മാവേലിക്കര: സംസ്ഥാന സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തുള്ള രാജ്യവിരുദ്ധ ശക്തികളുടെ സ്വര്‍ണകടത്ത് കേസില്‍ അന്വേഷണം മധ്യതിരുവിതാംകൂറിലേക്ക് വ്യാപിക്കുന്നു. കേസില്‍ പ്രതികളായി ഇപ്പോള്‍ പിടിക്കപ്പെട്ടവരുടെ ഫോണ്‍ രേഖ അടക്കം പരിശോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. പ്രതികള്‍ക്ക് കൊല്ലം, കരുനാഗപ്പള്ളി, കായംകുളം കേന്ദ്രീകരിച്ചുള്ള റാക്കറ്റുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഇടതു പക്ഷനേതാവും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കന്‍മാരുമായി വളരെ അടുപ്പുള്ള യുവജന നേതാവായ അഭിഭാഷകനാണ് ഈ സംഘത്തിന്റെ തലവന്‍.
ഇയാള്‍ മറ്റൊരു രാജ്യവിരുദ്ധ കേസില്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. സ്ത്രീപീഡനക്കേസില്‍ പ്രതിയായ ഇദ്ദേഹം അടുത്തയിടയിലാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇദ്ദേഹത്തിന് പുറമെ നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയായി കോടതികള്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള മാവേലിക്കര സ്വദേശിനി, കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ ജുവലറി ഉടമ, ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ ജോലി ചെയ്യുന്ന ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, വള്ളികുന്നം സ്വദേശിയായ ഹവാല ഇടപാടുകാരന്‍, മദ്ധ്യതിരുവിതാംകൂറിലെ ഒരു വിദ്യാഭ്യാസ സ്ഥാപന ഉടമ, ഇടതു നേതാക്കന്മാരായ രണ്ട് യുവ അഭിഭാഷകര്‍, മാവേലിക്കരയിലെ ഒരു മണ്ണ് മാഫിയ തലവന്‍ എന്നിവരാണ് ഈ ഇടപാടിലെ മുഖ്യകണ്ണികള്‍.
ഇവരുടെ ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഐഎയ്‌ക്ക് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. ആരോപണ വിധേയരെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. ആരോപണ വിധേയനായ അഭിഭാഷകന്‍ പലരില്‍ നിന്നായി വന്‍തുക പലിശ വാഗ്ദാനം ചെയ്ത് വാങ്ങിച്ചെടുത്ത കോടിക്കണക്കിന് രൂപ ഇപ്പോള്‍ കരുനാഗപ്പള്ളിയില്‍ ഒളിവില്‍ താമസിക്കുന്ന സ്ത്രീ വഴിയാണ് സ്വര്‍ണ ഹവാല റാക്കറ്റിന് കൈമാറിയിരുന്നത്. മാവേലിക്കര, കായംകുളം പ്രദേശത്തെ അഭിഭാഷകര്‍ ഉള്‍പ്പടെ നിരവധി ആള്‍ക്കാരാണ് ഈ രാജ്യ ദ്രോഹ പ്രവര്‍ത്തനത്തിന് പണം കൊടുത്തിരുന്നത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ഡിസംബര്‍ വരെ താന്‍ നേരിട്ട് വലിയ തുക കമ്മീഷനായി നല്‍കിയിട്ടുണ്ടെന്ന് സ്ത്രീ ശബ്ദരേഖയില്‍ വ്യക്തമാക്കുന്നു. എങ്കിലും സിപിഎം നേതാക്കളുടെ അടുപ്പക്കാരനായ ഇയാള്‍ക്ക് ഇപ്പോള്‍ ജില്ലയിലെ ഒരു പ്രധാന സ്റ്റേഷന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: