തിരുവനന്തപുരം:കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ദേശീയ ആയുഷ് മിഷനുമായി ചേര്‍ന്ന് ‘കോവിഡ് കാലവും ആയുര്‍വേദത്തിന്റെ കരുതലും’ എന്ന വിഷയത്തില്‍ ഫേസ്ബുക് ലൈവ് സംഘടിപ്പിച്ചു. കൊറോണ ബാധിതരെ നിരീക്ഷിക്കുന്നതിനും, രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനരേഖ തയ്യാറാക്കി, ദേശീയ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും മുന്നില്‍ തന്നെയുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്, ദേശീയ ആയുഷ് മിഷന് സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ് എം അഭിപ്രായപ്പെട്ടു.
ആദ്യ രണ്ടു ഘട്ടങ്ങളിലും കൈക്കൊണ്ടിട്ടുന്ന മുന്‍കരുതലുകള്‍ കോവിഡ് നിയന്ത്രിക്കുന്നതിനു പ്രയോജനപ്പെട്ടു. എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന ശ്രദ്ധ, പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ഇപ്പോള്‍ പൊതുവില്‍ ഉണ്ടാകാത്തതിനാലും കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടിവരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ പ്രതിരോധമാര്‍ഗങ്ങള്‍ക്കു മുന്‍തൂക്കം നല്‍കികൊണ്ട് ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടി വരും. പ്രധാനമായും മാസ്ക്, സോപ്പ്, സാനിറ്റൈസര്‍ എന്നിവയുടെ ശരിയായ ഉപയോഗവും അതിനൊപ്പം രോഗപ്രതിരോധശക്തി ശരിയായ വിധം പ്രവര്‍ത്തനക്ഷമമായിരിക്കുകയും ചെയ്താല്‍ മാത്രമേ ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികളെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുകയുള്ളുവെന്നും ഡോ. സുഭാഷ് ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധത്തിനായി പ്രധാനമായും 4 തരത്തിലാണ് പൊതുജനാരോഗ്യരംഗത്തു ആയുര്‍ രക്ഷ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്വാസ്ഥ്യം, സുഖായുഷ്യം, പുനര്‍ജനി, അമൃതം എന്നിവയാണവ. മരുന്നുകള്‍ പരമാവധി കുറച്ച് ദിനചര്യ, കാലാവസ്ഥാചര്യ, നല്ല ഭക്ഷണം, കൃത്യനിഷ്ഠ, ലഘു വ്യായാമം തുടങ്ങിയവ ശീലമാക്കുവാനുള്ള ഇടപെടല്‍ നടത്തുകയാണ് ‘സ്വാസ്ഥ്യം’ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക ആരോഗ്യശ്രദ്ധ നല്‍കണം. അവര്‍ക്കുള്ള മരുന്നുകള്‍ അവരുടെ ദേഹബലത്തെ ക്ഷീണിപ്പിക്കാത്തവിധം വീര്യം കുറഞ്ഞവയും എന്നാല്‍ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നവയും ആയിരിക്കണം. ഇതിലുപരി നിലവിലുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് തടസ്സമാകാത്തവിധംകൂടി ആയിരിക്കണം. അതിനുള്ള പദ്ധതിയാണ് സുഖായുഷ്യം എന്ന പേരില്‍ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി ഒരുക്കിയിട്ടുള്ളത്.
ശാരീരിക പ്രയാസങ്ങള്‍ക്കൊപ്പം മാനസിക വിഷമങ്ങള്‍ അനുഭവിക്കുന്നവരും കുറവല്ല. അതിനൊരു പരിഹാരമായി ഓണ്‍ലൈന്‍ സംവിധാനം വഴി ഡോക്ടറോട് വിവരങ്ങള്‍ പറയുന്നതിനും ഏറ്റവും അടുത്തുള്ള ഗവണ്മെന്റ് സ്ഥാപനത്തില്‍ നിന്നും ഔഷധങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയാണ് നിരാമയ. സംസ്ഥാനത്തൊട്ടാകെ 1206 ആയുര്‍ രക്ഷ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുവഴി 3 ലക്ഷത്തോളം പേര്‍ക്ക് സ്വാസ്ഥ്യം പദ്ധതി വഴിയും 2 ലക്ഷത്തില്‍ പരം വയോജനങ്ങള്‍ക്ക് സുഖായുഷ്യം മുഖേനയും, ക്വാറന്റൈനില്‍ കഴിയുന്ന 1,20,000 പരം പേര്‍ക്ക് അമൃതം പദ്ധതി വഴിയും പ്രതിരോധൗഷധങ്ങള്‍ നല്‍കിയാതായി ഫേസ്ബുക് ലൈവില്‍ പങ്കെടുത്ത ഐ എസ്സ് എം ആയുര്‍ രക്ഷ ക്ലിനിക് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി. പി. സിദ്ധി പറഞ്ഞു. കോവിഡ് വിമുക്തരായ 693 പേര്‍ക്ക് ആരോഗ്യപുനഃസ്ഥാപനത്തിനായി പുനര്‍ജനി പദ്ധതി മുഖേനയും ഭാരതീയ ചികിത്സാ വകുപ്പിന്റെ സേവനം ലഭ്യമാക്കി. അമൃതം പദ്ധതിയിലൂടെ രോഗവിമുക്തി നേടിയവരെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനം നടന്ന് വരികയാണെന്ന് അവര്‍ അറിയിച്ചു. മരുന്ന് മാത്രമല്ല ഒപ്പം നല്ല ഭക്ഷണവും നല്ല ജീവിത ശീലങ്ങളും രോഗശമനം വര്‍ധിപ്പിക്കുമെന്ന് ഡോ. സിദ്ധി ചൂണ്ടിക്കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: