പ്രതീക്ഷിച്ചതിലും വേഗത്തില്‍ സംസ്ഥാനത്ത് കൊറോണ പകരുകയാണ്. മരണം അന്‍പതായി. രോഗികളുടെ എണ്ണത്തിലെ പ്രതിദിന വര്‍ധന എവിടെ ചെന്ന് നില്‍ക്കുമെന്നതിന് ഒരു നിശ്ചയവുമില്ല. രാജ്യത്താകെ 49 ജില്ലകളിലാണ് കോവിഡ് 19 ന്റെ കലശലായ വര്‍ധന. സമൂഹ വ്യാപനത്തിന്റെ സ്ഥിതി ഉണ്ടാകില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. കേരളത്തിലെ രോഗികളുടെയും മരണത്തിന്റെയും ശതമാന കണക്ക് നിരത്തി മികച്ച പ്രതിരോധമെന്ന് മുഖ്യമന്ത്രി പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ വിസ്തരിക്കുന്നതിനെ ചോദ്യം ചെയ്യുന്നില്ല. രാജ്യത്താകമാനമുള്ള രോഗവ്യാപ്തിയും മരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും മനസ്സിലാക്കാന്‍ കഴിയുന്നവരുടെ മുന്നില്‍ മുഖ്യമന്ത്രിയുടെ വാചകമടി, അഭിമാനത്തോടെയല്ല ജനം വീക്ഷിക്കുന്നതെന്ന് മനസ്സിലാക്കണം.
സംസ്ഥാന സര്‍ക്കാരിന്റെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും മിടുക്ക് കൊണ്ടാണ് കേരളം കരകയറുന്നതെന്ന അവകാശവാദം അല്പം കടന്നകൈ ആയിപ്പോയി. പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയും മുന്നണിയും കഴിവിനൊത്ത് കോവിഡ് 19 പ്രതിരോധത്തില്‍ പങ്കാളിയായില്ല എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. കേരളത്തില്‍ മാത്രമല്ല, രാജ്യത്താകമാനം കോണ്‍ഗ്രസിന്റെ സമീപനം നിഷേധാത്മകമാണ്. നാഥനില്ലാതായ ആ കക്ഷിയുടെ തലപ്പത്ത് ഇന്നുള്ളവരെല്ലാം ഗ്യാലറിയിലിരുന്ന് കളി കാണുക മാത്രമാണ് ചെയ്യുന്നത്. അണികളോട് സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകണമെന്ന് ആഹ്വാനം ചെയ്യാന്‍ പോലും അവര്‍ കൂട്ടാക്കുന്നില്ല. ദിവസത്തില്‍ 24 മണിക്കൂറും എന്ന വണ്ണം രാജ്യത്തിനും ലോകത്തിനും വേണ്ടിയും പ്രയത്നിക്കുന്ന പ്രധാനമന്ത്രിയെ പരിഹസിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നിരന്തരം ശ്രമിക്കുന്നത്. പക്ഷേ, ജനങ്ങള്‍ അതിനെയെല്ലാം തൃണവത്ഗണിച്ച് സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്കൊപ്പം നില്ക്കുന്ന കാഴ്ചയാണെങ്ങും. ലോക രാജ്യങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ നമ്മുടെ രാജ്യത്തെ രോഗ വ്യാപനവും മരണനിരക്കും താഴ്ന്ന നിലയിലായത് അതുകൊണ്ടാണ്. രോഗമുക്തി നേടുന്നവരുടെ ശതമാനം ഇപ്പോള്‍ 63 ല്‍ ആണെന്നോര്‍ക്കണം. കേരളത്തിലത് 42 ശതമാനമാണ്.
പ്രതിപക്ഷത്തെ അടച്ചാപേക്ഷിക്കും വിധം ചൊവ്വാഴ്ച മുഖ്യമന്ത്രി പ്രസ്താവന നടത്തിയത് ഒട്ടും ശരിയായില്ല. പ്രളയകാലത്തായാലും ഇപ്പോള്‍ മഹാമാരിയുടെ സമയത്തായാലും സര്‍ക്കാരിന്റെ തിട്ടൂരം കാക്കാതെയും സൗജന്യങ്ങളും സാമ്പത്തികനേട്ടങ്ങളും കണക്കിലെടുക്കാതെയും പ്രയത്നിക്കുന്ന സേവന സംഘടനകളുണ്ട്. അതില്‍ മുന്നില്‍ നില്ക്കുന്ന പ്രസ്ഥാനമാണ് സേവാഭാരതി. സര്‍ക്കാരിന്റെ അടുക്കളയെയോ ഭക്ഷ്യകിറ്റുകളെയോ ആശ്രയിക്കാതെ ലക്ഷക്കണക്കിനാളുകള്‍ക്ക് അന്നം നല്കിയ പ്രസ്ഥാനമാണത്. അതിനെ അഭിനന്ദിക്കാന്‍ മുഖ്യമന്ത്രിക്കും ഇടത് സര്‍ക്കാരിനും വൈമനസ്യം ഉണ്ടാക്കുന്നത് സ്വാഭാവികം. സര്‍ക്കാരിന്റെ പ്രശംസ വരുന്നതും കാത്തിരിക്കുന്ന പ്രസ്ഥാനമല്ല അതെന്ന് ജനങ്ങള്‍ക്ക് നന്നായറിയാം.
കോവിഡ് കാലത്തെ പ്രവര്‍ത്തനവും പെരുമാറ്റവും പ്രോട്ടോക്കോളുമെല്ലാം അവഗണിച്ച് സര്‍ക്കാര്‍ ചെയ്യുന്ന നടപടികള്‍ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നതിന്റെ തെളിവാണ് ‘കിം’ പരീക്ഷ. ആയിരക്കണക്കിന് ആളുകള്‍ക്ക് ഒത്തുകൂടാനും തിക്കിത്തിരക്കാനും അത് വഴിവച്ചു എന്നത് തിരുവനന്തപുരത്തും കോഴിക്കോട്ടുമൊക്കെ കണ്ടതാണല്ലൊ. ഈ പരീക്ഷയില്‍ പങ്കെടുത്ത അഞ്ചു വിദ്യാര്‍ത്ഥികള്‍ രോഗബാധിതരായി. തിരക്കുകൂട്ടി, അകലം പാലിച്ചില്ല എന്നതിന്റെ പേരില്‍ ഏതാനും രക്ഷിതാക്കള്‍ക്കും കണ്ടാലറിയാവുന്ന കുറേ പേര്‍ക്കും എതിരെ കേസ്സെടുത്തതായും പറയുന്നു. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കുകയും വിദ്യാലയങ്ങള്‍ തുറക്കാതിരിക്കുകയും ചെയ്യുമ്പോള്‍ എന്തിനാണ് ഈ പരീക്ഷ നടത്താന്‍ നിര്‍ബന്ധം പിടിച്ചത്? മുഖ്യമന്ത്രിക്കതില്‍ പങ്കില്ലേ? അഭിപ്രായം പറയേണ്ട, സ്വര്‍ണക്കടത്തിനെ കുറിച്ച് മിണ്ടരുത്, സമരം വേണ്ടേ വേണ്ടെ എന്നൊക്കെ പറയുന്ന മുഖ്യമന്ത്രി രോഗവ്യാപനത്തിന്റെ പ്രതികളെ തേടുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. ജനങ്ങളത് തിരിച്ചറിയുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: