കാസര്‍കോട്: കാസര്‍കോട് കഴിഞ്ഞ ദിവസമുണ്ടായ കോവിഡ് മരണവും സര്‍ക്കാര്‍ കണക്കുകളില്ല. ഉപ്പള ഹിദായത്ത് നഗര്‍ മദക്കയിലെ നഫീസ (74) യുടെ മരണമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിലില്ലാത്തത്. പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലാണ് നഫീസ കോവിഡ് ബാധിച്ച് മരിച്ചത്. വിവരം കൃത്യമായി നല്‍കിയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. പത്രസമ്മേളത്തില്‍ ഈ മരണം മുഖ്യമന്ത്രി പറഞ്ഞില്ല. ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ പത്രക്കുറിപ്പിലും മരിച്ച വിവരം ഇല്ലായിരുന്നു.
കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സര്‍ക്കാറാണ് മൃതദേഹം മറവ് ചെയ്തത്. കോവിഡ് രോഗികളുടെ എണ്ണം മറച്ചുവെയ്ക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ മരണങ്ങളും മറച്ച് വെയ്ക്കുന്നുണ്ടെന്ന ആരോപണമാണ് ഇതോടെ ശക്തമാുകയാണ്.
ശ്വാസകോശം ചുരങ്ങുന്ന ഗുരുതരമായ അസുഖത്തിന് ചികിത്സയിലിരിക്കേയാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് മെഡിക്കല്‍ ബോര്‍ഡ് ചെയര്മാന് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നത്.രക്ത സമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. ജുലായ് 15ന് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അന്നുമുതല്‍ വെന്റിലേറ്ററില്‍ ആയിരുന്ന നഫീസ 18ന് രാത്രി മരിച്ചു.
‘സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെ മരിച്ച നഫീസയുടെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കാര്യത്തില്‍ തിരുവനന്തപുരത്ത് നിന്നുവന്ന പിഴവാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. മരണം കോവിഡ് തന്നെയാണ്. സംസാരിച്ച് ശരിയാക്കും’ എന്നാണ് കാസര്‍കോട് ഡിഎംഒ പറയുന്നത്.
ജൂലൈ 7ന് മരിച്ച ഉപ്പളയിലെ അബ്ദുല്‍ റഹ്മാന്റെ മരണവും സര്‍ക്കാര്‍ രേഖകളിലില്ല. കര്‍ണാടകയിലെ ഹുബ്ലിയില്‍ നിന്നു നാട്ടിലേക്ക് വന്ന ഇദ്ദേഹത്തിന് മഞ്ചേശ്വരത്ത് വച്ച് ഹൃദയാഘാതമുണ്ടായി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരിച്ചു. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചെങ്കിലും സര്‍ക്കാരിന്റെ കോവിഡ് മരണ കണക്കില്‍ പെട്ടില്ല. കേരളത്തില്‍ നിരീക്ഷണത്തിലോ ചികിത്സയിലോ ഇല്ലാത്തതിനാല്‍ ഇത് കര്‍ണാടക സര്‍ക്കാരിന്റെ കണക്കില്‍ പെടുമെന്നാണ് അധികൃതരുടെ വിശദീകരണം. ഫലത്തില്‍ എവിടെയും രേഖപ്പെടുത്താതെ പോകുകയാണ് ഈ മരണം. ഇയാളുടെ മൃതദേഹവും കോവിഡ് പ്രോട്ടോകേള്‍ പ്രകാരം കാസര്‍കോട്ടാണ് സംസ്കാരം നടത്തിയത്.
കോവിഡ് സ്ഥിരീകരിച്ച് പരിയാരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച മാഹി സ്വദേശി മെഹ്റൂഫിനെ കേരളത്തില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത് ഏറെ വിവാദമായിരുന്നു. കേരളവും മാഹിയും തങ്ങളുടെ ലിസ്റ്റില്‍പ്പെടുത്താന്‍ വിസമ്മതിക്കുന്നതിനിടെ, കോവിഡ് ബാധിച്ച് കണ്ണൂരില്‍ മരിച്ച മാഹി സ്വദേശിയെ കേരളത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി രംഗത്ത് വന്നു.
മെഹ്റൂഫിന്റെ മരണത്തെചൊല്ലി വിവാദത്തിന് താല്പര്യമില്ലെന്നും കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ചേ പ്രവര്‍ത്തിക്കാനാവൂവെന്നും അന്ന് പുതുച്ചേരി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് രോഗം സ്ഥിരീകരിച്ചതും മരിച്ചതും എവിടെയാണോ അവിടത്തെ ലിസ്റ്റില്‍ മരിച്ചയാളെ ഉള്‍പെടുത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. കേന്ദ്ര നിര്‍ദ്ദേശം പാലിക്കാന്‍ കേരളത്തിന് ബാധ്യതയുണ്ട്, ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് തീരുമാനമെടുക്കണം. വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ല. എന്നാല്‍ കേന്ദ്രനിര്‍ദേശം അനുസരിച്ചേ പുതുച്ചേരിക്കും പ്രവര്‍ത്തിക്കാനാവൂ. എന്നാല്‍, കേരളം ഇതിന് തയ്യാറായിട്ടില്ല. മെഹ്റൂഫ് മരിച്ചത് കേരളത്തിലാണെങ്കിലും മാഹി സ്വദേശിയായതിനാല്‍ പുതുച്ചേരിയുടെ കണക്കില്‍ വരേണ്ടതാണെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്.
മെഹ്റൂഫിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് തൊട്ടടുത്ത് പരിയാരം കോരന് പീടിക ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് സംസ്കരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ മെഹ്റൂഫിന്റെ മരണം കേരളത്തിന്റെ കണക്കില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. മെഹ്റൂഫിന്റെ മരണം കേരളത്തിന്റെയും പുതുച്ചേരിയുടേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് കുടുംബം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: