രാജാക്കാട്: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കൊറോണ ബാധ കുതിച്ചുയരുമ്പോള്‍ ഇടുക്കിയില്‍ ഇന്നലെ കൊറോണ സ്ഥിരീകരിക്കാത്തത് ആശ്വാസമാകുന്നു. അതേ സമയം രാജാക്കാട് നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊറോണ ബാധ.
ഇതോടെ പഞ്ചായത്താകെ കണ്ടെയ്ന്മെന്റ് സോണാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഞായറാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വയോധിക്കാണ് കൊറോണ പോസിറ്റീവായത്. ഇവരുടെ ഒപ്പം ഉണ്ടായിരുന്ന ബന്ധുക്കള്‍ക്കാണ് രോഗം കണ്ടെത്തിയത്. വിശദ പരിശോധനക്കായി ഇവരുടെ സ്രവ സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ഇതിന് ശേഷമാകും ഔദ്യോഗിക സ്ഥിരീകരണം വരുക.
ജില്ലയിലാകെ 211 പേര്‍ക്ക് ആണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 93 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 118 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 91 പേര് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലും 17 പേര് തൊടുപുഴ ജില്ലാ ആശുപത്രിയിലും ആറുപേര്‍ മറ്റുജില്ലകളിലെ ആശുപത്രികളിലുമാണ്. ഇതര ജില്ലക്കാരായ മൂന്ന് പേര് ജില്ലയിലും ചികിത്സയിലുണ്ട്.
രാജാക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നടത്തിയ അതിവേഗ ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നാല് പേരേയും ഇന്നലെ തന്നെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരെ പരിശോധിച്ച സിഎച്ച്സിയും, ഇവര്‍ പനി മൂലം ചികിത്സയിലായിരുന്ന രാജാക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയും രണ്ട് ദിവസത്തേക്ക് അടച്ചു. കഴിഞ്ഞ ദിവസം മരിച്ചയാളെ പരിശോധിച്ച സ്വകാര്യ ആശുപത്രി നേരത്തെ അടച്ചിരുന്നു. നിലവില്‍ രണ്ടാമത്തെ സ്വകാര്യ ആശുപത്രിയും അടച്ചതിനാല്‍ രാജാക്കാട്ട് കിടത്തി ചികിത്സാ സൗകര്യം നിലച്ചു. മേഖലയില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തി. സമൂഹ വ്യാപനത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാകും ടൗണടക്കം തുറക്കാന്‍ അനുവദിക്കുക. അവശ്യ സാധനങ്ങളുടെ വില്‍പ്പനക്ക് മാത്രം ഉച്ചയ്ക്ക് 12 മണിവരെ അനുവദിയുണ്ട്.
എന്നാല്‍ ജില്ലയില്‍ രോഗികളുടെ എണ്ണം കൂടുമ്പോഴും രോഗമുക്തി നിരക്ക് കുറയുകയാണ്. പരിശോധന സംവിധാനത്തിന്റെ അപര്യാപ്തതയാണ് പ്രധാന തടസം. സ്രവം പരിശോധിക്കുന്നതിനുള്ള സംവിധാനം ഇടുക്കിയില്‍ ഒരുങ്ങുന്നുണ്ടെന്നും രണ്ടാഴ്ചക്കുള്ളില്‍ ഇത് പ്രവര്‍ത്തന സജ്ജമാകുമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് അറിയിച്ചു. രാജാക്കാട് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങള്‍ ജാഗ്രത തുടരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: