ഇന്ത്യാന : ഫെഡറൽ കോടതി വധശിക്ഷയ്ക്ക് വിധിച്ച വെസ്ലി ഐറ പുർക്കെയുടെ (68) വധശിക്ഷ ഇന്ത്യാന ഫെഡറൽ കറക്ഷൻ കോംപ്ളക്സിലെ സെല്ലിൽ നടപ്പാക്കി. 1998-ൽ പതിനാറു വയസ്സുള്ള ജനിഫർ ലോങിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ശരീരഭാഗങ്ങൾ അറുത്തുമാറ്റി കത്തിച്ച ശേഷം സെപ്റ്റിക്ക് പോണ്ടിൽ തള്ളുകയും ഇതോടൊപ്പം തന്നെ പോളിയോ രോഗിയായ 80 വയസ്സുള്ള വൃദ്ധയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് വെസ്ലിക്ക് വധശിക്ഷ വിധിച്ചത്.
ജൂലൈ 15 നായിരുന്നു ശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാൽ പ്രതിയുടെ മാനസിക നില തകരാറിലാണെന്നും വിഷം കുത്തിവച്ചുള്ള മരണം വേദനാജനകമാണെന്നും അറ്റോർണി യു.എസ് സുപ്രീം കോടതിയിൽ വാദിച്ചു. വാദം കേട്ട കോടതി ഒമ്പതുപേരിൽ 5 ജഡ്ജിമാർ വധശിക്ഷ നടപ്പാക്കണമെന്ന് വാദിച്ചു. തുടർന്ന്, ജൂലായ് 16 വ്യാഴാഴ്ച രാവിലെ തന്നെ ശിക്ഷ നടപ്പാക്കി.
ഗർണിയിൽ കൈകാലുകൾ ബന്ധിക്കുന്നതിന് മുമ്പ് സ്പിരിച്വൽ ഉപദേശകൻ ഗ്ളൗസിട്ട കൈകൾ ചേർത്തു പിടിച്ചു പ്രാർത്ഥിച്ചു.തുടർന്ന് പ്രതിയുടെ മുഖത്തു നിന്നും മാസ്ക് മാറ്റി അവസാന വാക്കുകൾ പറയുന്നതിനുള്ള അനുമതി നൽകി.
തന്റെ പ്രവൃത്തി മൂലം ജനിഫറിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിനും വേദനയ്ക്കും ക്ഷമ ചോദിക്കുന്നുവെന്ന് വെസ്ലി പറഞ്ഞു. തുടർന്ന് മാരകമായ വിഷമിശ്രിതം സിരകളിലേക്ക് കുത്തിവെച്ചു.രണ്ടോ മൂന്നോ ദീർഘനിശ്വാസങ്ങൾക്കു ശേഷം ശരീരത്തിന്റെ ചലനം നിലച്ചു.
തങ്ങളുടെ മകളുടെ അവസാന ശ്വാസം എടുത്ത പ്രതിയുടെ അവസാന ശ്വാസം പോകുന്നത് കാണാൻ കൊല്ലപ്പെട്ട ജെനിഫറിന്റെ കുടുംബാംഗങ്ങളും എത്തിച്ചേർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: