മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണവിധേയമായ സ്വര്‍ണക്കടത്തുകേസില്‍ വിവാദത്തിന്റെ കേന്ദ്ര ബിന്ദുവായിരിക്കുന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ(പിഡബ്യുസി) കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അംഗങ്ങളായ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത് ഇടതുമുന്നണി സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തുന്നതാണ്. സ്വര്‍ണക്കടത്തു കേസിലെ മുഖ്യ കണ്ണി സ്വപ്ന സുരേഷിന് ഐടി വകുപ്പിലെ സ്പേസ് പാര്‍ക്കില്‍ ഉന്നത ജോലി നല്‍കിയതിനു പിന്നില്‍ പിഡബ്ല്യുസി ആണെന്നും, ഇപ്പോള്‍ സസ്പെന്‍ഷനിലായിരിക്കുന്ന മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നും കമ്മിറ്റി കണ്ടെത്തിയതായാണ് അറിയുന്നത്. സ്വപ്നയുടെ ഐടി വകുപ്പിലെ നിയമനത്തിനു പിന്നില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന നിലപാടാണ് വിവാദത്തിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചത്. ഇത് ഫലത്തില്‍ പിഡബ്ല്യുസിയെ സംരക്ഷിക്കുന്നതായിരുന്നു. കരിമ്പട്ടികയില്‍പ്പെടുത്തേണ്ടതാണ് ഈ കമ്പനിയെന്ന ശുപാര്‍ശ മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമല്ലെന്നതിന് തെളിവാണ്.
ഭരണത്തിന്റെ മുഖ്യചാലക ശക്തിയായാണ് പിഡബ്ല്യുസി പ്രവര്‍ത്തിച്ചതെന്ന്, ഇതിനകം വെളിപ്പെട്ട വിവരങ്ങളില്‍നിന്ന് വ്യക്തമാണ്. വ്യവസായ ഇടനാഴി, കെ ഫോണ്‍, ഇ ബസ്, ഇ മൊബിലിറ്റി തുടങ്ങിയ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ പോലുമില്ലാതെ കോടിക്കണക്കിന് രൂപയുടെ കരാര്‍ നല്‍കിയത് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷനോട് പുലര്‍ത്തുന്ന അനുഭാവമാണ് പിഡബ്ല്യുസിക്ക് അവിഹിതമായ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതെന്ന് ആക്ഷേപമുണ്ട്. പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ എക്സാലോജിക്കിന്റെ കണ്‍സള്‍ട്ടന്റു കൂടിയാണെന്ന് അറിയുമ്പോള്‍ ഈ ആക്ഷേപത്തിനു പിന്നില്‍ കഴമ്പുണ്ടെന്നു തന്നെ കരുതണം. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി കണക്ഷനാണ് പിഡബ്ല്യുസിയെ മുന്‍വാതിലിലൂടെയും പിന്‍വാതിലിലൂടെയും സഹായിക്കാന്‍ ശിവശങ്കറിന് ധൈര്യം പകര്‍ന്നതെന്നു വേണം വിശ്വസിക്കാന്‍. ‘മകളേ, നിനക്കുവേണ്ടി’ എന്ന മുഖ്യമന്ത്രിയുടെ മനോഭാവം തല്‍പ്പര കക്ഷികള്‍ നന്നായി ചൂഷണം ചെയ്തിരിക്കണം.
ശിവശങ്കറിനെപ്പോലുള്ള ബ്യൂറോക്രാറ്റുകളുടെ ഇടപെടലുകള്‍ എന്തുതന്നെയായിരുന്നാലും സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. ഇക്കാര്യത്തില്‍ അത്യന്തം ഗുരുതരമായ വീഴ്ചകളാണ് ഉണ്ടായിട്ടുള്ളത്. കോവിഡ് രോഗബാധിതരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സ്പ്രിങ്കഌ എന്ന അമേരിക്കന്‍ കമ്പനിയെ ഏല്‍പ്പിച്ചത് വിവാദത്തിന്റെ കൊടുങ്കാറ്റു തന്നെ ഉയര്‍ത്തി. ഇത് ഐടി സെക്രട്ടറിയെന്ന നിലയ്ക്ക് സ്വന്തമായി എടുത്ത തീരുമാനമാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണ് ശിവശങ്കര്‍ ചെയ്തത്. ഇതിനെ മുഖ്യമന്ത്രി സമ്പൂര്‍ണമായി പിന്തുണച്ചു. ഒടുവില്‍ വഴിവിട്ട നടപടികളും സ്ഥാപിത താല്‍പ്പര്യവും പുറത്തായതോടെ പറഞ്ഞതെല്ലാം വിഴുങ്ങി സ്പ്രിങ്കഌറുമായുള്ള ബന്ധം സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടിവന്നു. ശിവശങ്കരന് തെറ്റു ചെയ്തുവെന്ന് ഇതില്‍നിന്ന് വ്യക്തമായിരുന്നു. പക്ഷേ ആ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. ഇതോടെ അയാള്‍ കൂടുതല്‍ കരുത്തനായി മാറുന്നതാണ് കണ്ടത്. ഇതിനുശേഷമാണ് സ്വര്‍ണക്കടത്ത് വിവാദം വരുന്നതും ശിവശങ്കര്‍ കൈയോടെ പിടിക്കപ്പെട്ടതും. എന്നിട്ടും ലഭിച്ചു മുഖ്യമന്ത്രിയുടെ ആശ്രിത വാത്സല്യം!
കണ്‍സള്‍ട്ടന്റ് ഏജന്‍സികളോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്ന അതിരുവിട്ട ആഭിമുഖ്യത്തിനു പിന്നില്‍ ഇനിയും പുറത്തുവരാത്ത നിക്ഷിപ്ത താല്പര്യങ്ങള് ഉണ്ടായിരിക്കും. മുഖ്യമന്ത്രിയുടെ നെതര്‍ലന്‍ഡ്സ് യാത്രയ്ക്ക് സഹായം ചെയ്ത വിദേശ കമ്പനിയായ ഹസ്കോണിങ്ങിന് റീബില്‍ഡ് കേരള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്കാന് നീക്കം നടക്കുന്നുവെന്ന വിവരമാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്. ഇതു സംബന്ധിച്ച ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചതായാണ് വിവരം. ടെന്‍ഡര്‍ വിളിച്ച് കിട്ടിയ 12 കമ്പനികളില്‍നിന്ന് തെരഞ്ഞെടുത്ത നാല് കമ്പനികളെ ഒഴിവാക്കിയാണ് നെതര്‍ലന്‍ഡ്സ് കമ്പനിക്ക് കരാര്‍ നല്കുന്നതത്രേ. ഇത്രയൊക്കെ വിവാദമുയര്‍ന്നിട്ടും യാതൊരു സുതാര്യതയുമില്ലാതെ വിദേശ കമ്പനികളുടെ പുറകെ പോകുന്ന ഒരു ഭരണകൂടം രാജ്യത്ത് വേറെ ഉണ്ടോയെന്ന് സംശയമാണ്. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം സര്‍ക്കാര്‍ ചെയ്യണം. ഉദ്യോഗസ്ഥരെക്കൊണ്ട് ആ പണിയെടുപ്പിക്കാനാണ് മന്ത്രിമാര്‍. ഇതിന് കഴിയാത്തവര്‍ ആ സ്ഥാനത്ത് കയറിയിരിക്കരുത്. ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ടെന്ന് ഭരണാധികാരികള്‍ ഓര്‍ക്കുന്നത് കൊള്ളാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: