കൊല്ലം: കൊല്ലം എസ്എന്‍ കോളജിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കു വേണ്ടി സമാഹരിച്ച ഫണ്ടില്‍ തട്ടിപ്പു നടത്തിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി ഷാജി സുഗുണനെ മാറ്റണമെന്നാവശ്യപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
നിലവില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ മാറ്റി നിഷ്പക്ഷനായ മറ്റൊരുദ്യോഗസ്ഥനെ നിയോഗിക്കണമെന്നാണ് ഹര്‍ജിയിലെ മുഖ്യ ആവശ്യം. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥന് തന്നെ കുടുക്കാന്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും തന്റെ ഭാഗം വിശദീകരിക്കാനുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടും സ്വീകരിക്കുന്നില്ലെന്നും വെള്ളാപ്പള്ളിയുടെ ഹര്‍ജിയില്‍ പറയുന്നു. ഈ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച കൂടി സമയം നീട്ടി നല്കി ഹൈക്കോടതി ജൂലായ് 8ന് ഉത്തരവു നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ തന്റെ വാദങ്ങള്‍ ശരിവെക്കുന്ന രേഖകള്‍ കണക്കിലെടുക്കാതെ കുറ്റപത്രം നല്‍കാനാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ശ്രമിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നീതിയുക്തമായ അന്വേഷണം നടക്കില്ലെന്ന് ആശങ്കയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
പുതിയ ഉദ്യോഗസ്ഥന് ചുമതലയേല്‍ക്കും വരെ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്ന മുന്‍ ഉത്തരവ് മരവിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിടുക്കപ്പെട്ട് അന്വേഷണം പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
രേഖകള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും നിരസിച്ചു. തുടര്‍ന്ന് രേഖകള്‍ ഇ -മെയിലായി അയച്ചു നല്കി. ഇതിന്റെ പകര്‍പ്പ് മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ച് എഡിജിപിക്കും സമര്‍പ്പിച്ചിട്ടുണ്ട്. ഈ രേഖകള്‍ പരിശോധിക്കാതെ അന്വേഷണം പൂര്‍ത്തിയാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥന് ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: