കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ മൊഴികള്‍ മുഖ്യമ്രന്തിയടക്കമുള്ളവരെ രക്ഷിക്കാന്‍ വേണ്ടി മെനഞ്ഞെടുത്തത്. കുറ്റമെല്ലാം യുഇ കോണ്‍സുലേറ്റിന്റെ തലയില്‍ കെട്ടിവച്ച് വിഷയം രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ളതാക്കി മാറ്റി അങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലുള്ളതാണിത്. ഇങ്ങനെ തന്നെയാണോ സ്വപ്ന മൊഴി നല്‍കിയതെന്നും വ്യക്തമല്ല. സ്വപ്നയുടെ മൊഴികള്‍ എന്‍ഐഎ പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് സൂചന.
സ്വര്‍ണക്കടത്ത് യുഎഇ കോണ്‍സുലേറ്റിന്റെ അറിവോടെയാണെന്ന് ഇവര്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. സംഭവങ്ങള്‍ കോണ്‍സുലേറ്റ് ജനറലിന്റേയും അറ്റാഷെയുടേയും സഹായത്തോടെയാണ്. ഓരോ ഇടപാടുകള്‍ക്കും 1000 ഡോളര്‍ വീതം അറ്റാഷെ ക്ക് നല്കി. പിടിക്കപ്പെട്ടപ്പോള്‍ അറ്റാഷെ കൈയൊഴിഞ്ഞുവെന്ന് സ്വപ്ന മൊഴി നല്‍കിയെന്നാണ് വാര്‍ത്തകള്‍. 2019 ജൂലൈ മുതല്‍ ജൂണ്‍ 30 വരെയുള്ള കാലത്തിനിടെ 18 തവണ സ്വര്‍ണം കടത്തി. എം. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കില്ല. ശിവശങ്കറുമായി സൗഹൃദം മാത്രമാണുള്ളത്, എന്നൊക്കെ സ്വപ്ന വിശദീകരിച്ചുവെന്നും വാര്‍ത്തകളിലുണ്ട്. എന്നാല്‍, മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ അടക്കമുള്ളവര്‍ക്ക് എല്ലാം അറിയാമായിരുന്നുവെന്നാണ് സരിത്തിന്റെ മൊഴി.
മൊഴി യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ കരിനിഴല്‍ വീഴ്ത്തുമെന്നും അതോടെ കേന്ദ്രത്തിന്റെ അന്വേഷണത്തില്‍ അയവുവരുമെന്നും അറസ്റ്റിലായവരെ വച്ച് അന്വേഷണം അവസാനിപ്പിക്കുമെന്നും അങ്ങനെ ശിവശങ്കര്‍ അടക്കമുള്ളവര്‍ രക്ഷപ്പെടുമെന്നുമാണ് കടത്തുസംഘത്തിന് ലഭിച്ചിരിക്കുന്ന ഉപദേശം. എന്നാല്‍, ഇത് അപ്പാടെ വിശ്വസിക്കാനോ അതനുസരിച്ച് അന്വേഷണത്തില്‍ മാറ്റംവരുത്താനോ എന്‍ഐഎ തയാറല്ലെന്നാണ് സൂചന.
മാത്രമല്ല പ്രതികള്‍ നല്കുന്ന വിശദീകരണങ്ങളില്‍ വൈരുദ്ധ്യവുമുണ്ട്. പ്രധാന പ്രതിയായ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിച്ച് മൊഴിയെടുക്കുകയും മറ്റു പ്രതികളെ ആവശ്യമെങ്കില്‍ ശാസ്ത്രീയമായി ചോദ്യം ചെയ്യുകയും ചെയ്യേണ്ടതുണ്ടെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍.
പ്രതികളുടെ മൊഴി എന്ന നിലയില്‍ പ്രചരിക്കുന്നവ അന്വേഷണത്തെ സ്വാധീനിക്കാനും രാഷ്ട്രീയ ചര്‍ച്ചകള്‍ വഴിതിരിച്ചു വിടാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ കിട്ടാന്‍ കസ്റ്റംസ് നാളെ കോടതിയെ സമീപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: