ന്യൂദല്‍ഹി: സോണിയ അധ്യക്ഷയും രാഹുലും പ്രിയങ്കയും അംഗങ്ങളുമായ രാജീവ് ഗാന്ധി ഫൗണ്ടേഷന് വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കില്‍ നിന്ന് 50 ലക്ഷം രൂപ സംഭാവന വാങ്ങിയതില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം തുടങ്ങി. ഇതോടെ ഇടപാടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു, പണം മടക്കി നല്‍കിയെന്ന കോണ്‍ഗ്രസിന്റെ വാദവും പൊളിഞ്ഞു. ഫൗണ്ടേഷന്റെ സഹസ്ഥാപനമായ രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റാണ് പണം വാങ്ങിയത്.
2011 ആഗസ്ത് 7ന് ഒറ്റത്തവണയായിട്ടാണ് സക്കീര്‍ നായിക്കിന്റെ ഇസഌമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷന് 50 ലക്ഷം വാങ്ങിയതെന്ന് പുറത്തുവന്നിട്ടുള്ളത്. അന്ന് രഹസ്യമാക്കി വച്ച വിവരം പിന്നീട് 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് പുറത്തായത്. സംഭവം വന്‍ വിവാദമായതോടെ 2011ല്‍ തന്നെ പണം മടക്കി നല്‍കിയെന്നാണ് കോണ്‍ഗ്രസ് അന്നു നല്കിയ മറുപടി. എന്നാല്‍ പണം മടക്കിനല്‍കിയിട്ടില്ലെന്നാണ് ഇപ്പോള്‍ വെളിവാകുന്നത്.
ഇസഌമിക രാജ്യങ്ങളില്‍ അടക്കം നിരവധി രാജ്യങ്ങളില്‍ നിരോധനം ഉള്ള ഭീകരനേതാവാണ് സക്കീര്‍ നായിക്. ഇയാളുടെ പീസ് ടിവിക്കും ഇന്ത്യയില്‍ അടക്കം വിലക്കുണ്ട്. വര്‍ഗീയ, ഭീകര വിഷം ചീറ്റുന്ന പ്രസംഗങ്ങളാണ് ഇതിനു കാരണം. 22 പേരുടെ ജീവനെടുത്ത ധാക്ക ഭീകരാക്രമണക്കേസിലെ പ്രതികള്‍ക്ക് പ്രചോദനം ലഭിച്ചത് ഇയാളുടെ പ്രസംഗമാണെന്ന് ബംഗഌദേശിലെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്കി സഹായിച്ചതിന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ഇയാള്‍ക്കെതിരെ കേസുകളുണ്ട്. വന്‍തോതില്‍ വിദേശ ഫണ്ട് വാങ്ങി ഭീകര സംഘടനകള്‍ക്ക് കൈമാറിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും എന്‍ഫോഴ്സ്മെന്റും സിബിഐയും കേസുകള്‍ എടുത്തിട്ടുണ്ട്. കുടുങ്ങുമെന്ന് ഉറപ്പായതോടെ ഹജ്ജിന് പോകുകയാണെന്ന് പറഞ്ഞ് മുങ്ങിയ ഇയാള്‍ മലേഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്. ഇയാളെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ നല്‍കില്ലെന്നാണ് പ്രസിഡന്റ് മഹാതീര്‍ മുഹമ്മദ് പറഞ്ഞത്.
യുപിഎ ഭരണകാലത്ത് കൊടും ഭീകരന്റെ സംഘടനയില്‍ നിന്ന് രാജീവ് ഫൗണ്ടേഷന് 50 ലക്ഷം വാങ്ങിയത് വിവാദമായിരുന്നു. സോണിയയും മറ്റും ചൈനീസ് സര്‍ക്കാരില്‍ നിന്നടക്കം വലിയ തുകകള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന വിവരം ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് പുറത്തുവന്നിരുന്നു. ഇക്കാര്യങ്ങളും എന്‍ഫോഴ്സ്മെന്റ് അന്വേഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: