കൊച്ചി: കൊവിഡ് പരിശോധനയ്ക്ക് രണ്ടു പേരുടെ സ്രവ സാമ്പിള്‍ ശേഖരിച്ച് 10 ദിവസം കഴിഞ്ഞിട്ടും ഫലം അറിയിച്ചിട്ടില്ല, കളക്ടര്‍ക്കും കൊവിഡ് കണ്ട്രോള് കേന്ദ്രത്തിനും കൃത്യമായ മറുപടിയില്ല. ഇതേ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ലോട്ടസ് ഗാര്ഡന് ഫഌറ്റ് അന്തേവാസികളായ 60 കുടുംബങ്ങള്‍ ആശങ്കയില്‍.
ബാങ്ക് ജീവനക്കാരായ ഇവരുടെ പരിശോധനാ ഫലം അറിയാത്തതിനാല്‍ ആലുവയിലെ ഫെഡറല്‍ ബാങ്കിന്റെ ഒരു ഓഫീസ് വിഭാഗം തുറക്കാതായിട്ട് 14 ദിവസമാകുന്നു. കറുകുറ്റിയിലെ യൂണിയന് ബാങ്ക് ശാഖ പൂട്ടിക്കിടക്കുകയാണ്. അന്വേഷണങ്ങള്‍ക്കുള്ള ഔദ്യോഗിക മറുപടി ഇത്രമാത്രം, ‘സാമ്പിള്‍ കാണാനില്ല, എവിടെയോ എന്തോ തകരാറുണ്ടായി.’
ഭാര്യക്കും മകള്‍ക്കും കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അതേ വീട്ടില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ്, അമ്മ, സഹോദരന് എന്നിവരാണ് പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ പാലസ് സര്‍ക്കാര്‍ ആശുപത്രിയിലാണ് ജൂലൈ 11ന് സാമ്പിള്‍ ശേഖരിച്ചത്. സ്വകാര്യ ലാബ് ശേഖരിച്ച സാമ്പിള്‍ ഫലം പിറ്റേന്ന് പോസിറ്റീവാണെന്നറിയുകയും അമ്മയെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കുകയും ചെയ്തു. പക്ഷേ, രണ്ടുപേരുടെയും ഫലം വന്നിട്ടില്ല.
മെഡിക്കല്‍ കോളേജ്, കൊവിഡ് കണ്ട്രോള് കേന്ദ്രം, കളക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ മാറിമാറി ആവര്‍ത്തിച്ചന്വേഷിച്ചിട്ടും ഫലമില്ല. അയയ്ക്കുന്ന പരാതികളും ഇ-മെയിലുകളും അടിയന്തര നടപടിക്ക് കളക്ടര്‍ മറ്റു ചിലര്‍ക്ക് അയയ്ക്കുന്നതല്ലാതെ ഫലമില്ല.
അധ്യാപിക കൂടിയായ ഭാര്യക്കും മകള്‍ക്കും പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അവരെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയത് അര്‍ധരാത്രി ഡ്രൈവര്‍ മാത്രമുള്ള ഒരു വാനിലായിരുന്നു. തൃപ്പൂണിത്തുറയില്‍നിന്ന് കളമശേരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അഞ്ചര മണിക്കൂര്‍ എടുത്തു.
ഇവര്‍ താമസിക്കുന്ന ഫഌറ്റിലെ അറുപതിലേറെ വരുന്ന കുടുംബങ്ങള്‍ ആകെ ആശങ്കയിലാണ്. ഒറ്റപ്പെടുത്തുന്നില്ലെങ്കിലും പരിശോധനാഫലം കിട്ടാത്തതിന്റെ അനിശ്ചിതത്വവും വീട്ടിലെ 80 വയസു കഴിഞ്ഞ അമ്മയുള്‍പ്പെടെ മൂന്നു പേര് രണ്ട് കൊവിഡ് പരിചരണ കേന്ദ്രങ്ങളിലായതും ഫഌറ്റുവാസികളുടെ കാര്യത്തിലുള്ള ആശങ്കയിലും മാനസിക സംഘര്‍ഷത്തിലാണ് ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: