മെല്‍ബണ്‍: ക്രിക്കറ്റ് പരമ്പരയ്ക്കായി ഡിസംബറില്‍ ഓസ്ട്രേലിയയിലെത്തുന്ന ഇന്ത്യന്‍ പുരുഷ ടീമിന് 14 ദിവസത്തെ ക്വാറന്റൈന്. ഇന്ത്യന്‍ ടീം രണ്ടാഴ്ച ക്വാറന്റൈനിലിരിക്കേണ്ടി വരുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടിവ് നിക്ക് ഹോക്ക്ലി വ്യക്തമാക്കി. ഈ സമയത്ത് ടീമിന് പരിശീലനത്തിനുള്ള എല്ലാ സൗകര്യങ്ങളൊരുക്കുമെന്നും ഹോക്ക്ലി പറഞ്ഞു.
അഡ്ലെയ്ഡ് ഓവലിലാകും ക്വാറന്റൈന്. ഗ്രൗണ്ടിനോട് ചേര്‍ന്ന് പുതിയ ഹോട്ടല്‍ നിര്‍മിക്കുന്നുണ്ട്. ഇവിടെയാകും ഇന്ത്യന്‍ ടീമിനെ താമസിപ്പിക്കുക. ഗ്രൗണ്ടില്‍ പരിശീലന സൗകര്യവുമൊരുക്കും. കൊറോണ പരിശോധനകളും പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എല്ലാ സൗകര്യങ്ങളുമുണ്ടാകും. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഇന്ത്യന്‍ ടീമിന് ഇവിടെയെത്താം, അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ നാലിന് ബ്രിസ്ബേനിലാണ് നാലു ടെസ്റ്റുകളുടെ പരമ്പര തുടങ്ങുക. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ട്വന്റി20 ലോകകപ്പ് നടത്തുന്നതില്‍ ഓസ്ട്രേലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. അതേസമയം, ഇന്ത്യയുമായുള്ള പരമ്പരയുമായി മുന്നോട്ടു പോകാനാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ താത്പര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: