ചെറുതോണി: കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ചിന്നാര്‍ സ്മോള്‍ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന് സമീപം നടക്കുന്ന മലയിടിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് നാട്ടുകാര്‍. പ്രദേശത്ത് വമ്പിച്ച ഉരുള്‍പൊട്ടലിനും മലയിടിച്ചിലിനും സാധ്യതയുണ്ടെന്ന് നിവാസികള്‍ ഒന്നടങ്കം പറയുന്നു.
പ്രദേശത്ത് കനത്ത മഴയാരംഭിച്ചതോട പല പ്രദേശത്തും മലയിടിച്ചിലുകള്‍ ആരംഭിച്ചിട്ടുണ്ട്. ചിന്നാര്‍ പുഴയിലാണ് അണക്കെട്ട് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണമാരംഭിച്ച് രണ്ടുവര്‍ഷമായിട്ടും നിര്‍മാണത്തിന് വേഗതയില്ലാത്തത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു.
രണ്ടുമലകള്‍ യോജിപ്പിച്ചാണ് ചിന്നാറിന് കുറുകെ അണക്കെട്ട് നിര്‍മാണമാരംഭിച്ചിരിക്കുന്നത്. മങ്കുവയ്ക്കുള്ള റോഡ് പുഴയ്ക്ക് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ നിലവിലുള്ള റോഡ് മാറ്റണം.
ഇതിനായി സമീപത്തുള്ള മലയിടിച്ചാണ് ഇപ്പോള്‍ നിര്‍മാണം നടത്തുന്നത്. മണ്ണും ഉണ്ടക്കല്ലും കരിമ്പാറയും ചേര്‍ന്ന് പ്രത്യേക സ്ഥലമാണ് ഈ പ്രദേശം. മണ്ണുമാന്തി യന്ത്രമുപയോഗിച്ചുള്ള നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. മുകള്‍ ഭാഗത്തുള്ള മണ്ണും ഉണ്ടക്കല്ലും മാറ്റാന്‍ തുടങ്ങിയിട്ടുണ്ട്. സമീപത്തെ പാറ പൊട്ടിക്കാനാരംഭിച്ചത് പ്രദേശത്തെ ഭീതിയിലാക്കുന്നുണ്ട്.
കൊച്ചി-ധനുഷ്കോടി റോഡിന്റെ ഭാഗമായ ഗ്യാപ്പ് റോഡില്‍ മലയിച്ചുള്ള നിര്‍മാണത്തിനിടെ മലയിടിഞ്ഞ് അപകടമുണ്ടായിരുന്നു. സമാന രീതിയിലാണ് ഇവിടെയും നിര്‍മാണം നടത്തുന്നത്. അണക്കെട്ടിന് സമീപം തന്നെ സ്ഫോടക വസ്തുക്കളുപയോഗിച്ചാണ് പാറ പൊട്ടിക്കുന്നത്. ഇത് പ്രദേശത്തിനാകെ ഇളക്കം തട്ടുന്ന രീതിയിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ലന്നും ആരോപണമുണ്ട്.
പദ്ധതി പൂര്‍ണമായും നടപ്പാക്കുന്നതിന് മുമ്പ് പ്രദേശത്തു നിന്നും മാറ്റുന്ന കല്ലും മണ്ണും നിക്ഷപേിക്കുന്നതിനും സൗകര്യങ്ങളില്ല. പദ്ധതിയോട് ചേര്‍ന്ന് കര്‍ഷകര്‍ താമസിക്കുന്നുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെ പാറപൊട്ടിക്കുന്നതാണ്പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുന്നത്.
നിര്‍മാണ ചുമതലയുള്ള പരിചയ സമ്പന്നരായ വിദഗദ്ധരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരൊന്നും സ്ഥലത്തുണ്ടാകാറില്ലെന്ന് ആരോപണമുണ്ട്. 80 കോടിയാണ് പദ്ധതിയുടെ അടങ്കല്‍ തുകയെങ്കിലും പൂര്‍ത്തിയാകുമ്പോള്‍ നൂറുകോടിയിലധികം ചിലവാകും. അണക്കെട്ടിന് സമീപത്തു നിന്നാരംഭിക്കുന്ന മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള തുരങ്കത്തിന്റെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ഇവിടെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണങ്ങള്‍ നടത്തുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. കെഎസ്ഇബിയുടെ സബ് ഓഫീസ് പദ്ധതി പ്രദേശത്തിന്
സമീപം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ ജീവനക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്. കെഎസ്ഇബിയുടെ വെള്ളത്തൂവല്ഡിവിഷനാണ് അണക്കെട്ടിന്റെ മേല്‍നോട്ടം. വിദഗദ്ധരും പരിചയ സമ്പന്നരുമായ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയുണ്ടെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: