തൃശൂര്‍: വില്ലേജ് ഓഫീസുകളില്‍ അടക്കുന്ന നികുതിക്ക് രസീറ്റ് ലഭിക്കുന്നില്ലെന്ന് പരാതി. രണ്ടാഴ്ചയിലധികമായി നികുതി അടയ്ക്കുമ്പോള്‍ രസീറ്റ് ലഭിക്കുന്നില്ലെന്നാണ് പരാതി. ഇതേതുടര്‍ന്ന് ജനങ്ങള്‍ പ്രതിസന്ധിയിലാണ്. ജില്ലയിലെ രസീറ്റ് ബുക്കുകളുടെ സ്റ്റോക്ക് തീര്‍ന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നതെന്നാണ് വിവരം.
രസീറ്റ് ബുക്ക് ഇല്ലാത്തതിനാല്‍ പല വില്ലേജ് ഓഫീസുകളിലും നികുതി അടക്കല്‍ മുടങ്ങിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കൃഷി സബ്സിഡി, കോടതി സംബന്ധമായ ഇടപാടുകള്‍, ഭൂമികൈമാറ്റം, വിവിധ വായ്പാ രേഖകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്ക് നികുതി അടച്ച രസീറ്റ് ആവശ്യമാണ്. എന്നാല്‍ അപേക്ഷകളുടെ കൂടെ നികുതി അടച്ച രസീറ്റ് ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലായി. വായ്പ എടുക്കുന്നതിനും പുതുക്കുന്നതിനുമായി ബാങ്കുകളിലേക്ക് നികുതി അടച്ച രസീറ്റ് കൊടുക്കേണ്ടവരാണ് ഏറെ വലഞ്ഞിരിക്കുന്നത്.
വില്ലേജ് ഓഫീസുകളില്‍ നികുതി അടക്കുന്നുണ്ടെങ്കിലും രസീത് നല്‍കുന്നില്ലെന്നാണ് പരാതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട കര്‍ഷകരും പ്രതിസന്ധിയിലാണ്. നിശ്ചിത തീയതിക്ക് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കാത്തതിനാല്‍ സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയായ വില്ലേജ് ഓഫീസുകളില്‍ നിലവില്‍ പ്രശ്നങ്ങളില്ല. ഈ ഓഫീസുകളില്‍ കമ്പ്യൂട്ടറില്‍ പ്രിന്റിലൂടെ രസീത് നല്‍കുന്നുണ്ട്. ഇതിനുപുറമേ ബിടിആര്‍ എന്‍ട്രി നടത്തി അപ്രൂവല്‍ ലഭിച്ച് കമ്പ്യൂട്ടറൈസേഷന് കഴിഞ്ഞ ഭൂമികളുടെ നികുതി അടയ്ക്കുന്നവര്‍ക്ക് ഓണ്‍ലൈനില്‍ നിന്ന് രസീറ്റ് ലഭിക്കുന്നുണ്ട്.
നികുതി അടച്ച രസീറ്റ് ലഭിക്കാത്തത് സ്ഥലം വാങ്ങലും വില്‍പ്പനയും ഇടപാടുകള്‍ക്ക് തടസം സൃഷ്ടിച്ചിരിക്കുകയാണ്. രസീറ്റ് ബുക്കുകളുടെ സ്റ്റോക്ക് തീര്‍ന്നിട്ടും പുതിയ സ്റ്റോക്ക് എത്തിക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാട്ടിയതാണ് പ്രതിസന്ധിക്കിടയാക്കിയത് എന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. ഉടന്‍ രസീറ്റ് ബുക്കുകള്‍ എത്തിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തിലും നടപടി ഉണ്ടായിട്ടില്ലാത്തതിനാല്‍ നികുതി അടച്ച രസീറ്റിനായി ജനങ്ങള്‍ കാത്തിരിപ്പ് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: