പുനലൂര്‍: വനംമന്ത്രി അഡ്വ. കെ. രാജുവിന്റെ മണ്ഡലത്തില്‍ വനം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തെന്മലയിലെ ചെക്ക്പോസ്റ്റ് തകര്‍ച്ചയില്‍. വനം വകുപ്പിന്റെ അധീനതയിലുള്ള പഴയ ഒരു ക്വാര്‍ട്ടേഴ്സ് കൂടിയാണിത്. തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ കേരളത്തിലേക്ക് ദിനംപ്രതി എത്തിക്കുന്ന ലോഡുകണക്കിന് കന്നുകാലികള്‍, കോഴി, താറാവ്, ആട്, മുട്ട, പാല്, പാല് ഉത്പന്നങ്ങള്‍ എന്നിവയൊക്കെ പരിശോധിക്കുന്നത് ചോര്‍ന്നൊലിച്ച് ഇടിഞ്ഞുവീഴാറായ ഈ ചെക്ക് പോസ്റ്റിലാണ്. ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നുവീഴാറായ കെട്ടിടത്തില്‍ പത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്നു.
മഴയില്‍ ചോര്‍ന്നൊലിച്ച് ഓഫീസ് രേഖകള്‍ നശിക്കുകയാണ്. കന്നുകാലികളെ ഇറക്കിപരിശോധിക്കാന് റാമ്പില്ല. കുത്തിവയ്പ്പോ ഇയര്‍ടാഗ് ഇടലോ നടത്താനും സംവിധാനമില്ല. ഇവയെ കൊണ്ടുവരുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ കാണിക്കുന്ന രേഖകള്‍ പരിശോധിച്ച് ആടുമാടുകളെയും ഇറച്ചിക്കോഴിയെയും പാലുമൊക്കെ കടത്തിവിടാനേ ഇവിടെ മാര്‍ഗമുള്ളൂ. വാഹനങ്ങളില്‍ നിന്ന് ചെക്ക്പോസ്റ്റിലെ ജീവനക്കാര്‍ പടി ചോദിച്ച് വാങ്ങാറുണ്ടെന്ന ആക്ഷേപത്തിന് ഇപ്പോഴും കുറവില്ല.
വനംമന്ത്രിയും മൃഗസംരക്ഷണ മന്ത്രിയും ഒരാളാണ്. വകുപ്പുതല തര്‍ക്കമാണ് സ്ഥലം വിട്ടുനല്കലിനും ചെക്ക് പോസ്റ്റ് നവീകരണത്തിനും തടസം. മന്ത്രി ഇടപെട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളു. അതിര്‍ത്തി പ്രദേശമായ ആര്യങ്കാവില്‍ നിന്ന് 13 കിലോമീറ്റര്‍ പിന്നിട്ട് തെന്മലയിലാണ് ചെക്ക് പോസ്റ്റ് എന്നതും ഏറെ വിചിത്രം. ഊടുവഴികളിലൂടെ പരിശോധനയില്ലാതെ ആടുമാടുകടത്ത് വ്യാപകമാണെന്ന ആക്ഷേപവും ശക്തമാണ്.
ആര്യങ്കാവില്‍ പഴയ സെയില്‍ടാക്സ്, എക്സൈസ് കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടേക്ക് മാറ്റിയാല്‍ പ്രവര്‍ത്തനം കാര്യക്ഷമമാകും. തെന്മല പോലീസ് സ്റ്റേഷന് വരെ സ്വകാര്യ എസ്റ്റേറ്റ് കെട്ടിടത്തില്‍ നിന്നു മാറ്റിയിട്ടും സ്വന്തം വകുപ്പിലെ പൊളിഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ ചെക്ക്പോസ്റ്റു മാത്രം മാറ്റാന്‍ സ്വന്തം മണ്ഡലത്തിലെ വകുപ്പ് മന്ത്രിക്കാകുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്. പൊളിഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ നിലവില്‍ കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: