അന്യസംസ്ഥാനങ്ങളിലേക്കു ജീവനും കൊണ്ടോടുന്ന ഉറുമ്പുകളുടെ സംഘത്തിലേക്ക് ബസ്സ് ഇരച്ചു കയറി കൂട്ടത്തോടെ ഉറുമ്പുകള്‍ക്ക് ജീവഹാനി .നൂറിലധികം പേര് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മരണസംഖ്യ ഇനിയും കൂടാനാണു സാധ്യത. ബസിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് ഉറുമ്പുകളുടെ ശവശരീരങ്ങള്‍ പുറത്തെടുത്തതെന്നു പൊലീസ് പറഞ്ഞു. വകുപ്പു മന്ത്രി നിര്‍ദ്ദയകുമാറും ജില്ലാ കലക്ടര്‍ സുന്ദരരൂപനും സംഭവസ്ഥലത്തേക്കു കുതിച്ചിട്ടുണ്ട്.
വാര്‍ത്ത കണ്ട പരിസ്ഥിതി പ്രവര്ത്തകന് സത്യാനന്ദ റായ് ആഹ്ലാദം കൊണ്ടു തുള്ളിച്ചാടി. യുറേക്കാ, യുറേക്കാ എന്നാര്‍ത്തു വിളിച്ചു. ഭാര്യ കിച്ചന്‍ദേവി ഓടി വന്നു തിരക്കി.
”എന്താദ്; എന്താദ് മനുഷ്യാ, നാട്ടിലാള്‍ക്കാര്ണ്ട്”
”എന്റെ ലോകം വന്നെടീ, മനുഷ്യരുടെ പദവിയിലേക്കു സര്‍വ്വജീവജാലങ്ങളും ഉയരുന്നതിന്റെ ആദ്യ ലക്ഷണം”
”ഇത്രയധികം തുള്ളിച്ചാടാന്‍ എന്തുണ്ടായിന്നു പറയൂ മനുഷ്യാ; ചട്ടിയിലുള്ള തവള ഇറച്ചി കരിഞ്ഞു പോകും.”
”ഉറുമ്പുകള്‍ ബസ് കയറി മരിച്ചുവെന്നു വാര്‍ത്ത.”
”തവളകളെ നിങ്ങള്‍ക്ക് പൊരിച്ചു തിന്നാം അല്ലേ” കിച്ചന്‍ദേവി ഭര്‍ത്താവിനെ പുച്ഛത്തോടെ നോക്കി അടുക്കളയിലേക്കു പോയി.
അവള് പിറുപിറുത്തു.
”ഈ ചട്ടകം കൊണ്ടു രണ്ടു വെച്ചു കൊടുക്കാനാ തോന്നിയത്. എന്തുവാ ചെയ്യും. കുട്ടികളുടെ അച്ഛനായിപ്പോയില്ലേ? ഈ ആണുങ്ങളുടെ സാമര്‍ത്ഥ്യം”
സത്യാനന്ദന് ഒന്നാം രംഗത്തിനു ശേഷം ടി.വിയിലേക്കു ശ്രദ്ധ തിരിച്ചു.
അസ്വാഭാവിക മരണത്തിനു പോലീസ്, ഡ്രൈവറുടെ പേരില്‍ കേസ്സെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ചു ഉറുമ്പുകള്‍ റോഡുപരോധിച്ചതിനാല്‍ ഹൈവേയില്‍ ഗതാഗതം നിലച്ചു. കൂടുതല്‍ വിവരങ്ങളുമായി ഞങ്ങളുടെ പ്രതിനിധി വായ് മിടുക്കന് മനോജ് സംഭവസ്ഥലത്തു നിന്നു ചേരുന്നു. എന്തൊക്കെയാ വായ്മിടുക്കന്‍ ഇതു സംബന്ധിച്ചുള്ള മറ്റു വിവരങ്ങള്‍: കൂടുതല്‍ ഉറുമ്പുകള്‍ മരിച്ചിട്ടുണ്ടോ. ഉറുമ്പുകളുടെ പ്രതിഷേധം എവിടം വരെയെത്തി. കൂടുതല്‍ ഉറുമ്പുകള്‍ അവിടേക്കെത്തി ചേരുന്നുണ്ടോ? നിയന്തണാധീനമാണോ അതോ…”
മാലിനീ, നേരത്തെ റിപ്പോര്‍ട്ട് ചെയ്ത പോലെ അപകടകാരണം ഡ്രൈവറുടെ അനാസ്ഥയാണെന്നു തന്നെയാണ് ഉറുമ്പുകളുടെ വിവിധ സംഘടനാ നേതാക്കളെല്ലാവരും തന്നെ പറയുന്നത്. ഇത്രയും വലിയൊരു ഉറുമ്പിന് കൂട്ടത്തെ ഡ്രൈവര്‍ കണ്ടില്ലെന്നു പറയുന്നത് ആരും തന്നെ വിശ്വസിക്കുന്നില്ല. പൊലീസും അതു തന്നെയാണു പറയുന്നത്.”
അതല്ല വായ്മിടുക്കന്‍, ഉറുമ്പുകള്‍ റോഡ് ഉപരോധിച്ചതിനാല്‍ ഹൈവേഗതാഗതം മുടങ്ങിയതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ഇപ്പഴും ഉപരോധം തുടരുകയാണോ? എന്താണു പറയാനുള്ളത്. പറഞ്ഞോളൂവായ് മിടുക്കന്, ങ്ഹാ! കേള്‍ക്കുണ്ട്:
സ്ഥിതി വളരെ ഗുരുതരമാണു മാലിനീ .ഉറുമ്പുകള്‍ മാത്രമല്ല ഇപ്പോള്‍ സമരത്തിലുള്ളത്. ഹൈവേയോട് ചേര്‍ന്നത് ഒരു വനം പ്രദേശമാണെന്നറിയാമല്ലോ. അതാണ് ഗുരുതരമായ പ്രശ്നമായത്. കാട്ടാനകളും കടുവാകളും പുലികളുമൊക്കെ ഉറുമ്പുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഹൈവേയിലറങ്ങിയിരിക്കുകയാണ്. സ്ഥിതി ആകെ ഗുരുതരമാണ്. പഞ്ചായത്ത് അതിര്‍ത്തി അടച്ചിരിക്കുകയാണ്.”
”എന്താണ് ഈ മൃഗങ്ങളൊക്കെ പറയുന്നത് വായ്മിടുക്കന്‍. ബസ്സ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തില്ലേ? മറ്റെന്തെല്ലാമാണ് ഇവരുടെ ആവശ്യങ്ങള്‍?”
”അത് പറയാം മാലിനീ. അതിനിടക്ക് ഉറുമ്പു നേതാവായ ചോണന്‍ നമ്മോടു ചേരുന്നു. എന്താണു ചോണന്‍ സംഭവത്തെക്കുറിച്ചു താങ്കള്‍ക്കു പറയാനുള്ളത്?”
ഞങ്ങള്‍ക്ക് മാത്രമല്ല, അതായത് ഉറുമ്പുകള്‍ക്കു വേണ്ടി മാത്രമല്ല ഞാന്‍ സംസാരിക്കുന്നത്. പക്ഷിമൃഗാദികള്‍ അടക്കമുള്ള സര്‍വ്വജീവജാലങ്ങള്‍ക്കും വേണ്ടിയാണ് എന്റെ സംസാരം. ലോകമുണ്ടായ കാലം മുതല്‍ ഈ മനുഷ്യര്‍ ഞങ്ങളെ ഉപദ്രവിക്കുകയും കൊന്നു തിന്നുകയുമാണ്. ഇനിയും ക്ഷമിച്ചാല്‍ ഞങ്ങളുടെ കുലം അറ്റുപോകും. അതു കൊണ്ട് മനുഷ്യവര്‍ഗ്ഗം അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും ഭൂമിയിലുള്ള പക്ഷിമൃഗാദികള്‍ക്കും നേടുംവരെയാണീ സമരം;
ഉറുമ്പ് നേതാവിന്റെ പ്രഖ്യാപനം കേട്ടു സത്യാനന്ദന് വീണ്ടും യുറേക്ക, യുറേക്കാ എന്നാര്‍ത്തു.ഭാര്യകിച്ചന്‍ ദേവി തവളയെ വറുക്കുന്ന ചട്ടകവും കയ്യിലേന്തി വീണ്ടും ഓടിയെത്തി.
”പിന്നേം കെടന്നലറുന്നോ മനുഷ്യാ”
”ആ ടീ. പക്ഷിമൃഗാദികള്‍ക്കും മനുഷ്യര്‍ക്കും ഈ ഭൂമിയില്‍ ഒരേ അവകാശങ്ങളെ ടീ.”
‘അപ്പോം ഈ തവള ഇറച്ചിയൊക്കെ നിങ്ങള്‍ക്ക് പൊരിച്ചു കഴിക്കാമോ?’
ഭാര്യയുടെ ചോദ്യത്തിനു മുന്നില്‍ സത്യാനന്ദന് മിഴിച്ചു നിന്നു.
അവള് ചുട്ടുപഴുത്ത ചട്ടകം സത്യാനന്ദന്റെ മുഖത്തു വെച്ചു അലറി.
”വയ്യ. എനിക്കിനി മൃഗങ്ങളെ വെക്കാനും പൊരിക്കാനും വയ്യ.”
രണ്ടാമതും പൊള്ളിക്കാന്‍ ശ്രമിക്കെ ടിവി യില്‍ മാലിനി ഓടിയെത്തി അവളെ തടഞ്ഞു.
ഉറുമ്പു സമരം സംബന്ധിച്ചു ഏറ്റവും പുതിയ ഒരു വാര്‍ത്ത വന്നിരിക്കുന്നു .ഉറുമ്പു സമരം വ്യാപിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സമരത്തിലിടപെടുകയും അവരുടെ അവകാശങ്ങളെക്കുറിച്ചു അവരുമായി ചര്‍ച്ച ചെയ്യാമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. തല്‍ഫലമായി ഉറുമ്പു സമരം പിന്‍വലിക്കുകയും മൃഗങ്ങള്‍ കാട്ടിലേക്കു മടങ്ങിയതിനാല്‍ ഹൈവേയില്‍ ഗതാഗതം പൂര്‍വ്വസ്ഥിതിയിലാവുകയും ചെയ്തിട്ടുണ്ട്?
വത്സന് നെല്ലിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: