പുൽപ്പള്ളി:പുൽപ്പള്ളിയിലെ കാനറാ ബാങ്ക് മേധാവിക്ക്കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ പുൽപ്പള്ളി പ്രദേശത്ത് കൂടുതൽ ജാഗ്രതയോടെയുള്ള പരിശോധനകൾ ആവശ്യമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ഇവിടെ കേവലം ഒന്നോ രണ്ടോ വാർഡുകളിൽ മാത്രമല്ല പുൽപ്പള്ളി-മുള്ളൻകൊല്ലി എന്നീ രണ്ട് പഞ്ചായത്തുകൾ മുഴുവനുമാണ് ഭീതിയുടെ മുൾമുനയിൽ നിൽക്കുന്നത്.പ്രദേശത്തെ വ്യത്യസ്ത മേഖലകളിലുള്ള നൂറുകണക്കിനാളുകളാണ് ബാങ്കിൽ ദിവസേന ബന്ധപ്പെട്ട് കൊണ്ടിരുന്നത് .
ഏറ്റവും കൂടുതൽ സമ്പർക്കം ഉണ്ടായിട്ടുള്ള ഒരു ടൗൺ എന്ന നിലയ്ക്ക് ഇവിടെ സമൂഹ വ്യാപനത്തിന് സാധ്യത വളരെയേറെ കൂടുതലാണ്. അതോടൊപ്പം തൊട്ടടുത്ത കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിൽ നിരവധി കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങൾ അങ്ങേയറ്റം ആശങ്കയിലാണ്. രോഗം സ്ഥിരീകരിച്ച ആളുമായി നേരിട്ട് സമ്പർക്കം ഉണ്ടായിരുന്ന ആളുകളെ പോലും പരിശോധനയ്ക്ക് വിധേയമാക്കാത്ത ആരോഗ്യവകുപ്പിന്റെ നടപടികൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
ബാങ്കിൽ നിത്യേനയെന്നോണം നിരന്തരം ഇടപാടുകൾ ചെയ്തിരുന്ന നൂറിലധികം വ്യാപാരികൾ ടൗണിൽ തന്നെ ഉണ്ട്. കൂടാതെ എല്ലാ വാർഡുകളിലേയും കുടുംബശ്രീ പ്രവർത്തകരുടേയും 45 ഓളം വരുന്ന ചുമട്ടുതൊഴിലാളികളുടേയും, നൂറു കണക്കിന് പീടിക തൊഴിലാളികളുടെയും കുടുംബാംഗങ്ങളടക്കം കോവിഡ് എവിടെ നിന്ന് വന്നു എന്ന് അറിയാത്ത ഈ സാഹചര്യത്തിൽ വലിയ ഭീതിയുടെ നിഴലിലാണ്. ഈ അവസരത്തിൽ രോഗവ്യാപനം തടയാനുള്ള ശക്തമായ നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു . അതോടൊപ്പം പൊതുജനങ്ങളുടെ ആശങ്കയകറ്റാനായി ടെലിഫോണിക് കൗൺസിലിംഗ് സെൻ്ററും ആരംഭിക്കേണ്ടതാണ്.
ഭരണകൂടവും,എം.പി, എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും ഇക്കാര്യത്തിൽ കുറേക്കൂടി ശുഷ്കാന്തി കാണിക്കേണ്ടിയിരിക്കുന്നു. കേരളത്തിൽ തന്നെ ഇത്രയധികം സമ്പർക്ക സാധ്യതയുള്ള ഉറവിടം കണ്ടെത്താത്ത കേസുകൾ ഉള്ള ഒരു പ്രദേശത്ത് അധികൃതരുടെ സത്വരശ്രദ്ധ പതിയാൻ നടപടി ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിര ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: