കാസര്‍കോട്: കുമ്പള മുതല്‍ തലപ്പാടി വരെ ദേശീയ പാതയിലെ ഇരുവശങ്ങളിലുമുള്ള ടൗണുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍, മധുര് ടൗണ്‍, ചെര്‍ക്കള ടൗണ്‍ തുടങ്ങിയ പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പ്രഖ്യാപിച്ചു. രോഗികള്‍ കൂടുതലുള്ളതും രോഗവ്യാപന സാധ്യത കൂടുതലുള്ളതുമായ പ്രദേശങ്ങളാണിവ. കണ്ടെയന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഇവിടെ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാകും തുറക്കാന്‍ അനുമതി നല്‍കുക. കണ്ടെയ്ന്മെന്റ് സോണുകളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. സേവനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈനായി മാത്രമേ നല്കാവു. കണ്ടെയ്ന്മെന്റ് സോണുകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിക്കും. ഇവിടെ അനാവശ്യ സഞ്ചാരം അനുവദിക്കില്ല. നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നിയമ നടപടിയെടുക്കും.
മത്സ്യബന്ധനത്തിന് നിയന്ത്രണം
മത്സ്യബന്ധനത്തിനുള്ള നിരോധനം ജൂലൈ 17 രെ തുടരും. ശേഷം നിയന്ത്രങ്ങളോടെ ടോക്കണ്‍ സമ്പ്രദായം വഴി പമ്പരാഗത മത്സ്യബന്ധനം അനുവദിക്കും. എന്നാല്‍ ലേലം പാടില്ല. ബാര്‍ബര്‍ ഷോപ്പുകളില്‍ മാസ്ക്, കയ്യുറ, സാനിറ്റൈസര്‍ നിര്‍ബന്ധമാണ്. നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കും. കോവിഡ് നിയന്തണത്തിന്റെ ഭാഗമായി പഞ്ചായത്ത്, മുന്‍സിപ്പല്‍ തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേയും കൊറോണ കോര്‍ കമ്മറ്റി യോഗ തീരുമാനങ്ങള്‍ക്കും അനുസൃതമാകാന്‍ ശ്രദ്ധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു അതൊരിക്കലും ജനജീവിതത്തെ ബാധിക്കുന്ന തരത്തിലാവരുത്.
യോഗത്തില്‍ ജില്ലയില്‍ പ്രത്യേകം ചുമതല നല്കിയ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ, ഡിഎംഒ ഡോ.എ.വി. രാംദാസ് സബ് കളക്ടര്‍ അരുണ്‍ കെ വിജയന്, എഡിഎം എന്‍.ദേവീദാസ് ഡിഡിഇ കെ.വി പുഷ്പ ആര്‍ഡിഒ ടി.ആര് അഹമ്മദ് കബീര്‍, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പി.വി.സതീശന് കൊറോണ കോര്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
അതീവ സുരക്ഷയോടെ കിംസ് പരീക്ഷ
ഇന്ന് കര്‍ശന നിയന്ത്രണങ്ങളോടെ കീം പരീക്ഷ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷയ്ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കായി തലപ്പാടിയില്‍ പ്രത്യേകം കെ എസ ആര് ടി സി സൗകര്യം ഒരുക്കിയിട്ടുണ്ട്. പരീക്ഷയ്ക്കെത്തുന്നവര്‍ ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേകം മുറിയില്‍ പരീക്ഷയെഴുതിക്കും. മാസ്ക്, സാമൂഹിക അകലം എന്നിവ പാലിക്കാത്തവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല. കാസര്‍കോട് നഗരസഭയില്‍ നാല് കേന്ദ്രങ്ങള്‍, ചെങ്കളില്‍ രണ്ട് കേന്ദ്രങ്ങള്‍, ചെമ്മനാട് ഒരു കേന്ദ്രം എന്നിവിടങ്ങളിലാണ് കിംസ് പരീക്ഷ നടക്കുക. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.
ഔദ്യോഗിക യോഗങ്ങള്‍ ഇനി 14 ദിവസം നടത്തില്ല
സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തുന്ന എല്ലാ യോഗങ്ങളും 14 ദിവസത്തേക്ക് നിര്‍ത്തി വെക്കുന്നതിന് ജില്ലാതല കൊറൊണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഹിയറിങ്ങ് ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ യോഗങ്ങളും 14 ദിവസത്തേക്ക് നിര്‍ത്തിവെച്ചു.
കടകള്‍ തുറക്കേണ്ടത് രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ
ജില്ലയിലെ കടകള്‍ ഇന്ന് മുതല്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ മാത്രമേ തുറക്കാന്‍ അനുവദിക്കു. വ്യാപാര സംഘടനകള്‍ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് തിരുമാനം.കടകളില്‍ ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം അനുവദിക്കില്ല. കടകളിലെ ജീവനക്കാര്‍ ഗ്ലൗസും മാസ്കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കടകള്‍ ഏഴ് ദിവസത്തേക്ക് അടപ്പിയ്ക്കും. പിന്നീട് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ തുറക്കാന്‍ അനുവദിക്കു.
പതിനേഴ് മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണം
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജൂലൈ 17 മുതല്‍ ജില്ലയില്‍ ദേശീയപാത വഴി കാസര്‍കോട് മുതല്‍ ജില്ലാ അതിര്‍ത്തിയായ കാലികക്കടവ് വരെ പൊതുഗതാഗതം നിരോധിച്ചു. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും ഉള്‍പ്പെടെ സര്‍വീസ് നടത്തരുത്.
കര്‍ണ്ണാടകയില്‍ നിന്ന് പച്ചക്കറി വാഹനം കടത്തിവിടില്ല
പഴം, പച്ചക്കറി വാഹനങ്ങള്‍ ജൂലൈ 31 വരെ കര്‍ണ്ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കില്ല. ഡെയ്ലി പാസും നിര്‍ത്തലാക്കി. കര്‍ണ്ണാടകയില്‍ നിന്നുള്ള പച്ചക്കറി വാഹനങ്ങള്‍ നിയന്ത്രിച്ചതോടെ ജില്ലയില്‍ പച്ചക്കറി ലഭ്യത ഉറപ്പാക്കാന്‍ കൃഷി വകുപ്പ് മുഖേന കര്‍ഷകരില്‍ നിന്ന് പച്ചക്കറി ശേഖരിച്ച് വിപണനം നടത്തും.
തിരികെ പോകുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റിന് സൗകര്യം
മടങ്ങിപോകുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് ചെയ്യാന്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് ആശുപത്രികളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല
ജില്ലയിലെ പഞ്ചായത്ത് ഓഫീസുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങളെ അനുവദിക്കില്ല. ഉദ്യോഗസ്ഥര്‍ ഓഫീസ് സേവനം ഓണ്‍ലൈനായി നല്‍കണം. എന്റെ ജില്ല ആപ്ലിക്കേഷനില്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ ലഭ്യമാണ്. ജനങ്ങള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. വെള്ളരിക്കുണ്ട് നിര്‍മ്മലഗിരി എല്‍പി സ്കൂളിലെ മുറികള്‍ സ്രവ ശേഖരണ കേന്ദ്രമാക്കാന്‍ അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: