തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് വേണ്ടി വിലനല്‍കി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം നിലവിലുള്ള ഭൂനിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നു ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായി കുമ്മനം രാജേശേഖരന് പറഞ്ഞു.
ഭൂപരിഷ്കരണ നിയമത്തിന്റെയും ഭൂവിനിയോഗ നിയമത്തിന്റെയും ഗുണഫലങ്ങള്‍ ലഭിക്കേണ്ടത് സര്‍ക്കാരിനും ഭൂരഹിതര്‍ക്കുമാണ്. സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്നവരില്‍ നിന്നും വീണ്ടെടുത്ത് ഭൂരഹിതരായ പട്ടികവര്‍ഗ്ഗ – പട്ടികജാതി വിഭാഗങ്ങള്‍ക്കും മറ്റ് പാവപ്പെട്ടവര്‍ക്കും നല്കാന് സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അത് ചെയ്യാതെ കുത്തകക്കാര്‍ക്ക് പണം നല്കി അവരുടെ കൈവശാവകാശം സാധൂകരിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.ചെറുവള്ളി എസ്റ്റേറ്റിലുള്ള ഉടമസ്ഥാവകാശം സര്‍ക്കാര്‍ ഉപേക്ഷിക്കുകയും വില നല്കി ഏറ്റെടുക്കുകയും ചെയ്താല്‍ വിവിധ ഭാഗങ്ങളില്‍ കിടക്കുന്ന പാട്ടക്കാലാവധി കഴിഞ്ഞ 5 ലക്ഷം ഏക്കര്‍ ഭൂമിക്കും സര്‍ക്കാര്‍ പണം നല്‍കേണ്ടി വരുമെന്നും ഫേസ്ബുക്ക് വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കി.
സ്പെഷ്യല്‍ ഓഫീസറായി നിയോഗിച്ച രാജമാണിക്യത്തിന് അധികാരവും പിന്തുണയും നല്കി പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുക്കേണ്ടതിന് പകരം വിഷയത്തെ നിയമക്കുരുക്കിലാക്കി കോടതില്‍ മന: പൂര്‍വ്വം തോറ്റുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിന് വേണ്ടി മുന്‍ കാലങ്ങളില്‍ കേസ് വാദിച്ചു അനുകൂല വിധികള്‍ സമ്പാദിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഗവ: പ്ലീഡര്‍ സുശീലാ ഭട്ടിനെ മാറ്റിയത് കോര്‍പറേറ്റ് ശക്തികളുടെ സമ്മര്‍ദ്ദ ഫലമായിട്ടാണ്.
ചെറുവള്ളി എസ്റ്റേറ്റ് വനഭൂമിയായിരുന്നുവെന്ന് 1905 ലെ സെറ്റില്‍മെന്റ് രെജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമ ദേവസ്വത്തിന്റെ ഭൂമിയും ഇതിലുണ്ടെന്ന് രേഖകളില്‍ കാണുന്നു. അതിനെയെല്ലാം മറികടന്നുകൊണ്ടാണ് ഹാരിസണ്‍ കമ്പനി 1923 ഇല് രേഖകള്‍ ചമച്ചു ഭൂമി കൈവശപ്പെടുത്തിയത് . ജസ്റ്റിസ് മനോഹരന് കമ്മീഷനും , വിജിലന്‍സും , റവന്യു സെക്രെട്ടറിയും രാജമാണിക്യവും വിശദമായ അന്വേഷണം നടത്തുകയും രേഖകളെല്ലാം പരിശോധിക്കുകയും ചെയ്തശേഷമാണ് ചെറുവള്ളി എസ്റ്റേറ് സര്‍ക്കാരിന്റേതാണെന്ന് വിധി എഴുതിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുടെ പോക്കുവരവ് സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തു. വസ്തുത ഇതായിരിക്കെ എസ്റ്റേറ്റിന് വില നല്കി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പൊതു ഖജനാവിലെ പണത്തിന്റെ ധൂര്‍ത്തിനും അഴിമതിക്കും ഇടനല്കും. ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും കുമ്മനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: