തിരുവനന്തപുരം: ഇന്ത്യയില്‍ കൊറോണയുടെ ആദ്യ സമൂഹ്യവ്യാപനം കേരളത്തില്‍ സ്ഥിരീകരിച്ചതോടെ ജാഗ്രതയും നിയന്ത്രണവും കൂടുതല്‍ ശക്തമാക്കി. തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളായ പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ സമൂഹവ്യാപനമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് തീരമേഖലകളില്‍ ഇന്നു മുതല്‍ ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു.. തീരമേഖലയെ മൂന്നു സോണുകളായി തിരിച്ച് പ്രതിരോധ, നിയന്ത്രണ നടപടികള്‍ കൈക്കൊള്ളാനും തീരുമാനിച്ചു.
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 10 ദിവസത്തേക്കാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ ഒരു തരത്തിലുള്ള ലോണ്‍ ഇളവുകളും ഈ പ്രദേശങ്ങളില്‍ ഉണ്ടാകില്ല. തീരപ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സോണ്‍ 1 : ഇടവ മുതല്‍ പെരുമാതുറ
ഇടവ ,വെട്ടൂര്‍, അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, വക്കം എന്നീ ഗ്രാമപഞ്ചായത്തുകളിലെയും വര്‍ക്കല മുന്‍സിപ്പാലിറ്റിയിലെയും തീരപ്രദേശങ്ങള്‍
സോണ്‍ 2 : പെരുമാതുറ മുതല്‍ വിഴിഞ്ഞം
ചിറയിന്‍കീഴ്, കഠിനംകുളം എന്നീ ഗ്രാമപഞ്ചായത്തുകളിലെയും തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലെ തീരപ്രദേശങ്ങള്‍
സോണ്‍ 3 : വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍
കോട്ടുകാല്‍, കരിങ്കുളം, പൂവാര്‍, കുളത്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ തീരപ്രദേശങ്ങള്‍
ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീ.യു. വി. ജോസ്, ശ്രീ. ഹരികിഷോര്‍ എന്നിവരെ സോണ്‍ ഒന്നിലും ശ്രീ. എം. ജി. രാജമാണിക്യം, ശ്രീ. ബാലകിരണ്‍ എന്നിവരെ സോണ്‍ രണ്ടിലും ശ്രീ.വെങ്കടേശപതി, ശ്രീ. ബിജു പ്രഭാകര്‍ എന്നിവരെ സോണ്‍ മൂന്നിലും ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായി നിയമിച്ചിട്ടുണ്ട്.
ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് പ്രദേശങ്ങളിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ ഏകോപിപ്പിക്കും. മൂന്ന് സോണുകളിലും റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ക്വിക്ക് റെസ്പോണ്‍സ് ടീം രൂപീകരിക്കും. തഹസില്‍ദാര്‍ ടീമിനെ രൂപീകരിക്കുകയും ഡെപ്യൂട്ടി തഹസില്‍ദാര്‍ റാങ്കില്‍ കുറയാത്തയുള്ള ഉദ്യോഗസ്ഥന് ടീമിനെ നയിക്കുകയും ചെയ്യും. ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ അവരുടെ വകുപ്പുകളിലെ ഓരോ ജീവനക്കാരുടെ വീതം സേവനം ഉറപ്പാക്കണം. ഇന്‍സിഡന്റ് കമാന്‍ഡര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് ആരോഗ്യസേവനങ്ങള്‍ ആംബുലന്‍സ് യാത്രാസൗകര്യം ഭക്ഷണം എന്നിവ ടീം ഉറപ്പാക്കും.
ഈ മൂന്ന് സോണുകളായി ചേര്‍ത്ത് പ്രത്യേക മാസ്റ്റര്‍ കണ്ട്രോള് റൂം സജ്ജീകരിക്കും. എല്ലാവകുപ്പുകളിലേയും ഉദ്യോഗസ്ഥരുടെ സേവനം കണ്‍ട്രോള്‍റൂമില്‍ ഉറപ്പാക്കും. സി എഫ് എല്‍ ടി സി, ഇന്‍സ്റ്റിറ്റിയൂഷനല്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ ശുചിത്വം മരുന്ന് വിതരണം ആരോഗ്യസ്ഥിതി മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ വിലയിരുത്തും. പ്രാദേശിക നേതാക്കളെ കൂടി ഉള്‍പ്പെടുത്തി പ്രദേശത്ത് പ്രത്യേക പ്രവര്‍ത്തന രേഖ തയ്യാറാക്കും. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്കുന്ന തരത്തില്‍ പദ്ധതി ആസൂത്രണം ചെയ്യും. ക്രിട്ടിക്കല്‍ കണ്ടോണ്മെന്റ് പ്രദേശങ്ങളില്‍ ആയുധങ്ങളുടെ പ്രദര്‍ശനവും പ്രയോഗവും ജില്ലാ മജിസ്ട്രേറ്റ് അനുമതിയോടുകൂടി മാത്രമേ പാടുള്ളൂ.
1. കണ്ടെയിന്മെന്റ് സോണുകള്‍ക്ക് ഉള്ളിലേക്കും പുറത്തേക്കുമുള്ള യാത്ര അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പാടുള്ളൂ. കണ്ടെയിന്മെന്റ് പ്രദേശങ്ങളിലും യാത്ര അനുവദിക്കില്ല. ഇക്കാര്യം പോലീസ് ഉറപ്പു വരുത്തും. സംസ്ഥാന പോലീസ് മേധാവി ജൂലൈ 17ന് പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് വേണം പോലീസ് വിഭാഗം പ്രവര്‍ത്തിക്കാന്‍.
2. മുന്‍നിശ്ചയപ്രകാരം നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റി വയ്ക്കും. ആവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെടാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള മറ്റ് അനുബന്ധ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഉപയോഗപ്പെടുത്താം.
3. ആശുപത്രി മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തന അനുമതിയുണ്ട്.
4. ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കും എന്നാല്‍ ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താന്‍ പാടില്ല. പച്ചക്കറി, പലചരക്കു കടകള്‍, ഇറച്ചിക്കടകള്‍ എന്നിവയ്ക്ക് രാവിലെ 7 മണി മുതല്‍ വൈകിട്ട് 4 വരെ പ്രവര്‍ത്തിക്കാം.
5. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി ഒരു കിലോ ധാന്യം എന്നിവ സിവില്‍ സപ്ലൈസ് നേതൃത്വത്തില്‍ നല്‍കും.
6. ഈ പ്രദേശങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ, കെപ്കോ എന്നിവയുടെ മൊബൈല്‍ വാഹനങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തും.
7. ലീഡ് ബാങ്ക് നേതൃത്വത്തില്‍ മൊബൈല്‍ എടിഎം സൗകര്യമൊരുക്കും
പ്രദേശത്തെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. നിയമങ്ങള്‍ കര്‍ശനമായും പാലിക്കണം. ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: