പാലക്കാട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ബെംഗളൂരു യാത്രയില്‍ ദുരൂഹതകളേറെ. യാത്രയ്ക്കിടെ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരുമായോ, സംരക്ഷകരുമായോ കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നാണ് സംശയം. ജൂലൈ ഒമ്പതിനാണ് സ്വപ്ന സുരേഷും, സന്ദീപും വാളയാര്‍ വഴി പോയത്.
ഉച്ചയ്ക്ക് 1.39ന് വാളയാര്‍ ടോള്‍ പ്ലാസ വഴി കടന്നുപോയ ഇവരുടെ കെഎല്‍ 01-സിജെ 1981 എന്ന കാര്‍ കോയമ്പത്തൂര്‍ ചാവടി ചെക്ക് പോസ്റ്റിലെത്തിയത് വൈകിട്ട് 3.27 ആണ്. നാല് കിലോമീറ്റര്‍ താണ്ടാന്‍ എടുത്തത് ഒന്നേമുക്കാല്‍ മണിക്കൂര്‍.
കോയമ്പത്തൂരുമായും സ്വര്‍ണക്കടത്ത് ഇടപാടുള്ളതിനാല്‍ അവിടെ നിന്നുള്ള ആരെങ്കിലുമായോ, കേരളത്തില്‍ നിന്നുള്ളവരുമായോ കൂടിക്കാഴ്ച്ചയോ, ഇടപാടോ നടന്നിരിക്കാമെന്നാണ് സംശയം. ചാവടി ചെക്ക്പോസ്റ്റിലെ രേഖകളില്‍ സന്ദീപാണ് വാഹനമോടിച്ചിരുന്നതെന്നും, ഇയാളുള്‍പ്പെടെ അഞ്ചുപേര്‍ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സ്വപ്ന കേരളം വിടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും വാളയാര്‍ അതിര്‍ത്തിയില്‍ പോലീസ് പരിശോധന ഏര്‍പ്പെടുത്തിയിരുന്നില്ല.
കൊറോണയുടെ പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ കേരള ചെക്ക്പോസ്റ്റില്‍ പരിശോധിക്കുന്നില്ല. മാത്രമല്ല ടോള്‍ പ്ലാസയിലെ 10 നമ്പര്‍ ലൈനിലൂടെ സ്വപ്നയുടെ കാര്‍ കടന്നുപോകുമ്പാള്‍ ഇവിടത്തെ സിസിടിവികള്‍ പ്രവര്ത്തിച്ചിരുന്നില്ലെന്നതിലും ദുരൂഹതയുണ്ട്.
സ്വപ്നയെയും സന്ദീപിനെയും അറസ്റ്റ് ചെയ്ത് എന്‍ഐഎ കേരളത്തിലേക്ക് കൊണ്ടുവന്ന 12-ാം തീയതി രാവിലെ 11.27ന് ഈ കാറും തിരിച്ചുവന്നതും വാളയാര്‍ ടോള്‍പ്ലാസയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂരിലെ നാലു പേരെ തമിഴ്നാട് ക്യൂബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: