ന്യൂദല്‍ഹി : ഇന്ത്യയെ പാക്കിസ്ഥാന് പിന്നില്‍ നിന്നും കുത്തി. ഇതിന് ശക്തമായി തിരിച്ചടിച്ച് ഇന്ത്യ ശത്രുവിനെ തുരത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഗില്‍ വിജയ ദിവസമായ ഇന്ന് മന് കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പാക്കിസ്ഥാനെതിരെ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
കാര്‍ഗില്‍ ഇന്ത്യയുടെ ധീരത ലോകരാഷ്ട്രങ്ങള്‍ക്ക് മനസ്സിലാക്കി കൊടുത്തു. ഇന്ത്യയുടെ സൗഹൃദത്തിന് മേല്‍ പാക്കിസ്ഥാന് നടത്തിയ വഞ്ചനയാണ് കാര്‍ഗില്‍ യുദ്ധത്തിലേയ്ക്ക് നയിച്ചത്. പിന്നില്‍ നിന്ന് കുത്തിയതിന് ശക്തമായ തിരിച്ചടിയാണ് നമ്മുടെ സൈന്യം പാക്കിസ്ഥാന് നല്‍കിയത്. സൈന്യത്തിന്റെ ആത്മവിശ്വാസമാണ് കാര്‍ഗില്‍ യുദ്ധം ജയിപ്പിച്ചത്. വീരമൃത്യൂ വരിച്ച സൈനികര്‍ക്ക് ആദര്മര്പ്പിക്കുന്നതായും മോദി പറഞ്ഞു.
ഈ ദിനം വീരബലിദാനികള്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നു. ഇന്നത്തെ ദിവസം എല്ലാവരും ധീരസൈനികരുടേയും അവരുടെ വീരമാതാപിതാക്കളുടേയും ജീവിതം പരസ്പരം പങ്കുവെയ്ക്കണം. കാര്‍ഗിലിലെ വീരസ്മരണകള്‍ എല്ലാ സമൂഹമാദ്ധ്യമങ്ങളിലൂടേയും പ്രചരിപ്പിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു.
വീരസ്മരണകള്‍ എല്ലാ സമൂഹമാധ്യമങ്ങളിലൂടേയും പ്രചരിപ്പിക്കണം. വിഷമം വരുമ്പോള്‍ ദരിദ്രനെക്കുറിച്ച് ചിന്തിക്കുക എന്ന ഗാന്ധിജിയുടെ മന്ത്രത്തിനൊപ്പം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി കാര്‍ഗില്‍ സമയത്ത് പറഞ്ഞ വാക്യം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏതുകാര്യം ചെയ്യാന്‍ പോകുന്നതിന് മുമ്പ് ആ കാര്യം ബലിദാനം നടത്തിയ സൈനികന്റെ ഉദ്ദേശശുദ്ധിയേയും ബാധിക്കുന്നതാണോ എന്ന് ചിന്തിക്കണമെന്നാണ് അടല്‍ജി ഓര്‍മ്മിപ്പിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം രാജ്യം കൊറോണ വൈറസ് ആശങ്കയിലാണ്. അതിവേഗം വൈറസ് പടര്ന്നുവ്യാപിക്കുകയാണ്. എന്നാലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കുറവാണ്. രാജ്യത്ത് കൊവിഡ് മരണനിരക്കും കുറവാണ്.കൊവി?ഡ് പ്രതി?രോധത്തെ മറ്റൊരു യുദ്ധമായി? കാണണം. ഈപോരാട്ടം വിജയിച്ചേ തീരൂ. ആരും ജാഗ്രത കൈവിടരുത്. മാസ്ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതുമാണ് നല്ല ഔഷധം. അതിനാല്‍ എല്ലാവരും മാസ്ക് ധരിക്കണം. അതില്‍ അലസത കാണിക്കരുത്. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ കഷ്ടപ്പാട് ഓര്‍ക്കേണ്ടതാണ്. ആരോഗ്യപ്രവര്‍ത്തകര്‍ എത്ര മണിക്കൂറുകളാണ് മാസ്കും മറ്റ് സുരക്ഷാ വസ്ത്രങ്ങളും ധരിച്ച് സേവനം ചെയ്യുന്നത്.
കൈത്തറി ദിനം ആഗസ്റ്റ് ഏഴിനാണ്. എല്ലാവരും ഗ്രാമീണ മേഖലയ്ക്കായി കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളേയും അഭിനന്ദിച്ചു. എല്ലാവര്ക്കും രക്ഷാബന്ധന് ആശംസകളും നേരുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: