തിരുവനന്തപുരം: ക്രിസ്ത്യന്‍ ആരാധനാ കേന്ദ്രമായിരുന്ന തുര്‍ക്കിയിലെ ഹാഗിയ സോഫിയ പിടിച്ചെടുത്ത് മസ്ജിദാക്കിയ സംഭവത്തില്‍ ആഹ്ളാദവുമായി പാണക്കാട് കുടുംബാംഗം. ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ക്രിസ്ത്യാനികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴാണ് ലീഗ് നേതാവ് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. എര്‍ദോഗനെ മഹത്വവല്‍ക്കരിച്ചുകൊണ്ടും ക്രിസ്ത്യാസികളുടെ മതവിശ്വാസങ്ങളെ തള്ളികൊണ്ടുമാണ് അദേഹത്തിന്റെ ലേഖനം.
ലോകത്തിന്റെ വിവിധ കോണുകളില്‍ വ്യവസ്ഥാപിതമായി അടിച്ചമര്‍ത്തപ്പെടുന്ന മുസ്ലിംകള്‍ക്കു വേണ്ടി അന്തര്‍ദേശീയ വേദികളില്‍ ശബ്ദമുയര്‍ത്തുന്ന എര്‍ദോഗനെതിരെയും വ്യാജസെക്കുലറിസത്തിന്റെ മറവില്‍ വേട്ടയാടുന്നത് ഇസ്ലാമിനെതിരെയുള്ള കാലങ്ങളായി തുടരുന്ന കുല്‍സിതശ്രമങ്ങളുടെ തുടര്‍ച്ച മാത്രമാണ്.
ഹാഗിയ സോഫിയ പിടിച്ചെടുത്ത തുര്‍ക്കി പ്രസിഡന്റ് റെജപ് തയിപ് എര്‍ദോഗാനെതിരെ രൂക്ഷമായ പ്രതിഷേധമാണ് ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്ന് ഉയരുന്നത്. അതിനിടെയാണ് എര്ദോഗന് പരസ്യ പിന്തുണയുമായി പാണക്കാട് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനത്തിന്റെ പൂര്‍ണരൂപം:
ഇസ്താന്‍ബുളിന്റെ പ്രതീകവും മാനവരാശിയുടെ സാംസ്കാരിക, രാഷ്ട്രീയ ചരിത്രത്തിലുടനീളം നിറഞ്ഞു നിന്നിരുന്ന അയാസോഫിയ വീണ്ടും പത്രത്താളുകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. തുര്‍ക്കി റിപ്പബ്ലിക് സ്ഥാപിക്കപ്പെട്ട സമയത്ത് അയാസോഫിയ ഫാതിഷ് സുല്താന് മുഹമ്മദിന്റെ പേരിലുള്ള വഖ്ഫ് ഭൂമിയായി രജിസ്റ്റര്‍ ചെയ്തതെന്ന കാരണത്താല്‍, അയാസോഫിയയെ മ്യൂസിയം ആക്കിമാറ്റിയുള്ള 1934 ല്‍ മന്ത്രി സഭ തീരുമാനം, തുര്‍ക്കികോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെ നിലവിലെ ടര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ വിജ്ഞാപനത്തിലൂടെ പള്ളിയായി പുനഃസ്ഥാപിക്കപ്പെട്ട അയാസോഫിയയില്‍ വീണ്ടും മുസ്ലിംസഹോദരങ്ങള് ടര്‍ക്കിഷ് മതകാര്യ വകുപ്പ് മേധാവി പ്രൊഫസര്‍ ഡോക്ടര്‍ അലി എര്‍ബാഷിന്റെ നേതൃത്വത്തില്‍ വീണ്ടുമൊരു ജുമുഅ നിസ്കാരം കൂടി ഇന്ന് നിര്‍വഹിക്കപ്പെടാനിരിക്കുകയാണ്.
വാസ്തുശില്പ ചാരുതയോടെ ജസ്റ്റിനിയന്‍ രണ്ടാമന് 537 ല്‍ പണി കഴിപ്പിച്ച അയാസോഫിയ 900 വര്‍ഷക്കാലം ക്രിസ്തീയ ദേവാലയമായും 500 വര്‍ഷക്കാലം മുസ്ലിം മസ്ജിദായും നിലനിന്നു . 1900 വര്‍ഷക്കാലം ഓരോ വിശ്വാസിസമൂഹത്തിന്റെയും പ്രധാനപ്പെട്ട ആരാധനാലയമായും അതിനേക്കാളുപരി ലോകം കണ്ട ഏറ്റവും ശക്തമായ ഭരണകൂടങ്ങളായിരുന്ന റോമന്‍, ബൈസാന്റിയന്‍, ഓട്ടോമന്‍ എന്നീ സാമ്രാജ്യങ്ങളുടെ ഭരണസിരാകേന്ദ്രമായും നിലകൊണ്ടു എന്നത് തന്നെയാണ് അയാസോഫിയയെ ഇത്രമാത്രം പ്രസിദ്ധമാക്കുന്നത്. 86 വര്‍ഷം മ്യൂസിയം ആയി നിലനിന്ന ശേഷം വീണ്ടും പള്ളിയായി പുന:സ്ഥാപിച്ചതാണ് ലോകത്തിന്റെ വിവിധകോണുകളില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങള്‍ക്കും പുതിയ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയത്.
സമകാലീന ക്രിസ്ത്യന്‍ രാഷ്ട്രീയ മത നേതാക്കള്‍ തീരുമാനത്തോട് വിയോജിക്കുമ്പോഴും അയാസോഫിയയുടെ ഉടമസ്ഥാവകാശം ഉന്നയിക്കാത്തതും ചരിത്രപരമായി അതിന് സാധ്യതയില്ല എന്ന തിരിച്ചറിവ് കൊണ്ടുതന്നെയാകണം. അമേരിക്ക പോലെയുള്ള രാഷ്ട്രങ്ങള്‍ തീരുമാനത്തെ എതിര്‍ത്തെങ്കിലും 25 ശതമാനം ഓര്‍ത്തോഡോസ് ക്രിസ്ത്യന്‍സ് താമസിക്കുന്ന റഷ്യ തീരുമാനത്തില്‍ കൈകടത്താതതും പ്രത്യേകം ശ്രദ്ധേയമാണ്. ഈയൊരു തീരുമാനത്തെ എതിര്‍ത്ത പല യൂറോപ്പ്യന്‍ രാജ്യങ്ങളിലും മുസ്ലിംകള്‍ക്കു നിസ്കരിക്കാന്‍ പോലും അനുമതിയില്ല എന്ന് കൂടി മനസിലാക്കമ്പോഴാണ് ഇവരുയര്‍ത്തുന്ന മതേതരവാദം എത്ര മാത്രം ഏകപക്ഷീയവും പൊള്ളയുമാണെന്ന് തിരിച്ചറിയുന്നത്.
ഈ ആധുനിക രാഷ്ട്രീയ സാഹചര്യത്തിലും ഓട്ടോമന്‍, മുസ്ലിം സ്പെയിന് കാലത്തു നിര്‍മിക്കപ്പെട്ട 350 ളം പള്ളികള്‍ ചര്‍ച്ചുകളായിട്ടും തീയേറ്ററുകള്‍ ആയിട്ടും ഉപയോഗിക്കുന്നവര്‍ തന്നെയാണ് ഇതിനെതിരെ ശബ്ദം ഉയര്‍ത്തുന്നത് . കൊറോണ യൂറോപ്പിനെ പിടിച്ചുലച്ചസമയത് പല യൂറോപ്യന്‍ രാജ്യങ്ങല്‍ലും വര്ഷകങ്ങള്ക്കു ശേഷം ബാങ്ക് വിളിക്കപ്പെട്ട വാര്‍ത്തകള്‍ നാം വീക്ഷിച്ചവരാണ്. ഈ വിഷയത്തില്‍ ശക്തമായി പ്രതികരിച്ച ഗ്രീസില്‍ മാത്രം 100 ഓളം പള്ളികള്‍ ചര്‍ച്ചുകളയും ജയിലുകളായും മാറ്റിയെന്നതും തലസ്ഥാനമായ ഏതന്‍സില്‍, മുസ്ലിം വിശ്വാസികള്‍ വര്‍ഷങ്ങളായി മുറവിളികൂട്ടിയതിന്റെ ഫലമെന്നോണം മിനാരങ്ങളില്ലാത്ത ആദ്യത്തെ പള്ളിക്ക് അനുമതി നല്‍കിയത് കഴിഞ്ഞ വര്‍ഷം മാത്രം എന്നതും ഇരട്ടത്താപ്പ് നയമല്ലേ.
തുര്‍കിയില്‍ എല്ലാ മതവിശ്വാസികള്‍ക്കും ആരാധനാസ്വാന്ത്ര്യമുണ്ടെന്ന്മാത്രമല്ല ഓര്‍ത്തഡോക്സിന്റേതടക്കം മറ്റു ക്രിസ്തീയ ന്യൂനപക്ഷങ്ങളുടെ അര്‍ധനയാളാണ് പോലുംഎര്‍ദോഗന്റെ നേതൃത്തിലുള്ള ഗവണ്മെന്റ് തന്നെ പുനരുദ്ധാരണം ചെയ്തു കൊടുത്തിട്ടുണ്ട് എന്നുള്ളതും പ്രസ്താവ്യമാണ്. ഇസ്താന്‍ബുളിലെ ഉസ്കുന്ദറില്‍ ഒരേ കോമ്പൗണ്ടില്‍ മുസ്ലിം പള്ളിയും ക്രിസ്ത്യന്‍ ചര്‍ച്ചും തൊട്ടടുത്തു തന്നെ ജൂതരുടെ സിനഗോഗും ഒരുപോലെ ഒരേ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വസ്തുതകളൊക്കെ മറച്ചുവെച്ചു കൊണ്ട് പേരില്‍ തുര്‍കിയെയും , ലോകത്തിന്റെ വിവിധ കോണുകളില്‍ വ്യവസ്ഥാപിതമായി അടിച്ചമര്‍ത്തപ്പെടുന്ന മുസ്ലിംകള്‍ക്കു വേണ്ടി അന്തര്‍ദേശീയ വേദികളില്‍ ശബ്ദമുയര്‍ത്തുന്ന എര്‍ദോഗനെതിരെയും വ്യാജസെക്കുലറിസത്തിന്റെ മറവില്‍ വേട്ടയാടുന്നത് ഇസ്ലാമിനെതിരെയുള്ള കാലങ്ങളായി തുടരുന്ന കുല്‍സിതശ്രമങ്ങളുടെ തുടര്‍ച്ച മാത്രമാണ്.
പ്രതിപക്ഷ ഭരണപക്ഷം എന്ന വ്യത്യാസമില്ലാതെ തുര്‍ക്കിയിലെ ജനത ഒന്നടങ്കം ആവശ്യപ്പെട്ട ടര്‍ക്കിഷ് റിപ്പബ്ലിക്കിന്റെ രേഖകളില്‍ പള്ളിയായി തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള റിപ്പബല്‍ക്കിന്റെ ആദ്യത്തെ ആറു വര്‍ഷം പള്ളിയായിതന്നെ സേവനം നല്കിയ ആരാധനാലയം വിശ്വാസികള്‍ക്കു തുറന്നുകൊടുക്കാതിരിക്കലല്ലേ യാഥാര്‍ത്ഥത്തില്‍ ജനാധിപത്യ വിരുദ്ധം. ആരാധനാലയങ്ങളും പള്ളികളും താഴിട്ടു പൂട്ടുന്ന വെസ്റ്റേണ്‍ മതേതരത്തില്‍ നിന്ന് വിശ്വാസികള്‍ക്കു ആരാധനാലയങ്ങള്‍ തുറന്നു കൊടുക്കുന്ന കിഴക്കന്‍ മതേതരത്തിലേക്കുള്ള തിരിഞ്ഞുനടത്തമാണ് അയാസോഫിയയുടെ പള്ളി പുനഃസ്ഥാപനം എന്ന് നിസ്സംശയം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: