മാനവരാശിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്തുകൊണ്ട് അനുദിനം പടരുന്ന കൊറോണ വൈറസ് ഒരു യുദ്ധത്തിലെന്നപോലെയാണ് മനുഷ്യരെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നത്. വെറും ഒരു പനി വൈറസ് മാത്രമായിരുന്ന കൊറോണ ഇപ്പോള്‍ രൂപാന്തരം സംഭവിച്ച് അപകടകാരിയായ കൊലയാളിയായി മാറിയിരിക്കുകയാണ്. വികസിത- വികസ്വര രാഷ്‌ട്രമെന്നോ ദരിദ്ര രാഷ്‌ട്രമെന്നോ ഭേദമില്ലാതെയാണ് വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്നത്. മാരകമായ രീതിയില്‍ വൈറസ് പടര്‍ന്നുപിടിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് വേണ്ടത്ര ശുശ്രൂഷയും പരിചരണവും ഒരുക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് മിക്ക രാഷ്‌ട്രങ്ങളും.
ചികിത്സയും പരിചരണവും പര്യാപ്തമാകാത്തതിന്റെ പ്രധാനകാരണങ്ങളിലൊന്ന് നഗരങ്ങളില്‍ അധിവസിക്കുന്ന ജനങ്ങളുടെ ബാഹുല്യം തന്നെയാണ്. കൊറോണക്കാലത്ത് പ്രകൃതി നല്‍കുന്ന സന്ദേശം പോലും മനുഷ്യന്‍ ഈ ഭൂമിയില്‍ ഒരു അനിവാര്യതയേ അല്ലെന്നാണ്. അപ്പോള്‍ അനുദിനം പെറ്റുപെരുകുന്ന മനുഷ്യര്‍ മനുഷ്യ സമൂഹത്തിന് തന്നെ വെല്ലുവിളിയാകുന്ന അവസ്ഥയാണ്.
കൊറോണ പടര്‍ത്തിയ ചൈന തന്നെയാണ് ലോകത്തില്‍ ജനസംഖ്യയില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന രാജ്യം. കൊറോണ വ്യാപനം പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ തെരുവുകളിലും മറ്റും ശവശരീരങ്ങള്‍ മറവ് ചെയ്യാതെ കിടക്കുന്നത് അന്താരാഷ്‌ട്രമാധ്യമങ്ങള്‍ ചൈനയുടെ ഇരുമ്പുമറ പൊട്ടിച്ച് ലോകത്തെ അറിയിച്ചിരുന്നു.
സമഗ്രാധിപത്യമുള്ള ആ രാഷ്‌ട്രത്തിന് ജനസംഖ്യയ്‌ക്ക് ആനുപാതികമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കൊറോണ വ്യാപനം വെളിപ്പെടുത്തിയിരിക്കുന്നത്.
മാരകരോഗങ്ങളും പ്രകൃതിക്ഷോഭങ്ങളും മനുഷ്യവംശത്തെ കൊന്നൊടുക്കുന്നുണ്ടെങ്കിലും ജനസംഖ്യാവര്‍ദ്ധനവ് വരുത്തിവയ്‌ക്കുന്ന കെടുതികള്‍ അതിലും വലുതാണ്. ഭൂമിയുടെയും പ്രകൃതിയുടെയും വിഭവങ്ങളുടെയും സന്തുലിതാവസ്ഥയെ ജനസംഖ്യ വിസ്ഫോടനം ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് കൊറോണയുടെ വരവ്.
ചൈന കഴിഞ്ഞാല്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയും ഈ പ്രശ്നങ്ങളൊക്കെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ചൈനയെ ജനസംഖ്യയില്‍ മറികടക്കുമെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ റിപ്പോര്‍ട്ട്. 2019 ലെ കണക്കുകള്‍ പ്രകാരം 1.43 ദശലക്ഷമാണ് ചൈനയുടെ ജനസംഖ്യ. 1.37 ദശലക്ഷവുമായി ഇന്ത്യ തൊട്ടുപിന്നിലുണ്ട്. അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ ലോകജനസംഖ്യ 2000 ദശലക്ഷമായി വര്‍ദ്ധിക്കുമെന്നും യു. എന്‍. റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദിവസം ലോകത്ത് 2,11,090 കുട്ടികളാണത്രേ പിറക്കുന്നത്.
ജനസംഖ്യയുടെ ദശാബ്ധ വളര്‍ച്ചാനിരക്ക് നോക്കുമ്പോള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വച്ച് ഏറ്റവും കുറവ് കേരളത്തിലാണെന്നൊരു മികവ് മലയാളികള്‍ക്ക് അഭിമാനമാണ്. കേരളത്തിലെ ജില്ലകളില്‍ മലപ്പുറം ഒരു അപവാദം (13.4%) ആണെങ്കിലും പത്തനംതിട്ടയില്‍ ജനനനിരക്ക് വെറും (-3.0% ) മാത്രമാണ്. ശിശു മരണനിരക്ക്, മാതൃമരണനിരക്ക്, സ്ത്രീ- പുരുഷ അനുപാതം, സാക്ഷരത നിരക്ക് തുടങ്ങി ഏതാണ്ട് എല്ലാ മേഖലകളിലും വികസിത രാജ്യങ്ങള്‍ക്ക് സമാനമാണ് കേരളമെന്ന് ജനസംഖ്യാശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. അപ്പോഴും കേരളം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം കേരളത്തിലെ ആറില്‍ ഒരാള്‍ മുതിര്‍ന്ന പൗരനായി തീര്‍ന്നിരിക്കുന്നുവെന്നതാണ്. ഭാരതത്തെപ്പോലുള്ള ഒരു രാജ്യത്ത് ജനസംഖ്യയിലുള്ള അമിതമായ വര്‍ദ്ധനവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പട്ടിണി, ദാരിദ്ര്യം എന്നീ സാമൂഹിക പ്രശ്നങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ രാജ്യത്തിന് കഴിയാതെവരും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവ ഭൂരിപക്ഷത്തിന് അപ്രാപ്യവുമാകും.
കോവിഡ് പോലുള്ള മഹാമാരികള്‍ പ്രശ്നത്തെ കൂടുതല്‍ ദുഷ്‌ക്കരവുമാക്കും. രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത് അതിജീവനത്തിനും നിലനില്‍പ്പിനും തീവ്രമായ പോരാട്ടം വേണ്ടിവരുമെന്നാണ്. എന്നാല്‍ അനുദിനം വര്‍ദ്ധിക്കുന്ന ജനസംഖ്യ എല്ലാ പരിശ്രമങ്ങളെയും പാഴ് വേലയാക്കും.
കുടുംബാസൂത്രണം മനുഷ്യാവകാശമാണെന്നതായിരുന്നു 2018 ലെ ജനസംഖ്യാദിനത്തിന്റെ പ്രധാന സന്ദേശം. വര്‍ത്തമാനകാല ലോകസാഹചര്യം ആവശ്യപ്പെടുന്നതും 2018 ന്റെ സന്ദേശം വരുംകാലങ്ങളും കര്‍ശനമായി പിന്തുടരണമെന്നാണ്. അടല്‍ബിഹാരി വാജ്പേയ് സര്‍ക്കാരിന്റെ ഭരണകാലത്ത് നടപ്പാക്കിയ ഒമ്പതാം പഞ്ചവത്സര പദ്ധതി (1997-2002) മുഖ്യമായും ലക്ഷ്യമിട്ടത് ദ്രുതഗതിയിലുള്ള സാമ്പത്തികവളര്‍ച്ചയും സാമൂഹികനീതിയുമായിരുന്നു. എന്നാല്‍ ജനസംഖ്യ നിയന്ത്രണവും പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നായി വാജ്പേയ് സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. സുസ്ഥിര ഭാരതവികസനത്തിന് ഇന്ത്യന്‍ ജനതയുടെ അടിസ്ഥാന ജീവിത നിലവാരം ഉയര്‍ത്തുകയും സാക്ഷരതാ നിരക്ക് കൂട്ടുകയും ശുദ്ധമായ കുടിവെള്ളം, പാര്‍പ്പിടം എന്നിവ ഓരോ പൗരന്‍മാര്‍ക്കും ലഭ്യമാക്കണം. ജനസംഖ്യ വര്‍ദ്ധന അതിന് വിലങ്ങുതടിയാകാന്‍ പാടില്ല. മുത്തലാഖ് പോലുള്ള സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ട് സ്ത്രീ സമത്വം ഉറപ്പാക്കിയ മോഡി ഭരണകൂടം ജനസംഖ്യാനിയന്ത്രണത്തിനും ശക്തമായ നിയമ നിര്‍മ്മാണങ്ങള്‍ കൊണ്ടുവരേണ്ടിരിയിക്കുന്നു. അത് കോവിഡാനന്തര തലമുറയോട് ചെയ്യുന്ന വലിയ പുണ്യമായിരിക്കും.
മാധവന്‍ ബി നായര്‍ (പ്രസിഡന്റ്, ഫൊക്കാന)
പ്രതികരിക്കാൻ ഇവിടെ എഴുതുക: