അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ക്ക് കോവിഡ്. ഡോക്ടര്‍മാരടക്കം നിരവധി പേര് ക്വാറന്റൈനില്‍. മുഹമ്മ സ്വദേശിയായ 50 വയസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെയാണ് ഇദ്ദേഹത്തെ മെഡിസിന് വിഭാഗം പതിനാലാം വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ സ്രവ പരിശോധനയില്‍ വൈകിട്ടോടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനു ശേഷം ഇദ്ദേഹത്തെ കോവിഡ് വാര്‍ഡിലേക്കു മാറ്റി. ഈ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്കി.
ഇതു കൂടാതെ ഈ രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട അഞ്ചു ഡോക്ടര്‍മാര്‍, ആറ് നഴ്സുമാര്‍, നാലു ഹൗസ് സര്ജന്മാര്, മൂന്നു അറ്റന്‍ഡര്‍മാര്‍, ഇസിജി ടെക്നീഷ്യന്, ലാബ് ടെക്നീഷ്യന്, റേഡിയോഗ്രാഫര്‍ എന്നിവരടക്കം മറ്റ് 21 പേരും ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം നല്കി. രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പതിനാലാം വാര്‍ഡ് അണുവിമുക്തമാക്കി. രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ അടിയന്തര യോഗവും ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: