ഉരുള്‍പൊട്ടലുകളില്‍ നിന്നും പ്രളയങ്ങളില്‍ നിന്നും പാഠം പഠിക്കാത്ത കേരള സര്‍ക്കാരിന്റെ അവിവേകത്തിന് കിട്ടിയ തരിച്ചടിയായി വേണം ജനവാസകേന്ദ്രങ്ങളില്‍ നിന്ന് കരിങ്കല്‍ ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെ കണക്കാക്കാന്‍. നേരത്തെ 100 മീറ്ററായിരുന്ന ദൂരപരിധി. ഇപ്പോഴത്തെ പിണറായി സര്‍ക്കാരാണ് 50 മീറ്ററാക്കി കുറച്ചത്. ഇത് തീര്‍ത്തും അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. ഈ ഉത്തരവ് നടപ്പാകുന്നതോടെ സംസ്ഥാനത്തെ നിരവധി ക്വാറികള്‍ അടച്ചുപൂട്ടേണ്ടി വരും.
പിണറായി സര്‍ക്കാര്‍, ക്വാറികളുടെ ദൂരപരിധി 50 മീറ്ററാക്കി കുറച്ചതിനെ തുടര്‍ന്ന് 2500 ലേറെ പുതിയ ക്വാറികള്‍ കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ ആകെ ക്വാറികളുടെ എണ്ണം 5924 ആണെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് 2017ല്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ജനവാസകേന്ദ്രങ്ങളില്‍ നിന്നുള്ള ദൂരപരിധിയില്‍ മാത്രമല്ല, മറ്റ് പാരിസ്ഥിതിക മേഖലകളില്‍ നിന്നുള്ള ദൂരപരിധിയുടെ കാര്യത്തിലും കേരളത്തിലെ ക്വാറികളുടെ അവസ്ഥ ആശാസ്യമല്ല. സംരക്ഷിത വനമേഖലയുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ 79 ക്വാറികളുണ്ട്. ഇവയ്ക്ക് മൊത്തം. 85.83 ഹെക്ടര്‍ വിസ്തീര്‍ണം വരും. നിക്ഷിപ്ത വനമേഖലയുടെ ഒരു കിലോമീറ്റര്‍ പരിധിക്കകത്ത് വരുന്നത് 1378 ക്വാറികളാണ്. ഭൂചലന സാധ്യത കണ്ടെത്തിയ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റര്‍ കരുതല്‍ മേഖലയില്‍ 365 ക്വാറികളുണ്ടെന്നത് ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. അടുത്തിടെയായി അടിക്കടി കേരളത്തില്‍ ഭൂചലനങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ള പരിസ്ഥിതി ലോല മേഖല ഒന്നില്‍ 1,486 ഉം രണ്ടില്‍ 169 ഉം മൂന്നില്‍ 1667 ഉം വീതമാണ് ക്വാറികളുള്ളത്. ഇതിന് പുറമെയാണ് അനധികൃത ക്വാറികള്‍. 2016 ലെ സിഎജി റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ അനധികൃത ക്വാറികളുടെ എണ്ണം 6,246 ആണ്.
ഈ കണക്കുകള്‍ ഇവിടെ ഉദ്ധരിച്ചത്, ക്വാറി മാഫിയകളെ സഹായിക്കാനുള്ള തത്രപ്പാടില്‍ പരിസ്ഥിതിയെയും ജനങ്ങളുടെ സുരക്ഷയെയും മറന്നുകൊണ്ട് എത്രകണ്ട് അപകടകരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് സൂചിപ്പിക്കാന്‍ മാത്രമാണ്. പ്രളയത്തിനും ഉരുള്‍പൊട്ടലിനും കാരണം അനിയന്ത്രിതമായ ക്വാറി പ്രവര്‍ത്തനങ്ങളാണെന്ന് പഠനങ്ങള്‍ വന്നപ്പോള്‍, ക്വാറി പ്രവര്‍ത്തനം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും 2018ലെ പ്രളയത്തിന് ശേഷം സര്‍ക്കാര്‍ അനുമതി നല്‍കിയത് 119 ക്വാറികള്‍ക്കാണ്.
കഴിഞ്ഞ രണ്ട് പ്രളയകാലത്തും ഉരുള്‍പൊട്ടല്‍ കൊണ്ടുണ്ടായ ദുരന്തത്തിന്റെ ഭീകരത നാം കണ്ടു. ക്വാറി മേഖലകളിലെ പാറകളിലൂടെ വെള്ളമിറങ്ങലിന്റെ ഫലമായുണ്ടായ പൈപ്പിംഗ് ആണ് വയനാട്ടിലും നിലമ്പൂരിലുമൊക്കെ ഉരുള്‍പൊട്ടലിന് കാരണമായതെന്ന് വ്യക്തമാക്കുന്നതായിരുന്നു പഠനങ്ങള്‍. കേരളത്തിലുണ്ടായ ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രങ്ങളില്‍ നിന്ന് ഒരു കിലോമീറ്ററിനകത്ത് 78 ക്വാറികളുണ്ടെന്നും ഓര്‍ക്കണം.
ഇടതുമുന്നണി അവരുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞത് ഖനനത്തിന് ശക്തമായ സാമൂഹിക നിയന്ത്രണം കൊണ്ടുവരുമെന്നും ആവശ്യമായ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുമെന്നുമാണ്. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ചെയ്തതാകട്ടെ, അംഗീകൃത ക്വാറികളുടെ എണ്ണം ഇരട്ടിയാക്കുകയും അനധികൃത ക്വാറികളുടെ വരവിന് നിര്‍ബാധം വഴിയൊരുക്കുകയുമാണ്. ക്വാറികളുടെ അതിര്‍ത്തിയില്‍ നിന്ന് റിസര്‍വോയറുകള്‍, നദികള്‍, കനാലുകള്‍, ആരാധനാലയങ്ങള്‍, ശ്മശാനം, ഗ്രാമീണപാത, വീടുകള്‍ എന്നിവയിലേക്കുള്ള ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കി കുറച്ചുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ ഈ അട്ടിമറി നടത്തിയത്. കരിങ്കല്‍ ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുമെന്നും വികസനം മുരടിക്കുമെന്നുമുള്ള വാദം അബദ്ധധാരണകളോ പരിസ്ഥിതിയെ കണക്കിലെടുക്കാതെ പ്രകൃതിവിഭവങ്ങള്‍ കൊള്ള നടത്തുന്നതിനു വേണ്ടി മെനഞ്ഞുണ്ടാക്കുന്ന ന്യായീകരണങ്ങളോ മാത്രമാണ്. കേരളത്തില്‍ നിന്ന് ഒരു വര്‍ഷം ശരാശരി 1400 ലോഡ് കരിങ്കല്ലും 25,000 ലോഡ് പാറപ്പൊടിയും (എംസാന്‍ഡ്) മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട് എന്ന വസ്തുത അറിയുമ്പോഴാണ് ഈ വാദത്തിന്റെ പൊള്ളത്തരം നമുക്ക് ബോധ്യപ്പെടുക. കേരളത്തിനാവശ്യമുള്ളതിന്റെ എത്രയോ ഇരട്ടിയാണ് കരിങ്കല്‍ മാഫിയ ഖനനം ചെയ്തെടുക്കുന്നതെന്ന് നാം തിരിച്ചറിയണം.
സംസ്ഥാനത്തെ ക്വാറികളെ സംബന്ധിച്ച് 2014 ജൂണില്‍ നിയമസഭ പരിസ്ഥിതി സമിതി , നിയമസഭയില്‍ ഒരു പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംസ്ഥാനത്തെ അനിയന്ത്രിതമായ ക്വാറി-ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം മൂലമുണ്ടായിട്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും സമൂഹത്തിന് വെല്ലുവിളിയായി തീര്‍ന്നെന്നും അതിനാല്‍ അവ നിയന്ത്രിക്കുന്നതിനാവശ്യമായ ഇടപെടല്‍ അനിവാര്യമാണെന്നും ഇതില്‍ ഊന്നിപ്പറയുന്നുണ്ട്. അതിനുള്ള ഫലപ്രദമായ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടു വയ്ക്കുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ മാത്രമല്ല, തങ്ങളുടെ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ പോലും വൈമുഖ്യം കാണിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.
ഇപ്പോള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ള ഇടപെടല്‍ ആശ്വാസദായകമാണ്. എം. ഹരിദാസന് എന്ന മലയാളി നല്കിയ ഹര്‍ജിയില്‍ ട്രിബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഈ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച എല്ലാ ക്വാറികളും അടച്ചുപൂട്ടേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: