പുര കത്തുമ്പോള്‍ വാഴവെട്ടുക എന്നു പറയുന്നതു പോലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍. ഭരണത്തില്‍ ഇനി 320 ദിവസം പോലും അവശേഷിക്കാത്ത സര്‍ക്കാര്‍, കൊറോണ മഹാമാരിയുടെ മറപിടിച്ച് എല്ലാം വാരിക്കൂട്ടാനുള്ള ശ്രമത്തിലാണ്. ഏറ്റവും ഒടുവില്‍ ശബരിമല വിമാനത്താവളമൊരുക്കാന്‍ ചെറുവള്ളി എസ്റ്റേറ്റ് ഝടിതിയില്‍ ഏറ്റെടുക്കാനുള്ള കുറുക്കന് തന്ത്രവുമായാണ് രംഗത്തു വന്നിരിക്കുന്നത്. ശബരിമലയുടെ പരിശുദ്ധിയെ ചെങ്കൊടിയില്‍ പൊതിഞ്ഞ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് കണക്കിന് കിട്ടിയിട്ടും ധാര്‍ഷ്ട്യത്തിന് കുറവൊന്നുമില്ല.
ഇതുസംബന്ധിച്ച കേസില്‍ കഴിഞ്ഞ ദിവസം തുടര്‍വാദം ആരംഭിച്ചിട്ടുണ്ട്. അവിടെ വിമാനത്താവളം വരുന്നതിനെക്കാള്‍ ചിലര്‍ക്ക് അന്യായമായി ഖജനാവില്‍ നിന്ന് പണം വാരിക്കോരി കൊടുക്കാനുള്ള ഒരു ഇടപാടിനാണ് സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിട്ടുള്ളത്. കാലാകാലങ്ങളായി നിലനില്‍ക്കുന്ന രേഖകളും മറ്റും പരിശോധിക്കാതെയും മതിയായ രേഖകള്‍ പൂഴ്ത്തിവെച്ചും സ്വയം തോറ്റു കൊടുക്കുന്ന ഒരു രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് കൃത്യമായ അജണ്ടകളോടെയാണു താനും. ഒരുഭാഗത്ത് ക്ഷുദ്രരാഷ്ട്രീയ താല്‍പ്പര്യമാണെങ്കില്‍ മറുഭാഗത്ത് കോടികള്‍ മറയുന്ന കച്ചവടമാണ്.
സംസ്ഥാനത്തിന്റെയും പ്രത്യേകിച്ച് പത്തനംതിട്ടയുടെയും വന്‍ വികസനം ചൂണ്ടിക്കാണിച്ച് കോടികള്‍ ഒത്താശക്കാര്‍ക്ക് നല്‍കാനാണ് ശ്രമിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച നിയമ നടപടികള്‍ തുടങ്ങിയിട്ട് കാലം കുറെയായി. 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ 77-ാം വകുപ്പനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്നറിയപ്പെട്ടിരുന്ന അയന ചാരിറ്റബിള്‍ ട്രസ്റ്റാണ് കോടതിയില്‍ പോയത്. ചെറുവള്ളി എസ്റ്റേറ്റ് ഉടമയായ ബിഷപ് യോഹന്നാന് അനുകൂലമായ നിലപാട് സ്വീകരിക്കലാണ് സര്‍ക്കാരിന്റെ തന്ത്രം. എരുമേലി-മണിമല എസ്റ്റേറ്റില്‍ പെട്ട ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കര്‍ ഭൂമി പൂര്‍ണമായും സര്‍ക്കാരിന്റേതാണെന്നതാണ് വാസ്തവം. ഇങ്ങനെയിരിക്കെ നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവച്ച് ഭൂമി ഏറ്റെടുക്കുകയെന്നാല്‍ കോടികള്‍ ദാനം ചെയ്യുകയെന്നു തന്നെ.
വനം വകുപ്പിനും ദേവസ്വം ബോര്‍ഡിനും അവകാശപ്പെട്ട ഭൂമി ചെറുവള്ളി എസ്റ്റേറ്റില്‍ ഉണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു വസ്തുത. നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇതു സംബന്ധിച്ച രേഖകളൊക്കെ വിദഗ്ധമായി മാറ്റപ്പെടുകയായിരുന്നു. ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച് തുടക്കം മുതല്‍ നടക്കുന്ന വഞ്ചനയുടെയും ചതിയുടെയും ഒടുങ്ങാത്ത ചരിത്രം അവസാനം ശബരിമല വിമാനത്താവളത്തില്‍ എത്തി നില്‍ക്കുകയാണ്. വഞ്ചിപ്പുഴമഠം വക ഭൂമി കൃഷിയാവശ്യത്തിന് ഒരു ഇംഗ്ലീഷുകാരന് കൊടുക്കുന്നതോടെയാണ് സംഭവഗതികള്‍ മാറി മറഞ്ഞു പോവുന്നത്. മഠം അറിയാതെ അത് മറുപാട്ടത്തിന് മറ്റൊരു സായ്പ് എടുക്കുകയും 1923-ല്‍ അയാളില്‍ നിന്ന് മലയാളം പ്ലാന്റേഷന് (യുകെ) ഭൂമി പാട്ടത്തിനെടുക്കുകയുമായിരുന്നു.
കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചെടുക്കണമെന്ന ആവശ്യം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സുമിത എന്‍.മേനോന് നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിക്കു തുടക്കമാവുന്നത്. 2005 ല്‍ ഹാരിസണിന്റെ കൈവശഭൂമി കണ്ടെത്താന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ നിവേദിത പി.ഹരന് അന്വേഷണം തുടങ്ങി. 76,000 ഏക്കര്‍ ഭൂമിയില്‍ അവര്‍ക്കവകാശമില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതേ വര്‍ഷം ഗോസ്പല്‍ ഏഷ്യ ( ബിലീവേഴ്സ് ചര്‍ച്ച്) എസ്റ്റേറ്റ് തൊഴിലാളികളെയടക്കം വാങ്ങി. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് രണ്ട് മന്ത്രിസഭാ ഉപസമിതികള്‍ രൂപീകരിച്ചു. 2011 ല്‍ കേസ് കോടതിയിലെത്തി. ഭൂമി ക്രയവിക്രയത്തിന് അനുവദിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് വിജിലന്‍സ് രേഖകള്‍ പരിശോധിച്ചപ്പോള്‍ ഒട്ടേറെ ദുരൂഹതകള്‍ കണ്ടെത്തി. ഭൂമി പിടിച്ചെടുക്കാന്‍ രാജമാണിക്യം കമ്മിഷന് ശുപാര്‍ശ ചെയ്തു. എസ്റ്റേറ്റ് വില്‍പ്പന അസാധുവാകുന്ന രേഖകളാണ് കമ്മിഷന് കണ്ടെത്താനായത്.
നൂലാമാലയായ രേഖകളും അതു മുതലാക്കി മുന്നേറിയ ശക്തികളും കൂടി അവര്‍ക്കു യോജ്യമായ തരത്തില്‍ സ്ഥിതിഗതികള്‍ അട്ടിമറിച്ചു എന്നുവേണം പറയാന്‍. 2017 ല്‍ ശബരിമല വിമാനത്താവളമെന്ന അജണ്ടയുമായി സര്‍ക്കാര്‍ രംഗത്തു വന്നതോടെയാണ് നിയമനടപടികള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. അതാണിപ്പോള്‍ സര്‍ക്കാര്‍ ഭൂമിക്ക് സര്‍ക്കാര്‍ തന്നെ പണം കൊടുത്ത് വാങ്ങുന്ന നിലയില്‍ എത്തി നില്‍ക്കുന്നത്.
മഹാമാരിയും സ്വര്‍ണക്കടത്തുമുള്‍പ്പെടെ സംഭവബഹുലമായ അന്തരീക്ഷം രൂപപ്പെട്ടിരിക്കുമ്പോഴാണ് തിരക്കുപിടിച്ച് കുറുക്കുവഴിയിലൂടെ സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ഇതിന്റെ പിന്നില്‍ സ്വര്‍ണക്കടത്തില്‍ നടന്നതു പോലെയുള്ള സംഭവഗതികള്‍ ഉണ്ടാവുമെന്നതിന് സംശയമില്ല. കച്ചവടം നടത്താനും ബന്ധപ്പെട്ടവര്‍ക്കും പാര്‍ട്ടിക്കും സ്വത്തുവകകള്‍ സ്വരുക്കൂട്ടാനുമായുള്ള ഔദ്യോഗിക സംവിധാനമായി സര്‍ക്കാര്‍ മാറുകയാണ്. പൊതുസമൂഹത്തിന്റെ ജാഗ്രതയോടെയുള്ള നിലപാടു മാത്രമേ നാടിനു രക്ഷയാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: