അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ ഉയരും. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അടുത്ത മാസം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും റിപ്പോര്‍ട്ട്. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതും ചടങ്ങില്‍ പങ്കെടുക്കും. നരേന്ദ്ര മോദിക്കു പങ്കെടുക്കാന്‍ കഴിയുന്ന വിധത്തില്‍ ഉദ്ഘാടനച്ചടങ്ങിന്റ തീയതി തീരുമാനിക്കാനാണ് ക്ഷേത്ര നിര്‍മാണ ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. നാളെയാണ് അയോധ്യയില്‍ ട്രസ്റ്റിന്റെ നിര്‍ണായക യോഗം നടക്കുന്നത്.
ഈ യോഗത്തില്‍ തീയതി നിശ്ചയിച്ചേക്കും. ക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാനും നരേന്ദ്ര മോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്ര യോഗത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രിക്ക് സ്വീകാര്യമായ തീയതി അദ്ദേഹം യോഗത്തില്‍ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉദ്ഘാടനച്ചടങ്ങിലേക്കു ക്ഷണിച്ചുകൊണ്ട് മോദിക്ക് നേരത്തേ തന്നെ ട്രസ്റ്റ് സന്ദേശം അയച്ചിരുന്നു. ഓഗസ്റ്റില്‍ തന്നെ ക്ഷേത്ര നിര്‍മാണം തുടങ്ങാനാണ് പദ്ധതി.
സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും അടക്കം സമുന്നത നേതാക്കളെ ഉദ്ഘാടനച്ചടങ്ങിലേക്കു ക്ഷണിക്കും. ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോളും പാലിക്കേണ്ടതുണ്ട്. ഗര്‍ഭ ഗൃഹയിലെ ഭൂമി പൂജയാണ് ക്ഷേത്ര നിര്‍മാണത്തിന്റെ തുടക്കമായി പദ്ധതിയിട്ടിരിക്കുന്നത്. അതിനാണു അതിഥികളെ ക്ഷണിക്കുന്നതും. സുപ്രീം കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ രാമജന്മഭൂമി ട്രസ്റ്റ് രൂപവത്കരിച്ചത്. നൃപേന്ദ്ര മിശ്രയുടെ മേല്‍നോട്ടത്തില്‍ എന്‍ജിനീയര്‍മാരുടെ ഒരു വന്സഘം ആയോധ്യ സന്ദര്‍ശിച്ചിരുന്നു. ട്രസ്റ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ ജനറല്‍ സെക്രട്ടറി ചംപത് റായിയും അയോധ്യയില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: