നയതന്ത്ര ബന്ധത്തിന്റെ മറപിടിച്ച് നടത്തിയ സ്വര്‍ണക്കള്ളക്കടത്തിലൂടെ ലഭിക്കുന്ന പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്ന് വ്യക്തമായി വരുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരിനു പുറമെ ഭരണത്തിനു നേതൃത്വം നല്കുന്ന സിപിഎമ്മുമാണ്. എന്‍ഐഎയും കസ്റ്റംസും കേസെടുത്തിരിക്കുന്ന തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ ഏറ്റവും പുതിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പലര്‍ക്കും ഇസ്ലാമിക തീവ്രവാദ, ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ബന്ധപ്പെട്ട് രാജ്യദ്രോഹപരമായ ഇത്തരമൊരു ഇടപാടു നടത്താന്‍ കഴിഞ്ഞുവെന്നത് നടുക്കമുണ്ടാക്കുന്നു. സര്‍ക്കാര്‍ സംവിധാനത്തെ യാതൊരു കൂസലുമില്ലാതെ ദുരുപയോഗിക്കാന്‍ തീവ്രവാദ സംഘടനകളുടെ ഏജന്റുമാര്‍ക്ക് കഴിയുന്നതിനു പിന്നില്‍, കുറെക്കാലമായി സിപിഎം പിന്തുടരുന്ന മതമൗലികവാദ രാഷ്ട്രീയമാണെന്ന് വ്യക്തം.
പിണറായി വിജയന് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കെ പാര്‍ട്ടിക്കു വന്ന മാറ്റങ്ങളിലൊന്നാണ് ഇസ്ലാമിക തീവ്രവാദ സംഘടനകളോടുള്ള ആഭിമുഖ്യം. നേതൃത്വം ഇത്തരം സംഘടനകളോട് അനുഭാവം പുലര്‍ത്തിയപ്പോള്‍ മതത്തിന്റെ പേരില്‍ അക്രമപ്രവര്‍ത്തനങ്ങളും ദേശദ്രോഹ പ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ താഴെത്തട്ടു മുതല്‍ പാര്‍ട്ടിയില്‍ കയറിക്കൂടി. ‘പച്ചച്ചെങ്കൊടി’യുമേന്തി സംയുക്ത പ്രകടനം നടത്താന്‍പോലും തയ്യാറായ സിപിഎം അണികളും ഇസ്ലാമിക തീവ്രവാദികളും പൊതു ശത്രുവായ ഹിന്ദുത്വ- ദേശീയ സംഘടനകളില്‍പ്പെട്ടവരെ കൊലപ്പെടുത്താനും കൈകോര്‍ത്തു. സിപിഎമ്മുകാരെയും തീവ്രവാദികളെയും പരസ്പരം തിരിച്ചറിയാന്‍ പറ്റാതെ വന്നു. വളരെ അപകടകരമായ സ്ഥിതിവിശേഷമായിരുന്നു ഇതെങ്കിലും സിപിഎം നേതാക്കള്‍ക്ക് ആശങ്കയൊന്നുമുണ്ടായില്ല. അബ്ദുള്‍ നാസര്‍ മദനിയെപ്പോലുള്ള ഭീകരവാദികളുമായി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും പോലുള്ള നേതാക്കള്‍ വേദി പങ്കിട്ടു. മദനി ഏര്‍പ്പെട്ട ഭീകര പ്രവര്‍ത്തനത്തിന് അന്തര്‍ സംസ്ഥാന ബന്ധമുള്ളതുകൊണ്ടുമാത്രമാണ് അയാള്‍ ഇപ്പോള്‍ കര്‍ണാടക ജയിലില്‍ കിടക്കുന്നത്. അല്ലായിരുന്നുവെങ്കില്‍ ഇടതുമുന്നണിയുടെ ഘടകകക്ഷി നേതാവായി പിണറായിയുടെ ഭരണത്തിന്റെ തണലില്‍ വിലസുമായിരുന്നു.
ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ തീവ്രവാദ-ഭീകരവാദ സംഘടനകളുടെ അജണ്ടയ്ക്കനുസരിച്ചാണ് പല വിഷയങ്ങളിലും സിപിഎം ഔദ്യോഗിക നിലപാടുകളെടുത്തത്. റെഡ് ജിഹാദ് എന്നതായി സിപിഎമ്മിന്റെ പ്രത്യയശാസ്ത്രവും പരിപാടിയും. പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തെത്തിയതോടെ തങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ ഭരണം ലഭിച്ചതുപോലെ ഈ തീവ്രവാദ സംഘടനകള്‍ പെരുമാറാന്‍ തുടങ്ങി. ഇന്ത്യയെ ഇസ്ലാമിലൂടെ മോചിപ്പിക്കാന്‍ ശ്രമിച്ച ‘സിമി’യുടെ നേതാവായിരുന്ന കെ.ടി. ജലീല്‍ മന്ത്രിയാവുക മാത്രമല്ല, പിണറായിയുടെ വലംകയ്യും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായി. അധികാരത്തിലിരുന്നുകൊണ്ട് ജലീല്‍ പ്രാവര്‍ത്തികമാക്കുന്നത് ഇസ്ലാമിക അജണ്ടയാണെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടും പിണറായി അതിന് ചെവികൊടുക്കാതിരുന്നത് ഇരുവരും തമ്മിലെ ദൃഢ ബന്ധത്തിന്റെ തെളിവായിരുന്നു.
സിപിഎമ്മും ഇസ്ലാമിക തീവ്രവാദ സംഘടനകളും തമ്മിലുള്ള അവിശുദ്ധ ബന്ധം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെപ്പോലും നിയന്ത്രിക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെപ്പോലും സ്വന്തം ആളാക്കി മാറ്റിയാണ് ഇപ്പോഴത്തെ വിവാദ സ്വര്‍ണക്കടത്ത് നടത്തിയിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇപ്പോള്‍ പിടിയിലായ സംഘംതന്നെ ഇതിനു മുന്‍പ് പല പ്രാവശ്യം സ്വര്‍ണക്കടത്ത് നടത്തിയതായാണ് വിവരം. മുന്‍പു നടന്ന പല സ്വര്‍ണക്കടത്തു കേസുകളും തേഞ്ഞുമാഞ്ഞുപോവാനുള്ള കാരണം അത് ചെയ്തവരുടെ രാഷ്ട്രീയ-ഭരണ സ്വാധീനമാണ്. സ്വര്‍ണക്കടത്തിലൂടെ സമാഹരിക്കുന്ന പണത്തിന്റെ വിഹിതം രാഷ്ട്രീയ-ഭരണ തലത്തിലുള്ളവര്‍ക്കും ലഭിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇസ്ലാമിക തീവ്രവാദികളെപ്പോലെ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ജനങ്ങളുടെ കണ്ണില്‍ രാജ്യദ്രോഹകുറ്റം തന്നെയാണ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: