പ്രതിസന്ധികളില്‍ തളരുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിച്ച് മനുഷ്യ മനസ്സില്‍ മുളപൊട്ടുന്ന മൃത്യുബോധത്തിന്റെ നിഴലാട്ടങ്ങളെ മായ്ച്ചുകൊണ്ട് പ്രതീക്ഷാനിര്‍ഭരമായൊരു ചേര്‍ത്തുപിടിക്കലിലൂടെ ജീവിതം ഹരിതാഭമാക്കുന്ന ഉജ്ജ്വല മുഹുര്ത്തങ്ങളുടെ ആവിഷ്കാരമാണ് പെയ്തൊഴിയും നേരം എന്ന ഹ്രസ്വചിത്രം. ”മനസ്സിന്നിരുട്ടറയ്ക്കുള്ളില് വിതുമ്പിടും അഴലിന് കാര്മേഘകണങ്ങളൊക്കെയും സ്നേഹത്താല്‍ നിലാത്തുകില് നെയ്തിടുന്നു പുതുനാമ്പുകള്‍ ഞൊറിഞ്ഞിട്ടുടുക്കുവാനായി.” ഈ ഗാനം പ്രവാസിയുടെ ആത്മാവില്‍ തൊടുന്ന വരികളാണെന്ന് പറയാതെ വയ്യ. സ്നേഹത്താല്‍ തളിര്‍ക്കുന്ന പുതുനാമ്പുകള്‍ നാളെയുടെ കരുത്തായി, സ്പന്ദനമായി മാറുകയാണ് ഇവിടെ. ഈ ഗാനത്തോടെ പ്രേക്ഷക മനസ്സിലേക്ക് പെയ്തിറങ്ങുന്ന പ്രവാസ നൊമ്പരങ്ങളുടെയും അവസ്ഥാന്തരങ്ങളുടെയും നേരടയാളമാണ് ഈ ചിത്രം. ആസുരമായൊരു കാലത്തില്‍ സ്വയം പ്രതിരോധത്തിന്റെ വേദനാജനകമായ ഘട്ടത്തിലാണ് നാമിപ്പോള്‍. കോവിഡ് നമുക്കാര്‍ക്കും സങ്കപ്പിക്കാന്‍ പോലും കഴിയാത്ത വിധം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. സാമൂഹികാകലം പാലിക്കുമ്പോഴും സര്‍ഗ്ഗാത്മകമായ ഒരു പരിസരവുമൊരുക്കിയിട്ടുണ്ട് ഈ കാലം. അകന്നിരുന്നുകൊണ്ടാണെങ്കില്ക്കൂടി ഒരുമയുടെ ദൃശ്യാനുഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കുവൈറ്റിലെ കലാ-സാഹിത്യ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ പെയ്തൊഴിയും നേരം. ജീവിതത്തെ പ്രത്യാശയിലേക്ക് മടക്കിക്കൊണ്ടു പോകുവാന്‍ ഒരു മാന്ത്രിക വടിയാലെന്നപോ ലെ സാദ്ധ്യമാക്കാനാവുമെന്ന സത്യത്തെയാണ് ‘പെയ്തൊഴിയും നേരം’ എന്ന ആശയാവിഷ്ക്കാരത്തിലൂടെ കുവൈറ്റിലെ പ്രവാസി കലാകാരന്മാര് സാക്ഷാത്കരിച്ചത്. ലാ ലുമിയര് സിനി ഹബ്ബിന്റെ ബാനറില്‍ രൂപം കൊണ്ട ‘പെയ്തൊഴിയും നേര’ത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ചത് എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ വിഭീഷ് തിക്കോടിയാണ്. പ്രവാസി ജീവിതത്തിന്റെ സ്വപ്നങ്ങളുടെയും സ്വപ്ന ഭംഗങ്ങളുടെയും ഉദ്വേഗങ്ങളും ആകുലതകളും കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞവരാണ് നമ്മള്. എന്നാല്‍ ലോകം മുഴുവന്‍ കൊറോണ എന്ന മഹാമാരിയുടെ നീരാളിപ്പിടുത്തത്തിനിടെ കാലത്തിന്റെ അപ്രതീക്ഷിത പ്രവാഹത്തില്‍ വീഴാതെ പിടിച്ചു നില്ക്കുവാന് നമ്മുടെ പ്രവാസി സുഹൃത്തുക്കള്‍ക്കാവുമോ? കഴിയും, കഴിയണം എന്നുതന്നെയാണ് ഈ ചിത്രം നമ്മോട് പറയുന്നത്. നാമോരോരുത്തരും ഭീതിതമായ ചുറ്റുപാടുകളില്‍ തന്നെയാണ് കഴിഞ്ഞുകൂടുന്നത്. സ്വന്തം മണ്ണില്‍ വേരുറപ്പിച്ച് ഉറ്റവരുടെയും സഹൃദയരുടെയും സ്വന്തം നാടിന്റെതന്നെയും കരവലയത്തിലാണ് ആശ്വാസവും കരുതലും കണ്ടെത്തുന്നതെന്ന യാഥാര്‍ത്ഥ്യം ഏതൊരു വിഷമ പ്രശ്നങ്ങളേയും മറികടക്കാന്‍ നമ്മെ പ്രാപ്തമാക്കുന്നുണ്ട്. എന്നാല്‍ പ്രവാസി മലയാളികള്‍ക്ക് ഇല്ലാത്തതും ഈയൊരു തലോടല്‍ തന്നെയാണ്. ഉറ്റവരുടെയും ഉടയവരുടെയും മാത്രമല്ല, മാതൃരാജ്യത്തിന്റെയും നിലനില്‍പ്പിനായി മണല്ക്കാടുകളില് ചോരനീരാക്കി അതിജീവന ചരിത്രത്തിന്റെ പുത്തന്‍ ഏടുകള്‍ രചിക്കുന്നവര്‍ക്കാണ് ഈ ചിത്രം സമര്‍പ്പിച്ചിട്ടുള്ളത്. പൂര്‍ണ്ണമായും കുവൈറ്റില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ നിര്‍മാതാവ് മെട്രോ മെഡിക്കല്‍ കെയര്‍ വൈസ് ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകനുമായ മുസ്തഫ ഹംസ പയ്യന്നൂരാണ്. കൃഷ്ണകുമാര്‍ വട്ടിയൂര്‍ക്കാവ്, ബിന്‍സ് അടൂര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായുള്ള ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മാധ്യമ പ്രവര്‍ത്തര്‍ത്തകനായ നൗഫല്‍ മൂടാടിയാണ്. സാഹിതി കാഴ്ച 2020 ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലില്‍ മികച്ച പ്രവാസി ചിത്രത്തിനുള്ള പുരസ്കാരവും, മികച്ച അഭിനേത്രിക്കുള്ള പുരസ്കാരവും പെയ്തൊഴിയും നേരത്തിന് ലഭിച്ചിട്ടുണ്ട്. ഗായത്രി കൃഷ്ണകുമാറിനെയാണ് മികച്ച നടിയായി തിരഞ്ഞെടുത്തത്. അഭിനയവ മികവ്, സംവിധാനം, ഛായഗ്രഹണം എന്നിവയുടെ കരുത്തില്‍ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തിന് പ്രശസ്ത സംഗീത സംവിധായകന് അന്‍വര്‍ അമന്റെ പാശ്ചാത്തല സംഗീതവും, വി മീഡിയയുടെ ചിത്രസംയോജനവും മികവേകിയിട്ടുണ്ട്. സ്വപ്നങ്ങള്‍ പൂത്തുലഞ്ഞ പ്രവാസ ജീവിതം. ആ നിറങ്ങളുടെ ചിറകില്‍ ആകാശത്തോളം പറന്നുയര്‍ന്നവരുടെ ജീവിതത്തിനുമേല്‍ നിനയ്ക്കാത്ത നേരത്ത് കോറോണയുടെ കാര്‍മേഘങ്ങള്‍ കരിനിഴല്‍ വീഴ്ത്തുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളിലേക്കാണ് ഈ ചിത്രം വിരല്‍ ചൂണ്ടുന്നത്. ജീവിത നേര്‍സാക്ഷ്യങ്ങളെ അടയാളപ്പെടുത്താന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന വിസ്മയങ്ങളെയും, അതിലേറെ നേരിന്റെ നൊമ്പരങ്ങളെയുമാണ് ചിത്രം പ്രേക്ഷക മനസ്സിലേക്ക് സന്നിവേശിപ്പിക്കുന്നത്. മനുഷ്യ ജീവനുമേല്‍ വിനാശകാരിയായ ഒരു വൈറസ് വീണ്ടും വീണ്ടും പിടിമുറുക്കിക്കൊണ്ടിരിക്കുന്നതിന്റെ സാഹചര്യത്തില്‍, അതിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആടിയുലഞ്ഞുപോയ പ്രവാസ ജീവിതങ്ങളുടെ അന്തഃസംഘര്‍ഷങ്ങളെയും ദുരിതപര്‍വ്വങ്ങളെയും തന്മയത്വത്തോടെ ആവിഷ്കരിക്കുവാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രമുഖ ചലച്ചിത്ര നടന് അജു വര്‍ഗ്ഗീസിനോടൊപ്പം മിഡില്‍ ഈസ്റ്റിലെ സാമൂഹ്യ- സാംസ്കാരിക പ്രവര്‍ത്തകരായ എന്‍. അജിത് കുമാര്‍, സബീന എം. സാലി, ബഷീര്‍ തിക്കോടി, മൊയ്തിന്‍കോയ കെ.കെ., പി. ഉണ്ണി കൃഷ്ണന്, ഷെമിജ് കുമാര്‍, അബ്ദു റഹിമാന്‍ പുറക്കാട്, പി.വി വിജയരാഘവന് എന്നിവര്‍ സംയുക്തമായാണ് ഫേയ്സ് ബുക്കിലൂടെ ചിത്രം റിലീസ് ചെയ്തത്. ‘പെയ്തൊഴിയും നേര’ത്തിന്റെ യുട്യൂബ് റിലീസര്‍ എസ്സാര്‍ മീഡിയയാണ്. പ്രവാസ ലോകത്ത് അഭിരമിച്ചു നടന്ന ജീവിതത്തിലും ഇങ്ങനെ ഒരു വശമുണ്ടെന്ന സത്യം അനാവൃതമാക്കുന്നതോടൊപ്പം, മനുഷ്യത്വത്തിന്റെതായ സ്നേഹവും സഹാനുഭൂതിയും കരുത്തും കരുതലും ആത്മവിശ്വാസവും നല്കുന്ന ഊര്‍ജ്ജത്തിന്റെ വെളിച്ചം പകരുന്നതാണ് ‘പെയ്തൊഴിയും നേരം.’ ജോലി നഷ്ടവും സാമ്പത്തിക ബാധ്യതകളും ഒറ്റപ്പെടലും വിഷാദത്തിന്റെ കടലാഴങ്ങള്‍ തീര്‍ക്കുമ്പോള്‍, ആത്മഹത്യയെ പുല്‍കുന്നവരോട് അത് ഒന്നിനും പരിഹാരമല്ലെന്ന് അടിവരയിട്ട് പറയുകയാണ് ഈ ലഘുചിത്രം. ജീവിതത്തില്‍ നാം ചെയ്യുന്ന ഓരോ നന്മകളും മറ്റൊരു വിധത്തില്‍ നമുക്ക് തിരിച്ചു ലഭിക്കുമെന്നും, മനുഷ്യത്വത്തിലൂന്നിയ സേവനവും സഹായവുമാണ് കെട്ടകാലത്തെ തോല്‍പ്പിക്കാനുള്ള ഏറ്റവും വലിയ ഉപാധിയെന്നും അടിവരയിടുന്നുണ്ട് ഈ കലാ നിര്‍മിതി.
ജ്യോതിരാജ് തെക്കൂട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: