തിരുവനന്തപുരം: കല്ലേറും പൂമഴയുമായി പൂന്തുറ വാര്‍ത്തകളില്‍ സജീവമാണ്. കടലമ്മയുടെ കാറ്റേറ്റ് ശാന്തമായിരുന്ന പൂന്തുറയെ കലുഷിതമാക്കിയ രാഷ്ട്രീയ കക്ഷികളുടെ മൂപ്പിളമ തര്‍ക്കം അവസാനിക്കുന്നില്ല, കഴിഞ്ഞ രണ്ടു ദിവസം മുമ്പ് പൂന്തുറ മേഖലയില്‍ പൊതുജനങ്ങളുടെ പ്രതിഷേധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ ഇപ്പോഴും രാഷ്ട്രീയ വാക്പോര് തുടരുകയാണ്.
പ്രദേശത്തെ കൊറോണ വ്യാപനത്തിനിടയിലും രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ ബലപരീക്ഷണം നടത്താനാണ് തുനിഞ്ഞത്. അല്ലെങ്കില്‍ സായുധ പോലീസിന് മുന്നില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിക്കാന്‍ ആവുമായിരുന്നില്ല. പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെങ്കിലും പഴിചാരല്‍ തുടരുകയാണ്. പൂന്തുറയിലെ ജനങ്ങള്‍ക്ക് ഉണ്ടായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നതിനേക്കാള് തങ്ങളുടെ ഗരിമ കാട്ടാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിച്ചത്. പെട്ടെന്നുള്ള ട്രിപ്പിള്‍ ലോക്ഡൗണ്‍ ജനങ്ങളെ ശരിക്കും ബുദ്ധിമുട്ടിച്ചു എന്നത് നേരു തന്നെയാണ്. തലേദിവസം ഞായറാഴ്ച ആയിരുന്നതിനാല്‍ പല കടകളും തുറന്നിരുന്നതുമില്ല. അതിനാല്‍ ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ കരുതുന്നതിന് കഴിഞ്ഞതുമില്ല. മാത്രമല്ല ഇവിടെ നിന്നും കോവിഡ് പോസിറ്റീവ് ആയി കൊണ്ടുപോയവരുടെ യാതൊരു വിവരവും ബന്ധുക്കള്‍ക്ക് കൈമാറാതിരുന്നതും ജനങ്ങളെ ആശങ്കയിലാക്കി. അതാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങാന്‍ അവരെ പ്രേരിപ്പിച്ചത്. ജനങ്ങളെ ഒരു പ്രത്യക്ഷസമരത്തിനിറക്കാതെ തന്നെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമായിരുന്നിട്ടും അതിനു ശ്രമിക്കാതെ എല്‍ഡിഎഫും യുഡിഎഫും പരസ്പരം ചേരിതിരിഞ്ഞ് മത്സരിക്കുകയായിരുന്നു. പ്രശ്നപരിഹാരം കാണുന്നതിനു പകരം ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചത്. പൊതുജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നം മനസ്സിലാക്കാനോ അത് പരിഹരിക്കാനോ ഉള്ള സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കാത്തതാണ് ഇവിടത്തെ യഥാര്‍ത്ഥ പ്രശ്നം.
തങ്ങളാണ് നിങ്ങളെ സഹായിക്കുന്നവര്‍ എന്ന് വരുത്തിതീര്‍ക്കാന്‍ ഇവര്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിന് ബലിയാടായത് പോലീസും ആരോഗ്യപ്രവര്‍ത്തകരും ഒപ്പം ഇവിടത്തെ ജനങ്ങളുമാണ്. ഒരു വിഭാഗം കല്ലേറു നടത്തുമ്പോള്‍ മറുഭാഗം പുഷ്പവൃഷ്ടിയുമായെത്തും. ഇതിനിടെ ബുദ്ധിമുട്ടുന്നത് ഇവിടത്തെ ജനങ്ങളാണ് എന്ന കാര്യം ഇരുകൂട്ടരും മറന്നു. പ്രശ്നങ്ങള്‍ ഒരു വിധം പരിഹരിച്ചപ്പോള്‍ അടുത്ത് തുടങ്ങി ഇടതുവലതു പക്ഷ നേതാക്കളുടെ വക പ്രസ്താവനാ യുദ്ധങ്ങള്‍.
മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മുന്‍ ആരോഗ്യമന്ത്രിയും വരെ പക്ഷം പിടിച്ചു പ്രസ്താവനകള്‍ ഇറക്കി. വിവാദ നായകനായ സിനിമാ സംവിധായകന് ആഷിഖ് അബു വരെ മാറിനിന്നില്ല. ഇരിക്കട്ടെ തന്റെ വക എന്ന അര്‍ത്ഥത്തില്‍ ഈ അവസരം ഉപയോഗിച്ചു എന്നു വേണം പറയാന്‍. പ്രശ്നങ്ങള്‍ പരിഹരിച്ചെങ്കിലും പ്രസ്താവനാ യുദ്ധങ്ങള്‍ ഇനിയും ശമിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ശമിക്കുമെന്ന് കരുതാനും വയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: