തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇ മോബിലിറ്റി പദ്ധതിയില്‍ നിന്ന് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ(പിഡബ്ല്യൂസി) ഒഴിവാക്കി വിവാദത്തില്‍ നിന്ന് തലയൂരാന്‍ സര്‍ക്കാര്‍ ശ്രമം. സ്വര്‍ണക്കടത്ത് കേസില്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന്റെ പേരും ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ സ്പേസ് പാര്‍ക്ക് കണ്‍സള്‍ട്ടന്റ് പദവിയില്‍ നിന്നും പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ ഒഴിവാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്നുകൂടി ഒഴിവാക്കുന്നത്. പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന് സെബി വിലക്കിയിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതോടെ ഈ കമ്പനിയുമായുള്ള പദ്ധതി നടത്തിപ്പില്‍ പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയായിരുന്നു.
സര്‍ക്കാറിന്റെ നയമാണ് ഇ മൊബിലിറ്റി. 2022 ഓടെ പത്ത് ലക്ഷം വൈദ്യുതി വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള പദ്ധതിയാണ് ഇത്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് എന്ന സ്ഥാപനം, ഇന്ത്യാ ഗവണ്മെന്റിന്റെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മേറ്റിക് സെന്റര്‍ സര്‍വീസസ് ഇന്‍ കോര്‍പ്പറേറ്റട് എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനമാണ്.
സെബി വിലക്കിയ കമ്പനിക്കാണ് കരാര്‍ കൊടുത്തതെന്ന ആരോപണവും അടിസ്ഥാന രഹിതമാണ്. വിലക്കുണ്ടെന്ന് പറയുന്നത് മറ്റൊരു ഓഡിറ്റ് കമ്പനിക്കാണ്. കേരളത്തിന്റെ ഭാവി ആവശ്യമാണ് ട്രാന്സപോര്ട്ട് നയം. അവ വികസിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഉന്നതതല യോഗം ചേര്‍ന്ന് ചട്ടപ്രകാരമാണ് ഉത്തരവുകള്‍ ഇറങ്ങിയത്. പരിസ്ഥിതി സംരക്ഷണവും പശ്ചാത്തല വികസനവും സമന്വയിപ്പിച്ചുകൊണ്ടുപോകാനുള്ള സര്‍ക്കാര്‍ നയം സുതാര്യമാണ്. വെല്ലുവിളികള്‍ക്കിടയില്‍ കേരളത്തെ മുന്നോട്ടുനയിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും എന്നുമായിരുന്നു മുഖ്യമന്ത്രി വിശദീകരണം നല്‍കിയിരുന്നത്.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ മുഴുവന്‍ പരിശോധിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വവും അറിയിച്ചിട്ടുണ്ട്.ശിവശങ്കര്‍ പുറത്തായതിന് പിന്നാലെയാണ് വിവാദ വിഷയങ്ങളില്‍ പുനഃപരിശോധന നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: