ആലപ്പുഴ: പ്രളയത്തില്‍ നഷ്ടപ്പെട്ട എസ്എസ്എല്‍സി ബുക്കിനായി അപേക്ഷകരുടെ കാത്തിരിപ്പ് നീളുന്നു. സംസ്ഥാനത്തെ നൂറുകണക്കിന് ഗുണഭോക്താക്കളുടെ അപേക്ഷകളാണ് രണ്ട് വര്‍ഷം എത്താറായിട്ടും തീര്‍പ്പില്ലാതെ നീളുന്നത്. പ്രളയശേഷം എസ്എസ്എല്‍സി ബുക്ക് ഉള്‍പ്പെടെയുള്ള അനുബന്ധ രേഖകള്‍ നഷ്ടപ്പെട്ടാല്‍ സമയബന്ധിതമായി ഉടമകള്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പ്രളയശേഷം നല്കിയ അപേക്ഷയില്‍ പകുതിപോലും തീര്‍പ്പായിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയില്‍ അപേക്ഷകര്‍ ദിവസേന സ്കൂളുകളുടെ വരാന്തകള്‍ കയറിയിറങ്ങുകയാണ്.
അപേക്ഷയുമായി ബന്ധപ്പെട്ട് ആദ്യനടപടി പോലും വിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കിയില്ല. അപേക്ഷകള്‍ നല്കുന്ന മുറയ്ക്ക് എക്സാമിനേഷന് കണ്ട്രോള് വിഭാഗം അതാത് സ്കൂളുകളില്‍ പ്രാഥമിക അന്വേഷണം നടത്തി ഉറപ്പ് വരുത്തേണ്ടതുണ്ട്. മഹാപ്രളയം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ പ്രാഥമിക അന്വഷണത്തിന് പോലും വിദ്യാഭ്യാസ വകുപ്പ് തയാറായിട്ടില്ല. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം എസ്എസ്എല്‍സി ബുക്കിന്റെ ഡ്യൂപ്ലിക്കേറ്റ് നല്കി ഉദ്യോഗസ്ഥര്‍ കൈകഴുകുമ്പോള്‍ മറ്റ് ഗുണഭോക്താക്കള്‍ സ്കൂളിന്റെ തിണ്ണ നിരങ്ങുകയാണ്.
പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള അടിയന്തിര ആവശ്യങ്ങള്‍ പലതും ഗുണഭോക്താക്കള്‍ക്ക് നഷ്ടപ്പെടുന്നതായി പരാതിയുണ്ട്. പ്രളയത്തില്‍ എസ്എസ്എല്‍സി ബുക്ക് നഷ്ടപ്പെട്ടവരുടെ അപേക്ഷയില്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തിര നടപടി സ്ഥീകരിക്കണമെന്ന് ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: