തൃശൂര്‍: തൊഴിലാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിടാന്‍ നിര്‍ദ്ദേശം നല്കിയ ഇരിങ്ങാലക്കുട കെഎസ്ഇ കമ്പനിയില്‍ നിന്ന് ഇന്നലെയും ലോഡ് കയറ്റിയതായി പരാതി. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കമ്പനിയ്ക്ക് മുന്നിലെത്തി ലോറികള്‍ തടയാന്‍ ശ്രമിക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കമ്പനി അടയ്ക്കുന്നതിന് മുമ്പായി ലോഡ് കയറ്റിയ ലോറികളാണ് ഇതെന്ന് പോലീസ് പറഞ്ഞു. കമ്പനിയിലെ തൊഴിലാളികള്‍ ക്വാറന്റൈനിലായതിനാല്‍ ലോറി ജീവനക്കാര്‍ തന്നെയാണ് ലോഡ് കയറ്റുന്നതെന്ന് മനസിലാക്കിയതിനാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ എം.ജെ ജിജോ അറിയിച്ചു.
ഇതര സംസ്ഥാനക്കാരായ രണ്ടു തൊഴിലാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. ഇവരില്‍ ആറ് പേര് അതിഥി തൊഴിലാളികളാണ്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് അടച്ചുപൂട്ടിയ കമ്പനിയിലെ തൊഴിലാളികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ 400 പേരാണുള്ളത്. തൊഴിലാളികളോടും അവരുടെ കുടുംബങ്ങളും നീരിക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്. കമ്പനിയില്‍ നിന്ന് 20ല്‍ താഴെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്.
രോഗലക്ഷണങ്ങളുമായി ഇന്നലെ മൂന്ന് തൊഴിലാളികള്‍ ആരോഗ്യ വിഭാഗത്തെ ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നതോടെ രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. നിലവില്‍ കമ്പനി ഉള്‍പ്പെടുന്ന 27ാം വാര്‍ഡ് മാത്രമാണ് ജില്ലാ ഭരണകൂടം അതിനിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നഗരം കൂടുതല്‍ നിയന്ത്രണങ്ങിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്. കമ്പനിയ്ക്ക് മുന്നിലെ കടകളും ആരോഗ്യവിഭാഗം അടപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: