തിരുവനന്തപുരം: അടിസ്ഥാന രഹിത പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ നിയമ നടപടിക്ക് ബിഎംഎസ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്തുകേസില്‍ ആരോപണം നേരിടുന്ന വ്യക്തിക്ക് ബിഎംഎസ് ബന്ധമുണ്ടെന്ന പ്രസ്താവനക്കെതിരെയാണ് ബിഎംഎസ് നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോടിയേരി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും അതില്‍ പറയുന്ന വ്യക്തിക്ക് ബിഎംഎസുമായി യാതൊരു ബന്ധവുമില്ലെന്നും ബി.എം.എസ്. സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. നിജസ്ഥിതി മനസിലാക്കിയ മാധ്യമങ്ങള്‍ വാര്‍ത്ത തിരുത്തുകയുമുണ്ടായി. എന്നാല്‍ സിപിഎമ്മിന്റെ നേതാക്കളില്‍ പലരും ചാനല്‍ ചര്‍ച്ചകളില്‍ വസ്തുതാവിരുദ്ധമായ പ്രസ്താവന ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്നു നടന്ന പത്രസമ്മേളനത്തില്‍ ഇതേ പരാമര്‍ശം ആവര്‍ത്തിച്ചിരിക്കുന്നു. അതിനാല്‍ കോടിയേരി നടത്തിയ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ബിഎംഎസ് നിയമനടപടി സ്വീകരിക്കുമെന്നും ബിഎംഎസ് സംസ്ഥാന സെക്രട്ടറി എം.പി രാജീവന് പ്രസാതവനയിലൂടെ അറിയിച്ചു.
സ്വര്‍ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിനും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനും ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഈ ജാള്യതയില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ് ബിഎംഎസിനെതിരായി അടിസ്ഥാനരഹിതമായ ആരോപണം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: