കൊല്ലം: ജില്ലയിലെ സുനാമികോളനികള്‍ അടക്കമുള്ള കോളനികള്‍ കോവിഡ് ഭീതിയില്‍. തിരുവനന്തപുരത്തെ പൂന്തുറയിലെ മാതൃകയില്‍ സൂപ്പര്‍സ്പ്രെഡ് ഉണ്ടാകുമോ എന്നാണ് ഏവരുടെയും ആശങ്ക.
ഇരവിപുരം, ചവറ എന്നീ മണ്ഡലങ്ങള്‍ ഒഴികെ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലുമായി 147 കോളനികളാണ് സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളില്‍ കാല്‍ലക്ഷത്തോളം പേരാണ് ജീവിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങള്‍ മാത്രം നല്കി ഇരുമുന്നണികളും ഇവരെ കബളിപ്പിക്കുന്നതിനാല്‍ ഭൂരിഭാഗം കോളനിവാസികളും രാഷ്ട്രീയപ്പാര്‍ട്ടികളോട് അകലം പാലിക്കുകയാണ്.
നിരവധി പദ്ധതികള്‍ കേന്ദ്രം ഇവര്‍ക്ക് വേണ്ടി ആവിഷ്കരിക്കുകയും ഫണ്ടടക്കം കൈമാറുകയും ചെയ്തിട്ടും മരിച്ചാല്‍ മറവുചെയ്യാനുള്ള ഭൂമി പോലും ഇവര്‍ക്ക് ഇന്നും അന്യമാണ്. സുനാമികോളനികളുടെ സ്ഥിതിയും പരിതാപകരമാണ്. 2004 ഡിസംബര്‍ 26ന് ഉണ്ടായ സുനാമി ദുരന്തത്തില്‍ പെട്ട് വീട് നഷ്ടമായ മത്സ്യബന്ധന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ച സുനാമികോളനികള്‍ കോവിഡ് ഭീഷണിയിലാണ്.
കുറഞ്ഞ ഏരിയയില്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്ന സുനാമി കോളനികളില്‍ ആരോഗ്യപ്രവര്‍ത്തകരും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും യാതൊരു വിധത്തിലുള്ള മുന്‍കരുതലുകളും ഇതുവരെ എടുത്തിട്ടില്ല. മൂന്നുസെന്റിലും നാലുസെന്റിലുമായാണ് വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ 25 മുതല്‍ 100 വീടുകള്‍ വരെ ഓരോ കോളനികളിലും സ്ഥിതി ചെയ്യുന്നുണ്ട്.
കൂടാതെ രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ക്വാറന്റൈനില്‍ താമസിക്കുന്നത് ഈ സ്ഥലപരിമിതി കുറഞ്ഞതും ആളുകള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലത്താണ്. ഏതെങ്കിലും ഒരാള്‍ക്ക് ഇവിടെ കൊറോണ സ്ഥിരീകരിച്ചാല്‍ കോളനിയുടെ മൊത്തം ആളുകള്‍ക്കും രോഗം പടരാന്‍ സാധ്യത ഉള്ളതുകൊണ്ട് ബോധവത്കരണവും മുന്‍കരുതലുകളും എടുത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: