കാഠ്മണ്ഡു: സുഹൃത്ത് രാജ്യമായ ഇന്ത്യക്കെതിരെ തിരിഞ്ഞതോടെ നേപ്പാളില്‍ രാഷ്ട്രീയ പൊട്ടിത്തെറി. ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി) പിളരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പിളര്‍പ്പ് സൂചന പുറത്തുവന്നതോടെ പാര്‍ട്ടിയുടെ നിര്‍ണായക സ്ഥിരം സമിതി യോഗം വീണ്ടും വീണ്ടും മാറ്റിവെച്ചുകൊണ്ടിരിക്കുകയാണ്.
പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി മുന്‍ പ്രധാനമന്ത്രി പ്രചണ്ഡയും തമ്മില്‍ ഒരാഴ്ചയ്ക്കിടെ അരഡസന്‍ കൂടിക്കാഴ്ചകള്‍ നടത്തിയെങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. സമിതി യോഗം അടിയന്തരമായി നാളെ ചേരണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ഉച്ചയോടെ പാര്‍ട്ടി പിളരുമോയെന്ന് വ്യക്തമാകുമെന്നാണ് നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒലിയുടെ രാജി എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന പ്രചണ്ഡ വിഭാഗത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം. എന്തു വില കൊടുത്തും പിടിച്ചുനില്‍ക്കാനാണ് ഒലിയുടെ ശ്രമം. നേപ്പാളിലെ ചൈന അംബാസഡര്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, ഏറ്റവും വലിയ സുഹൃത്തായ ഇന്ത്യയെ പിണക്കുന്നതിനോട് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭൂരിപക്ഷം പേര്‍ക്കും എതിര്‍പ്പാണ്.
ഒലിയുടെ നീക്കങ്ങള്‍ ഏകാധിപത്യപരമാണെന്ന് ആരോപിച്ച് പ്രതിപക്ഷവും രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യയുമായി അതിര്‍ത്തിപ്രശ്നം വഷളാക്കിയത് ഒലിയുടെ താല്പര്യങ്ങളാണെന്ന് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഭിപ്രായം. നാളത്തെ സ്ഥിരം സമിതി മീറ്റിങ്ങില്‍ പ്രധാനമന്ത്രി പദം രാജിവെച്ചില്ലെങ്കില്‍ ശര്‍മ്മ ഒലിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നാണ് നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഇതിനെല്ലാം പിന്നില്‍ ഇന്ത്യയാണെന്നാണ് ഒലിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: