തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിരവധി തവണ വകുപ്പ്തല നടപടികള്‍ നേരിട്ട ജീവനക്കാരനെ ദേവസ്വം കമ്മീഷണറുടെ അസിസ്റ്റന്റായി നിയമിച്ചു. ഹൈക്കോടതി ഉത്തരവിലൂടെ നിയമിക്കുന്ന കമ്മീഷണറുടെ ഓഫീസില്‍ പ്രധാന തസ്തികയില്‍ ശിക്ഷണ നടപടികള്‍ നേരിട്ടയാളെ നിയമിക്കാന്‍ പാടില്ലെന്നിരിക്കെയാണ് ബോര്‍ഡ് താത്പര്യത്തിന് അനുസരിച്ച് നിയമനം നല്‍കിയിരിക്കുന്നത്.
മലയാലപ്പുഴ ദേവസ്വംഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്ന മധുസൂദനന് നായരെയാണ് നന്തന്‍കോട് ദേവസ്വം ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷന് ഡെപ്യൂട്ടി കമ്മീഷണര്‍ തസ്തിക നല്കി ദേവസ്വം കമ്മീഷണറുടെ അസിസ്റ്റന്റ് ആയി നിയമിച്ചിരിക്കുന്നത്. മധുസൂദനന്‍നായര്‍ നെയ്യാറ്റിന്‍കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറായിരിക്കെ വകുപ്പ് തല ശിക്ഷണ നടപടികള്‍ നേരിട്ടിരുന്നു. പാറശ്ശാല മുര്യങ്കര ദേവസ്വത്തിലെ ഉപദേശക സമിതിയിലെ അംഗങ്ങളോടുള്ള വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് പണാപഹരണം നടത്തിയെന്ന് ആക്ഷേപം ഉന്നയിച്ചു.
ഉപദേശക സമിതിയിലെ അംഗങ്ങള്‍ ദേവസ്വം ബോര്‍ഡിനു നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മധുസൂദനന്‍നായരുടെ നടപടി തെറ്റാണെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് വകുപ്പ്തല നടപടി എടുത്തു. അവിടെ നിന്നും മലയാലപ്പുഴ ദേവസ്വത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു. അവിടെ വച്ചും വകുപ്പ്തല നടപടി നേരിട്ടു. എന്നിട്ടും ബോര്‍ഡിലെ സ്വാധീനത്താല്‍ സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു.
സാധാരണ വകുപ്പു തല ശിക്ഷാ നടപടികളോ മറ്റ് നിയമനടപടികളില്പെട്ടവരെ കമ്മീഷണര്‍ ഓഫീസില്‍ അസിറ്റന്റ് ആയി നിയമിക്കില്ല. എന്നാല്‍ ബോര്‍ഡ് ഭരണ സമിതി പ്രത്യേക താത്പര്യമെടുത്താണ് മധുസൂദനന്‍നായരെ കമ്മീഷണര്‍ ഓഫീസില്‍ നിയമിച്ചത്. കമ്മീഷണര്‍ ഓഫീസില്‍ എത്തുന്ന എല്ലാ ഫയലുകളും മധുസൂദനന്‍നായരുടെ കൈയിലാണ് ആദ്യം എത്തുക. ഈ ഫയലുകളെല്ലാം പരിശോധിച്ച ശേഷമാണ് കമ്മീഷണര്‍ക്ക് കൈമാറുന്നത്. ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെയും മറ്റ് ജീവനക്കാര്‍ക്കെതിരെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നിരവധി പരാതികള്‍ കമ്മീഷണര്‍ ഓഫീസില്‍ എത്താറുണ്ട്. ഇതെല്ലാം മധുസൂദനന്‍നായര്‍ക്ക് അറിയാന്‍ സാധിക്കും. യഥാസമയം അതാത് സ്ഥലങ്ങളില്‍ വിവരം നല്കാനുമാകും. നടപടികള്‍ക്ക് കമ്മീഷണര്‍ നിര്‍ദ്ദേശിക്കും മുമ്പേ പരാതികള്‍ ഒത്തു തീര്‍ക്കാനാകും.
മധുസൂദനന്‍നായര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിനെതിരെയും ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം ഉണ്ട്. ഒരു തവണ ശിക്ഷാ നടപടികള്‍ നേരിട്ടതിന്റെ പേരില്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാതിരിക്കെയാണ് നിരവധി നടപടികള്‍ നേരിട്ടയാള്‍ക്ക് ഉന്നത സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.
ശിക്ഷാ നടപടികള്‍ ശ്രദ്ധയില്‍പെട്ടില്ല: എന്‍. വാസു
മധുസൂദനന്നായര്ക്കെതിരെയുള്ള ശിക്ഷാ നടപടികള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അറിയിച്ചു. മലയാലപ്പുഴ ദേവസ്വത്തില്‍ ജോലിനോക്കിയിരുന്നപ്പോഴുള്ള നടപടികളെക്കുറിച്ചും അറിയില്ല. മധുസൂദനന്‍നായര്‍ക്ക് അര്‍ഹതയുള്ളതിനാലാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും വാസു പറഞ്ഞു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: