സിറിയയിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ പോയവരാണ്. ബാക്കിയുള്ളവരില്‍ ഭൂരിഭാഗം പേരും കേരളത്തില്‍ നിന്ന് നേരിട്ട് പോയവരും. 2018ല്‍ സിറിയയിലും ഇറാഖിലും ഐഎസിന് തിരിച്ചടി നേരിട്ടപ്പോള്‍ പോലും കേരളത്തില്‍ നിന്ന് 10 പേര് ഐഎസില്‍ ചേരാല്‍ ശ്രമിച്ചു. ‘വിശുദ്ധ യുദ്ധത്തില്‍’ പങ്കെടുത്തവരില്‍ പലരും പല വര്‍ഷങ്ങളായി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മലപ്പുറത്തുകാരും കണ്ണൂരുകാരുമുണ്ട്.
ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്ന 17 ഇന്ത്യക്കാരെ 2014ല്‍ സുരക്ഷാ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിരുന്നു. ഇവരില്‍ മൂന്നുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. പശ്ചിമേഷ്യയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ 2013-14 കാലത്ത് സിറിയയിലേക്ക് മാറി. 2016 മേയ് മാസത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം കേരളത്തില്‍ നിന്നുള്ള രണ്ട് ഡസനോളം ആളുകള്‍ ഐഎസിലെത്തി. കാസര്‍കോട് നിന്ന് വിവിധ കാലങ്ങളിലായി ഐഎസസ്സിലെത്തിയവരില് പലരും ഉന്നത വിദ്യാഭ്യാസമുള്ളവരായിരുന്നു. കണ്ണൂരില്‍ വളപട്ടണം പ്രദേശത്തുനിന്നുള്ള 40ലധികം പേര് സിറിയയിലെ ഐഎസില്‍ ചേര്‍ന്നതായാണു രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്. ഈ ഘടകത്തിലെ പുരുഷന്മാര് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരായിരുന്നു. ഇതുകൂടാതെ നിരവധി കുടുംബങ്ങള്‍ ഒരുമിച്ച് സിറിയയിലേക്ക് കുടിയേറിയിട്ടുമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പുതിയ ഘടകം എസ്ഡിപിഐ ഇപ്പോള്‍ കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നു.
ടെലിഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് കേരളത്തിലെ ഐഎസ് ഘടകം പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതും അംഗങ്ങളെ കൂടെ ചേര്‍ക്കുന്നതും. അവര്‍ ഇപ്പോഴും പ്രവര്‍ത്തനം സജീവമായി മുന്നോട്ടു കൊണ്ടു പോകുന്നു എന്നുവേണം കരുതാന്‍. മുമ്പ് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമാണ് പോയതെങ്കില്‍ ഇപ്പോള്‍ അവരുടെ സുരക്ഷിത കേന്ദ്രമായി കേരളത്തെ മാറ്റിയിരിക്കുന്നു. ഔദ്യോഗിക തലങ്ങളിലടക്കം എല്ലാ മേഖലകളിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന പദ്ധതിയാണ് ഭീകരരുടേത്. കേരളത്തില്‍ നടക്കുന്ന സ്വര്‍ണക്കള്ളക്കടത്ത് ഭീകര പ്രവര്‍ത്തനത്തിന് പണമുണ്ടാക്കാനാണെന്ന് കണ്ടെത്തിയത് ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. കള്ളക്കടത്തിന് സംരക്ഷണം നല്‍കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളാകുമ്പോള്‍ ഭീകര പ്രവര്‍ത്തനത്തിന് ആ സംവിധാനങ്ങള്‍ കൂട്ടു നില്‍ക്കുന്നെന്ന് പറയേണ്ടിവരുന്നു. ഭീകര ബന്ധമുള്ളവര്‍ അധികാരികളാകുമ്പോള്‍ സംവിധാനങ്ങളും അതിനായി ചലിക്കുന്നു.
കേരളത്തെ ഭീകരര്‍ അവരുടെ സുരക്ഷിത താവളമായി എങ്ങനെ തെരഞ്ഞെടുത്തു എന്ന് നാം ചിന്തിക്കണം. മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ പ്രീണന നയമാണ് കേരളത്തില്‍ ഭീകരത വളര്‍ത്തുന്നത്. മറ്റൊരു സിറിയയും ഇറാഖും അഫ്ഗാനിസ്ഥാനുമാക്കി ഇന്ത്യയെ മാറ്റുകയാണ് ഭീകരരുടെ ലക്ഷ്യം. അതിന് കേരളം താവളമൊരുക്കി കൊടുക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: