‘എല്ലാം ദൈവനിശ്ചയം പോലെ വരൂ. തലയില്‍ വര മാറ്റാന്‍ കഴിയില്ലല്ലോ! ‘ഇത്തരം സംഭാഷണങ്ങളും ആത്മഗതങ്ങളും സര്വസാധാരണമാണല്ലോ. ജീവിതം മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട തിരക്കഥ പോലെയാണോ? ധാരാളം സാധ്യതകളുള്ളതും സംവാദാത്മകവുമായ വിഷയമാണിത്. രാമായണവും ഇതരപുരാണങ്ങളുമെല്ലാം ഈ ചോദ്യത്തിന് ‘അതെ’ എന്ന ഉത്തരമാണ് നല്‍കുന്നത്. എന്നാല്‍ സിനിമാഭാഷയില്‍ തന്നെ പറഞ്ഞാല്‍ ‘ട്വിസ്റ്റുകള്‍’ ജീവിതത്തിലും ഗതിവിഗതികള്‍ സൃഷ്ടിക്കുന്നുണ്ട്. അതായത് പരിപൂര്‍ണമായ് വരച്ചിട്ട നേര്രേഖയുമല്ല ജീവിതം. ഇതിനിടയ്ക്കെവിടെയോയാണ്.
പൂര്‍വജന്മത്തിലെ കര്‍മ്മത്തിന്റെ അവശിഷ്ടമാണ് പ്രാരാബ്ധം. അതായത് ആ ജന്മത്തില് ചെയ്തുപോയ കര്‍മ്മങ്ങളുടെ (നല്ലതോ ചീത്തയോ) ഫലം മുഴുവന്‍ ആ ജന്മത്തില് അനുഭവിക്കാന്‍ സാധിക്കാത്ത പക്ഷം ബാക്കി അടുത്ത ജന്മത്തില് വ്യവഹരിക്കുക. ഒരാള്‍ ജന്മനാ ഭാഗ്യവാനും നിര്ഭാഗ്യവാനുമാകുന്നതുകൊണ്ടെന്ന് മനസ്സിലായല്ലോ.
സിനിമയുമായ് ബന്ധപ്പെട്ട് തിരക്കഥ എന്ന പദം സാധാരണ ജനങ്ങള്‍ക്കും സുപരിചിതമായിരിക്കും. എങ്ങനെ സിനിമ ചിത്രീകരിക്കണം എന്നെഴുതിവെച്ചിട്ടുള്ള ലിഖിതരൂപമാണ് തിരക്കഥ. എന്നാല്‍ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ, സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് അവഗാഹമുള്ളവര്ക്കോ അറിയാം. എഴുതിവെച്ചിട്ടുള്ള ലിഖിതരൂപം അക്ഷരത്തോടക്ഷരം ചിത്രീകരിക്കപ്പെടുന്നതുമല്ല സിനിമ. സംഭാഷണങ്ങളും സീനുകളും മറ്റും പല കാരണങ്ങള്‍കൊണ്ടും മാറിമറിയാം. കഥയുടെ സത്ത, പര്യവസാനം മാറുകയുമില്ല.
ഇതുപോലെ തന്നെയാണ് മനുഷ്യജീവിതവും. വിധി/തലയില്വരയ്ക്ക് മാറ്റമില്ല. പക്ഷെ ആളുടെ സ്ഥിരോല്‍സാഹം, അര്‍പ്പണം, മടി, അലസത ഇതെല്ലാം ജീവിതത്തെ കൂടുതല്‍ തെളിച്ചമുള്ളതാക്കുകയോ, ദുര്‍ഘടമാക്കുകയോ ചെയ്യാം. എന്നാലോ പരിണതിയില്‍ വ്യത്യാസമില്ല. പ്രാരാബ്ധത്തില്‍ നിന്ന് മുക്തിയില്ല. ആയാസവും അനായാസവും വ്യക്തിയുടെ പ്രവര്‍ത്തിയെ ആശ്രയിച്ചിരിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഇഹത്തില്‍ ഈ തത്വത്തെ മുഴുവന്‍ പഴുതടച്ച് വിവരിക്കാനും സാധ്യമല്ല. അത്രയും ജ്ഞാനം മനുഷ്യനിതുവരെ നേടിയിട്ടില്ല എന്നതാണ് വാസ്തവം.
ത്രേതായുഗത്തില്‍ മാനവനായ് പിറന്ന ശ്രീരാമന്റെ ജീവിതപഥം മുന്‍കൂട്ടി പ്രവചിക്കുന്ന അനവധി സംഭവങ്ങള്‍ രാമായണത്തില്‍ കണ്ടെത്താന്‍ കഴിയും. ഗൗതമഹര്‍ഷിയുടെ പത്നി അഹല്യ അബദ്ധത്തില്‍ ഭര്‍ത്താവാണെന്ന് കരുതി ഇന്ദ്രനുമൊത്ത് ശയിക്കുന്നു. അതറിഞ്ഞ് കുപിതനായ മഹര്‍ഷി അഹല്യയെ ഒരു കല്ലായ് തീരട്ടെ എന്ന് ശപിക്കുന്നു. പിന്നീട് മനസ്താപം വന്ന് അതീന്ദ്രിയജ്ഞാനമുള്ള ഋഷി ശാപമോക്ഷവും നല്കുന്നു. വിഷ്ണു മനുഷ്യനായ് അവതരിക്കുമെന്നും സീതാന്വേഷകനായ് ഈ വനത്തിലൂടെ യാത്ര ചെയ്യവേ ഭഗവാന്റെ പാദസ്പര്ശമേറ്റ് അഹല്യക്ക് മനുഷ്യരൂപം തിരിച്ചുകിട്ടുമെന്നും.
മറ്റൊരു ഉദാഹരണമാണ് സമ്പാതി എന്ന കഴുകന്റെ കഥ. തന്റെ സഹോദരനായ ജടായുവുമായ് പന്തയം വെച്ച് മത്സരബുദ്ധിയോടെ ഉയരങ്ങളിലേക്ക് പറന്ന സമ്പാതിയുടെ ചിറക് സൂര്യതാപത്താല്‍ കരിഞ്ഞ് കഴുകന് താഴേക്ക് വീഴുന്നു. ചന്ദ്രമസ്സ് എന്ന മഹര്‍ഷിയുടെ പര്ണശാലയ്ക്കരികിലാണ് സമ്പാതി നിലംപതിച്ചത്. മത്സരബുദ്ധിയാലും അഹങ്കാരത്താലും സംഭവിച്ച അംഗവൈകല്യത്തില്‍ പക്ഷി അതിയായ് ദുഃഖിച്ചു. ചിറകുകളില്ലാതെ പറവയായ് ജീവിച്ചിട്ടെന്തുകാര്യം? ആ അവസ്ഥയില്‍ മഹര്‍ഷി സമ്പതിക്ക് ജ്ഞാനോപദേശം നല്കുന്നു. ശേഷിച്ച കാലമെങ്കിലും ജന്മസാഫല്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഒരിക്കല്‍ ശ്രീരാമകാര്യത്തിനായ് വാനരന്മാര് ഇതുവഴി വരുമെന്നും അവര്‍ക്ക് വാക്സഹായം ചെയ്തുകൊടുത്താല്‍ നഷ്ടപ്പെട്ട ചിറകുകള് മുളക്കുമെന്നും. ജീവിതതിരക്കഥയുമായ് ബന്ധപ്പെട്ട് ഇത്തരത്തിലുള്ള അനവധി മുഹൂര്‍ത്തങ്ങള്‍ രാമായണത്തില്‍ ഇനിയുമുണ്ട്.
പ്രദീപ് പേരശ്ശന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: